കൊട്ടാരക്കര തമ്പുരാന്‍ സ്മാരക ക്ലാസിക്കല്‍ കലാമ്യൂസിയം

കഥകളിയെന്ന ശാസ്ത്രീയ കലാരൂപത്തിന്റെ പ്രണേതാവായ കൊട്ടാരക്കര തമ്പുരാന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സ്ഥാപിച്ച ഈ മ്യസിയം ക്ലാസ്സിക്കല്‍ കലകളുടെ സംരക്ഷണം കൂടി ലക്ഷ്യമിടുന്നു. മോഹിനിയാട്ടം, കഥകളി എന്നിവയിലെ മുദ്രകള്‍, പ്രയോഗങ്ങള്‍, അടവുകള്‍, നിലകള്‍ എന്നിവയോടൊപ്പം ഈ കലാരംഗത്തെ ആചാര്യന്മാര്‍ ഉപയോഗിച്ചിരുന്ന സ്വകാര്യ ഗ്രന്ഥങ്ങള്‍, ആടയാഭരണങ്ങള്‍ എന്നിവയും ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

കഥകളിയുടെ ഉപജ്ഞാതാവായ കൊട്ടാരക്കര തമ്പുരാന്റെ ജന്മഗൃഹത്തിലാണ് കൊട്ടാരക്കര തമ്പുരാന്‍ സ്മാരക മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. വേണാട് രാജവംശത്തിന്റെ ഒരു ശാഖയായ ഇളയിടത്തു സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു കൊട്ടാരക്കര. 350 -ലെറെ വര്‍ഷത്തെ പഴക്കമുള്ളതാണ് ഈ കോവിലകക്കെട്ട്. പ്രസിദ്ധമായ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തോട് ചേര്‍ന്നാണ് കേരളീയ ശൈലിയില്‍ തീര്‍ത്ത കൊട്ടാരം സ്ഥിതിചെയ്യുന്നത്.

1983 ലാണ് കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ ക്ലാസ്സിക്കല്‍ കലാ മ്യൂസിയം ആരംഭിക്കുന്നത് 2010 ഏപ്രില്‍ 15 ന് മ്യൂസിയം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കൊട്ടാരത്തിലേക്ക് മാറ്റി. അഞ്ച് ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്. ക്ലാസ്സിക്കല്‍ കലകള്‍ക്ക് പ്രത്യേകിച്ച് കഥകളിക്ക് പ്രാധാന്യം നല്‍കിയാണ് പ്രദര്‍ശന ക്രമീകരണം. നാട്യകരണ മുദ്രകളുടെ ഗ്യാലറി, കഥകളിച്ചമയങ്ങളുടെ (കോപ്പുകള്‍) ഗ്യാലറി, നാണയ ഗ്യാലറി, ശില്‍പ്പ ഗ്യാലറി, മഹാ ശിലായുഗ ഗ്യാലറി എന്നിവയാണിവിടെയുള്ളത്. പഞ്ചമുഖ മിഴാവ് ഉള്‍പ്പെടെ അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പ്രദര്‍ശന വസ്തുക്കള്‍ ഇവിടെയുണ്ട്.

പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശനം സൗജന്യം