പ്രശസ്ത കവി കുമാരനാശാനു സ്മാരകം പണിയാനുള്ള തീരുമാനം 1958-ല്‍ കായിക്കരയില്‍ നടന്ന ജന്മദിനാഘോഷവേളയിലാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. കേരളത്തിലാദ്യമായി ഒരു കവിയുടെ ഭവനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതും അന്നാണ്.
ആശാന് മ്യൂസിയം
ആശാന്റെ ഒട്ടു മിക്ക കൃതികളുടെയും കൈയെഴുത്തു പ്രതികളും ഇംഗ്ലീഷ് ഭാഷയില്‍ ദിനസരിക്കുറിപ്പുകള്‍ രേഖപ്പെടുത്തിയ ഡയറികളും എഴുത്തു കുത്തുകളും സംസ്ഥാനപുരാസ്തുവകുപ്പിന്റെ ചുമതലയില്‍ രാസസംരക്ഷണം നടത്തി പൊതുജനങ്ങള്‍ക്കു വേണ്ടി പ്രദര്‍ശിപ്പിച്ചിരുന്നു. ബോട്ടപകടത്തില്‍ മരിക്കുന്ന സമയത്ത് ആശാന് കൈവശം കരുതിയിരുന്ന കരുണ ഖണ്ഡകാവ്യത്തിന്റെ ആറ്റുവെള്ളത്തില് കുതിര്‍ന്ന മഷി പടര്‍ന്ന താളുകളോടു കൂടിയ നോട്ടു പുസ്തകവും ഷോകേയ്സില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വെയ്ല്‍സ് രാജകുമാരന് സമ്മാനിച്ച പട്ടും പഴയ രൂപമാതൃകയില്‍ പുതുക്കി പണിത തങ്കവളയും പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്.
ചുമര്‍ചിത്രകലാമ്യൂസിയം
ഏഷ്യയിലെ ഏറ്റവും വലിയ ചുമര്‍ചിത്രകലാ മ്യൂസിയം ഇവിടെയാണ്. വീണപൂവ്, ലീല, ചിന്താവിഷ്ടയായ സീത, ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ, കരുണ തുടങ്ങിയ കാവ്യങ്ങളെ ആധാരമാക്കി ഗുരുവായൂര്‍ ചുമര്‍ചിത്രകലാ അക്കാദമിയില്‍ ഗുരു മമ്മിയൂര്‍ കൃഷ്ണന്‍കുട്ടി ആശാനില്‍ നിന്ന് നേരിട്ടു പരിശീലനം സിദ്ധിച്ചവരും പ്രശസ്ത ചുമര് ചിത്രകലാകാരന്മാരുമാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
പ്രസിദ്ധീകരണ വിഭാഗം
ആശാന് കൃതികളുടെ ആധികാരിക പതിപ്പുകള്‍ക്കു പുറമേ ആശാന്റെ ആധികാരിക ജീവചരിത്രം, പഴയകാലമാസികകളിലും മറ്റുമായി ചിതറിക്കിടക്കുന്ന ആശാന്റെ ഗദ്യലേഖനങ്ങളുടെ സമാഹാരം മൂന്നുഭാഗങ്ങള്‍ തുടങ്ങിയവയും ഇവിടെ നിന്നു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കുമാരനാശാന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.