വേമ്പനാട് കായലിന്റെ ദൃശ്യ വശ്യതയില്‍ തരംഗം സൃഷ്ട്ടിച്ചുകൊണ്ടു പായുന്ന ചുണ്ടന് വള്ളങ്ങള്‍ കണ്ടിരിക്കേണ്ട കാഴ്ചതന്നെയാണ്. അത്തരമൊരു കാഴ്ചയാണ് കുമരകം കുറ്റതോടില് ശ്രീ നാരായണ ഗുരു ജയന്തി ദിവസം അരങ്ങേറുന്ന ശ്രീനാരായണ ജയന്തി വള്ളംകളി അധവാ കുമരകം ജലോത്സവം. ആയിരത്തില്‍ അധികം വരുന്ന തുഴക്കാരുടെ ആവേശത്തിനും ആഹ്ലാദത്തിനും ചിങ്ങത്തിലെ ചതയം നാള് സാക്ഷ്യം വഹിക്കുന്നു. ഉച്ചത്തിലുള്ള ആര്‍പ്പുവിളികളാലും താളപെരുമയാര്ന്ന വഞ്ചിപ്പാട്ടുകളാലും ആവേശത്തില്‍ ആറാടി നില്ക്കുന്നൊരു അന്തരീക്ഷമാണ് കുമരകം ജലോത്സവം. കുമരകം വള്ളം കളിയില്‍ കൂടുതലായും ഇരുട്ടുകുത്തി വള്ളങ്ങളാണ് പങ്കെടുക്കാറുളളത്.
ശ്രീ നാരായണ ഗുരു വള്ളംകളിക്ക് ചരിത്ര പ്രാധാന്യമായ പാരമ്പര്യം കൂടിയുണ്ട്. 1903-ല്‍ ശ്രീ നാരായണഗുരു കുമരകത്തേയ്ക്ക് ആലപ്പുഴയില്‍ നിന്നും വള്ളത്തില്‍ ഘോഷയാത്രയുടെ അകമ്പടിയോടെ എത്തുകയും കുമാരമംഗലം ക്ഷേത്രത്തില്‍ സുബ്രഹ്മണ്യ പ്രതിഷ്ഠ നടത്തുകയും ഉണ്ടായി. അദ്ദേഹത്തിന്റെ വരവിന്റെ ഓര്‍മ്മക്കായാണ് എല്ലാ വര്‍ഷവും വള്ളംകളി നടത്തിപോരുന്നത്.