കുളത്തൂര്‍ ലിഖിതം

കോഴിക്കോടിന് 14 നാഴിക വടക്കുകിഴക്കുള്ള കുളത്തൂരിലെ കുളത്തൂരപ്പന്‍ ക്ഷേത്രമുറ്റത്തെ കരിങ്കല്‍ ഫലകത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വട്ടെഴുത്ത് ലിഖിതം. 19 വരികളുണ്ടിതില്‍. ആദ്യത്തെ ഏഴെട്ടക്ഷരം തേഞ്ഞു പോയിരിക്കുന്നു. നിരവിവര്‍മനായ മനുകൂലാദിത്യപ്പെരുമാള്‍ക്ക് മുപ്പത്തെട്ടാണ്ടു ചെന്ന കാലത്ത് വേണാട്ടടികള്‍ കുളത്തൂരപ്പനു നല്‍കിയ ഒരു വഴിപാടിന്റെ വിവരം, കുളത്തൂരിലെ ഊര് എന്ന യോഗവും പൊതുവാളും അരുളി ചെയ്തതുകൊണ്ട് കുഞ്ഞിക്കോതവര്‍മനായ കുറുമ്പുറൈ (കുറുമ്പ്രനാട്ടുരാജാവ്) കല്ലില്‍ എഴുതി വയ്പ്പിച്ചു എന്നതാണ് ലിഖിത സാരം. ജൂതശാസനത്തിന്റെ ദാതാവായ ഭാസ്കരരവി (പാക്കരനിരവിവര്‍മ്മ) യാകാം ഈ ശാസനത്തിലെ മനുകൂലാദിത്യപ്പെരുമാള്‍ എന്നു കരുതുന്നു. എ.ഡി. 962-ല്‍ ഇദ്ദേഹം ഭരണം ആരംഭിച്ചതിനാല്‍ ലിഖിതകാലം (38ാം ഭരണവര്‍ഷം) എ.ഡി. 1000 ആണ്. ജൂതശാസനത്തിന്റെ അതേ വര്‍ഷമാണ്  കുളത്തൂര്‍ ലിഖിതത്തിന്റെയും വര്‍ഷമെന്നതിനാല്‍ വേണാട്ടടികള്‍ ഗോവര്‍ദ്ധനമാര്‍ത്താണ്ഡനായിരിക്കുമെന്ന് കണക്കാക്കാം.