കോതാമ്മൂരിയാട്ടം

കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ഠാന കലാരൂപമാണ് കോതാമ്മൂരിയാട്ടം. ഉര്‍വരതാനുഷ്ഠാനമാണ് കോതമ്മൂരിയാട്ടം. ദേവലോകത്തെ ദിവ്യധേനുവാണ് ഗോദാവരി എന്നാണ് സങ്കല്പം. ഗോദാവരി ശബ്ദത്തിന്റെ ഗ്രാമ്യരൂപമാണ് കോതാമ്മൂരി. ഗോദാവരിയാട്ടമാണ് കോതാമ്മൂരിയാട്ടമായത്. മലയ സമുദായക്കാരാണ് പ്രധാനമായും കോതാമ്മൂരി കെട്ടുന്നത്. ചില സ്ഥലങ്ങളില്‍ പാണന്മാരും കോതമ്മൂരിയാട്ടം നടത്താറുണ്ട്.  

തുലാപ്പത്തിന് ശേഷമാണ് കോതമ്മൂരിയാട്ടം നടത്തുന്നത്. കൊയ്ത്ത് കഴിഞ്ഞ് ധനസമൃദ്ധി നേടിയ അവസരമാണിത്. കോതാമ്മൂരിത്തെയ്യവും പനിയന്മാരും വാദ്യക്കാരോടൊപ്പം വീടുകള്‍ തോറും ചെല്ലും. ആണ്‍കുട്ടികളാണ് കോതാമ്മൂരി കെട്ടുന്നത്. തെയ്യത്തിന് ഉപയോഗിക്കാറുള്ള ലളിതമായ മുഖത്തെഴുത്തും ചമയങ്ങളും ഉണ്ടാകും. മുഖത്ത് ചായില്യമണിയും. മുടി വൃത്താകാരത്തിലാണ്. പശുവിന്റെ ആകൃതിയിലുള്ള രൂപം അരയില്‍ ബന്ധിക്കും. കൂടെ രണ്ടോ നാലോ പനിയന്മാരും ഉണ്ടാകും. കുരുത്തോലച്ചമയവും മുഖപ്പാളയുമാണ് അവരുടെ വേഷം. ചെണ്ടയും വീക്കുമായി വാദ്യക്കാരും കൂടും. ഇവരുടെ കൂടെ പാട്ടുപാടാന്‍ സ്ത്രീകളും കാണും. 

കോതാമ്മൂരി സംഘം പാട്ടുപാടി തുള്ളി കളിക്കും. ഹരിനാരായണസ്തുതി, ശ്രീകൃഷ്ണസ്തുതി, അന്നപൂര്‍ണ്ണേശ്വരീചരിതം, മാടായിക്കാവിലമ്മസ്തുതി, പൊലിപ്പാട്ട് എന്നിവയാണ് സാധാരണ പാടാറുള്ളത്. ഗോദാവരിയും ശ്രീകൃഷ്ണനും തമ്മിലുള്ള ബന്ധം കോതാമ്മൂരിയാട്ടത്തിലും കാണാം. ശ്രീകൃഷ്ണനെ സ്തുതിച്ചു കൊണ്ടാണ് കോതാമ്മൂരിപ്പാട്ടുകള്‍ ആരംഭിക്കുന്നത്.

അത്യുത്തര കേരളത്തിലെ ജന വിഭാഗത്തിന്റെ ലോകവീക്ഷണവുമായി  ഇഴചേര്‍ന്നു രൂപംകൊണ്ട കോതാമ്മൂരിയാട്ടം ഇന്നു എതാണ്ട് അസ്തമിച്ചു വരികയാണ്.