കോയിക്കല്‍ കൊട്ടാരം



1677 നും 1684 നും മദ്ധ്യേ തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വേണാടു രാജകുടുംബാംഗമായ ഉമയമ്മറാണിക്കു വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണ്, നടുത്തളവും ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടു കൂടിയതുമായ നാലുകെട്ടു മാതൃകയിലുള്ള കോയിക്കല്‍ കൊട്ടാരമെന്ന ഇരുനില കെട്ടിടം. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഒരു ഫോക് ലോര്‍ മ്യൂസിയവും പൗരാണിക നാണയങ്ങളുടെ മറ്റൊരു മ്യൂസിയവും ഇരുനിലകളിലായി ഇന്നീ കൊട്ടാരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1992 - ലാണ് മ്യൂസിയം സ്ഥാപിതമായത്.

തിരുവിതാംകൂറിന്റെ മാത്രമല്ല, ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ വിവിധകാലഘട്ടങ്ങളില്‍ നിലവിലിരുന്ന ഒട്ടേറെ നാണയങ്ങളുടെ ശേഖരം ഒന്നാം നിലയിലെ നാണയ ദൃശ്യ മന്ദിരത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി കേരളത്തിനു പണ്ടു കാലത്തുണ്ടായിരുന്ന വ്യാപാരബന്ധങ്ങളുടെ തെളിവുകളാണീ നാണയങ്ങള്‍. അതുപോലെ ഒറ്റപ്പുത്തന്‍, ഇരട്ടപ്പുത്തന്‍, കലിയുഗരായന്‍ പണം എന്നീ നാണയങ്ങള്‍ കേരളത്തില്‍ പണ്ടു പ്രചാരത്തിലുണ്ടായിരുന്നവയാണ്. ഇവിടെ സൂക്ഷിച്ചിട്ടുള്ള 'കാര്‍ഷ പണം'മെന്ന പേരിലറിയപ്പെടുന്ന നാണയം ഇന്ത്യയിലാകെ വിനിമയം ചെയ്യപ്പെട്ടിരുന്നവയാണ്. ഗ്വാളിയര്‍ രാജകുടംബത്തിന്റെയും ഹൈദരബാദ് നിസാമിന്റെയും, ടിപ്പുസുല്‍ത്താന്റെയും കാലത്തെ നാണയങ്ങളും ഇവിടെ കാണാവുന്നതാണ്. 10 -ാം നൂറ്റാണ്ടില്‍ കേരളത്തിലെ നാട്ടുരാജാക്കന്മാരുടെ ഭരണത്തിന്‍ കീഴില്‍ പ്രചാരത്തിലിരുന്ന ശ്രീകൃഷ്ണരാശിയും, 15 -17 നൂറ്റാണ്ടുകളില്‍ തിരുവിതാംകൂറിലുണ്ടായിരുന്ന ആദ്യത്തെ സ്വര്‍ണ്ണനാണയമായ അനന്തരായന്‍ പണവും കൊച്ചിരാജ്യത്തിലെ കൊച്ചിപുത്തനും അതിന്റെ തന്നെ മറ്റൊരു വകഭേദമായ ഇന്തോ-ഡച്ചു പുത്തനും തിരുവിതാകൂറിന്റെ വെള്ളിനാണയമായ ലക്ഷ്മിവരാഹനുംവും നൂറുമുതല്‍ ഇരുന്നൂറുവരെ രാശികള്‍ ഒരുമിച്ചെണ്ണാവുന്ന മരത്തില്‍ നിര്‍മ്മിച്ച രാശിപലകയും, കമ്മട്ടവും ഇവിടെ സൂക്ഷിക്കപ്പെട്ട അമൂല്യ വസ്തുക്കളാണ്.

374 റോമന്‍ സ്വര്‍ണ്ണനാണയങ്ങളുടെ ശേഖരം മറ്റൊരു അത്ഭുത കാഴ്ചയാണ്. ഈ നാണയങ്ങളില്‍ വീനസ്, ഹെര്‍ക്കുലീസ്, മാര്‍സ്, കൃഷി- ധാന്യ ദേവതയായ സിയെരിസ്, ജീനിയസ് ദേവത എന്നിവരുടെ ചിത്രങ്ങള്‍ മുദ്രണം ചെയ്യപ്പെട്ടിട്ടുണ്ട്.
 

രണ്ടാം നിലയിലെ ഫോക് ലോര്‍ മ്യൂസിയത്തില്‍ പഴയകാലത്തെ കൗതുകകരങ്ങളായ മരം, ചെമ്പ്, പിച്ചള എന്നിവയാല്‍ നിര്‍മ്മിച്ച അടുക്കള സാമാനങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. താളിയോലകള്‍, മരവുരികള്‍ എന്നിവയ്‌ക്കൊപ്പം മറ്റു ചില അപൂര്‍വ്വ വസ്തുക്കളുമുണ്ടിവിടെ. അതിലൊന്ന് യോഗികള്‍ ഉപേയാഗിച്ചിരുന്നെന്ന് പറയപ്പെടുന്ന, ബുദ്ധി പരീക്ഷയ്ക്കുള്ള ഒരു സൂത്രപ്പണിയായ ഊരാക്കുടുക്കാണ്. പണ്ടുകാലത്ത് സന്ധ്യാനേരങ്ങളില്‍, പ്രത്യേകിച്ച് കൊയ്ത്തുകാലത്ത് കൊളുത്തിവയ്ക്കാറുള്ള ഗജലക്ഷ്മിവിളക്ക് എടുത്തു പറയേണ്ട ഒരു കാഴ്ച വസ്തുവാണ്. നിറം പിടിപ്പിച്ച കടലാസും ഘനം കുറഞ്ഞ മരച്ചീളുകളുമുപയോഗിച്ച് കലാവിരുതോടെ നിര്‍മ്മിച്ച കെട്ടുവിളക്ക് തെക്കന്‍ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളില്‍ പണ്ട് ഉത്സവകാലത്ത് തെളിക്കാറുണ്ടായിരുന്നു. ഈ കെട്ടു വിളക്കിനും ഇന്നു സ്ഥാനം ഈ മ്യൂസിയത്തില്‍ തന്നെ. എല്ലാറ്റിനുമുപരി ചില തെയ്യങ്ങളുടെ ചെറുമാതൃകകളും ഇവിടെ കാണാം -മുത്തപ്പന്‍ തെയ്യം, പടയണിക്കോലം, ഓട്ടന്‍ തുള്ളല്‍ കലാകാരന്മാരുടെ കിരീടം, ആടകള്‍ എന്നിവ ആരെയും ആകര്‍ഷിക്കുന്നതാണ്. രാമകഥപാട്ടുകാര്‍ അകമ്പടിവാദ്യമായി ഉപയോഗിച്ചിരുന്ന ചന്ദ്രവളയമെന്ന വാദ്യം ഈ മ്യൂസിയത്തിലെ അമൂല്യ വസ്തുക്കളില്‍ ഒന്നാണ്.

പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ

പ്രവേശന നിരക്കുകള്‍

മുതിര്‍ന്നവര്‍   20.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)   05.00 രൂപ
ക്യാമറ   40.00 രൂപ
വീഡിയോ ക്യാമറ  500.00 രൂപ