കൃഷ്ണപുരം കൊട്ടാരം

സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴില്‍ ഒരു ചരിത്ര സ്മാരകമായി ഇന്നു സംരക്ഷിക്കപ്പെടുന്ന കൃഷ്ണപുരം കൊട്ടാരം സ്ഥിതിചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ കായംകുളത്താണ്. കൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും ഇതിനടുത്തു തന്നെയാണ്. കായംകുളം രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഇവിടം. കൊട്ടാരത്തിന്റെ നിര്‍മ്മാണം നടന്ന കാലഘട്ടം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കാലാന്തരത്തില്‍ കൊട്ടാരത്തിന്റെ അനുബന്ധ കെട്ടിടങ്ങളും മറ്റും നശിക്കപ്പെട്ടതായിട്ടാണു കാണുന്നത്. പ്രധാനസൗധം മാത്രമേ ഇന്നവശേഷിക്കുന്നുള്ളു. കൃഷ്ണപുരം കൊട്ടാരത്തിന്റെ രാജകീയപ്രൗഢിക്കു മങ്ങലേല്‍ക്കുന്നത് തിരുവിതാംകൂര്‍ രാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കുമ്പോഴാണ് 1762-ല്‍ കൊട്ടാരം അറ്റകുറ്റപണികള്‍ നടത്തുകയും തകര്‍ച്ച നേരിട്ടുകൊണ്ടിരുന്ന ചുറ്റുമുള്ള കോട്ടകളും മറ്റും ഇടിച്ചു നീക്കം ചെയ്തതായും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു.

ത്രികോണാകൃതിയിലുള്ള മുഖപ്പുകളോടുകൂടിയ മേല്‍ക്കൂരയും കനത്ത വാതില്‍പ്പടികളും വീതികുറഞ്ഞ ഇടനാഴികളുമെല്ലാം കേരളീയ വാസ്തുശൈലിക്കനുസൃതമാണ്. ഇവിടെയുള്ള ഗജേന്ദ്രമോക്ഷത്തിന്റെ കഥവിവരിക്കുന്ന ചുമര്‍ചിത്രം ആരെയും ആകര്‍ഷിക്കുന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ ഒറ്റ പാനല്‍ ചുമര്‍ ചിത്രവും ഇതു തന്നെ. പുരാവസ്തുക്കളും, ശില്പങ്ങളും, ചിത്രങ്ങളും, പുരാതനകാലത്തെ ആയുധങ്ങളും ശിലാശാസനങ്ങളും, പുരാതനനാണയങ്ങളും ഒക്കെ ഉള്‍പ്പെടുന്ന ഒരു മ്യൂസിയം കൂടിയാണ് ഇന്ന് കൃഷ്ണപുരം കൊട്ടാരം.

പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ

പ്രവേശന നിരക്കുകള്‍

മുതിര്‍ന്നവര്‍   20.00 രൂപ
കുട്ടികള്‍ (5-12 വയസ്സ്)   05.00 രൂപ
ക്യാമറ   40.00 രൂപ
വീഡിയോ ക്യാമറ  400.00 രൂപ