കൃഷ്ണനാട്ടം

കോഴിക്കോട് മാനവേദ രാജാവ് രൂപപ്പെടുത്തിയ നൃത്തശില്‍പം. ജയദേവ കവിയുടെ പ്രശസ്തമായ ഗീതഗോവിന്ദമെന്ന രചനയെ അടിസ്ഥാനമാക്കി മാനവേദ രാജാവ് രചിച്ച 'കൃഷ്ണഗീതി'യാണ് പിന്നീട് അദ്ദേഹം തന്നെ കൃഷ്ണനാട്ടമാക്കി ചിട്ടപ്പെടുത്തിയത്.

ശ്രീകൃഷ്ണന്റെ അവതാരം മുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള കഥ എട്ടു ഭാഗങ്ങളായി തിരിച്ച് അവതരിപ്പിക്കുന്നു. പണ്ട് ഇത് എട്ടു ദിവസങ്ങളിലായി അവതരിപ്പിച്ചിരുന്നു. ഈ കലാരൂപത്തില്‍ വാചികാഭിനയം തീരെ ഇല്ല. പിന്നണിയില്‍ നിന്ന് രണ്ടു ഗായകര്‍ പാടുന്നതിനനുസരിച്ചാണ് കഥ നീങ്ങുന്നത്.

മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവയാണ് പശ്ചാത്തലത്തില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍. വര്‍ണ്ണ ഭംഗിയുള്ള വേഷവിധാനവും മുഖത്തെഴുത്തും കൃഷ്ണനാട്ടത്തിനുമുണ്ട്.