കുറിച്യരുടെ കുംഭപ്പാട്ട്

കേരളത്തിലെ പ്രധാന ആദിവാസി വിഭാഗമാണ് കുറിച്യര്‍. വയനാട്ടിലും, കണ്ണൂര്‍ ജില്ലയിലെ കണ്ണവം വനമേഖലയിലുമാണ് കുറിച്യര്‍ താമസിക്കുന്നത്. കൃഷിയും നായാട്ടും കന്നുകാലി വളര്‍ത്തലുമാണ് കുറിച്യരുടെ പ്രധാന ഉപജീവന മാര്‍ഗം. അസ്ത്രപ്രയോഗത്തില്‍ വിദഗ്ദ്ധരാണ് കുറിച്യര്‍. പഴശ്ശി രാജാവുമായി കുറിച്യര്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി പഴശ്ശി രാജാവ് നടത്തിയ സമരത്തില്‍ കുറിച്യര്‍ സംഘടിതമായി പങ്കെടുത്തതായി ചരിത്രരേഖകള്‍ പറയുന്നു.  തിരണ്ടു കല്ല്യാണത്തിനും താലികെട്ടു കല്ല്യാണത്തിനും കുറിച്യര്‍ക്ക് പ്രത്യേക ചടങ്ങുകളുണ്ട്. മരണാനന്തര ചടങ്ങുകളുടെ ഭാഗമായി പുലകുളിയും പ്രശ്നഹാരിയുടെ നേതൃത്വത്തില്‍ നട്ടം കുഴിച്ചെടുക്കല്‍ കര്‍മ്മങ്ങളും നടത്തും. മരിച്ചു കിടന്ന സ്ഥലത്തു നിന്ന് അല്പം മണ്ണ് എടുത്തുകൊണ്ട് കാര്‍മ്മികന്റെ നേതൃത്വത്തില്‍ നടത്തുന്ന ചടങ്ങാണിത്. മന്ത്രവാദത്തില്‍ വലിയ വിശ്വാസമാണ് കുറിച്യര്‍ക്ക്. 

മകരസംക്രമത്തിന് നടത്തുന്ന ഉച്ചാല്, കൃഷി ചെയ്തുണ്ടാക്കിയ പുതിയ നെല്ലരി ആദ്യമായി പാകം ചെയ്തു കഴിക്കുന്ന പുത്തരി, തിരുവോണം എന്നിവയാണ് കുറിച്യരുടെ മറ്റു പ്രധാന ആഘോഷങ്ങള്‍. കണ്ണൂരിലെ വനമേഖലയിലെ വിശ്വാസ പ്രക്രിയയുമായി കുറിച്യര്‍ക്ക് ബന്ധമുള്ളതായി കാണാം. മുത്തപ്പന്റെ ആരൂഢസ്ഥാനമായ പുരളിമല ക്ഷേത്രവുമായി കുറിച്യര്‍ക്ക് അഭേദ്യമായ ബന്ധമുണ്ട്. കൊട്ടിയൂരിലെ സ്വയംഭൂവായ ശിവലിഗം കണ്ടെത്തിയത് ഒരു കുറിച്യനാണെന്നാണ് വിശ്വാസം. 

കുറിച്യരുടെ ഒരോ തറവാടിനും ഓരോ കുലദൈവമുണ്ട്. ഒരോ ദൈവത്തിന്റേയും തിറ കെട്ടിയാടാറുണ്ട്. മലക്കാരിയാണ് കുറിച്യരുടെ പ്രധാന ആരാധനാ മൂര്‍ത്തി. അമ്പും വില്ലുമാണ് ഈ ദൈവത്തിന്റെ ആയുധം. ദുഷ്ടജീവികളില്‍ നിന്നും ദുര്‍ദേവതകളില്‍ നിന്നും കുറിച്യരെ രക്ഷിക്കുന്നത് മലക്കാരിയാണെന്നാണ് ഇവരുടെ വിശ്വാസം. മലക്കാരിയുടെ തിറ കെട്ടിയാടിക്കാറുണ്ട്. മലക്കാരി തിറക്കുള്ള പ്രധാന ചടങ്ങാണ് കുംഭപ്പാട്ട്. കാട്ടില്‍ നിന്നും ഏഴു് മുട്ടുള്ള മുള വെട്ടി കൊണ്ടുവന്ന് അതില്‍ ദ്വാരമുണ്ടാക്കി കള്ള് നിറക്കും. കള്ളു് നിറച്ചതിന് ശേഷം ചൂരല്‍ കൊണ്ട് കെട്ടി വെക്കും. മലക്കാരിക്കുള്ള നിവേദ്യമാണിത്. നിവേദ്യം തിറ സ്വീകരിക്കുന്നതോടെ പാട്ട് ആരംഭിക്കും. തുടര്‍ന്ന് പാടുന്ന പാട്ടാണ് കുംഭപ്പാട്ട്.

കുറിച്യരുടെ ഇടയില്‍ പ്രചാരമുള്ള തനി നാടന്‍ ഭാഷയിലാണ് പാട്ട്. പ്രത്യക താളവും ഇതിനുണ്ട്.
മലക്കാരിയുടെ അവതാരകഥ പാട്ടില്‍ വിശദീകരിക്കുന്നതായി കാണാം. ചെണ്ടയാണ് പ്രധാന വാദ്യമായി ഉപയോഗിക്കുന്നത്. പ്രത്യേക താളത്തിലാണ് വാദ്യം ഉപയോഗിക്കുന്നത്. കുറിച്യരുടെ ഗോത്രജീവിതത്തോടൊപ്പം കണ്ണൂര്‍-വയനാട് പ്രദേശത്തെ സാമൂഹ്യ ജീവിതത്തിന്റെ നിഴല്പാടുകളും ഈ പാട്ടുകളില്‍ ദര്‍ശിക്കാം.