കുമ്മാട്ടിക്കളി
മകരം, കുംഭം മാസങ്ങളില്‍ പുറപ്പെടുന്ന കുമ്മാട്ടിയുടെ കളി കാര്‍ഷികോത്സവമായാണ് കണക്കാക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പ്രചാരത്തിലുള്ളത്. ചിലയിടങ്ങളില്‍ ഇത് അനുഷ്ഠാന കലയാണ്. തൃശ്ശൂരില്‍ ഓണക്കാലത്തെ ഒരു വിനോദമായാണ് പരിഗണിച്ചു വരുന്നത്.

പാലക്കാട് ജില്ലയില്‍ ചില പ്രദേശങ്ങളില്‍ മണ്ണാന്മാരാണ് ഇതു കളിക്കുന്നത്. തൃശ്ശൂരിലാവട്ടെ പണ്ടു നായന്മാരാണു കളിച്ചിരുന്നെങ്കിലും ഇന്നു സമുദായഭേദമില്ല. വടക്കുനാഥന്റെ ആജ്ഞയനുസരിച്ച് ശിവഭൂതങ്ങള്‍ നര്‍ത്തനം ചെയ്യുന്നു എന്നതാണ് കുമ്മാട്ടി കളിക്ക് പിന്നിലെ സങ്കല്പമെന്നും വിശ്വാസമുണ്ട്.
 

പാലക്കാട്ട് മീനമാസത്തിലെ കറുത്തവാവിനു ശേഷം വരുന്ന ചൊവ്വാഴ്ച കഴിഞ്ഞുള്ള വ്യാഴാഴ്ചയാണ് കുമ്മാട്ടി നടത്തുക. ദേശക്കാര്‍ യോജിച്ചാണ് ഉത്സവം. നായര്‍യുവാക്കള്‍ തലേന്നു പൂവുശേഖരിച്ചു പൂവിളിയോടെ വന്നുചേരും. നൊച്ചിക്കോലും പൂക്കളും കൊണ്ട് പിറ്റേന്ന് മുടിവരിയും.  അറ്റത്തു വാഴക്കൂമ്പു പിടിപ്പിക്കും. കമുങ്ങിന്‍പൂക്കളും അണിയും. ഇങ്ങനെയുള്ള അനേകം തട്ടുകള്‍ ചിലപ്പോള്‍ ഉണ്ടാകും. വെളിച്ചപ്പാടിന്റെ സാന്നിധ്യത്തിലാണ് എഴുന്നള്ളിക്കുന്നത്. പിറ്റേന്നു പുലരുന്നതിനുമുമ്പു പ്രത്യേകസ്ഥലത്തുചെന്ന് മുടിയണിയും. പിന്നീടു മുടിക്കാരും വെളിച്ചപ്പാടും ആഘോഷപൂര്‍വ്വം ക്ഷേത്രത്തിലേയ്ക്കു വന്നു നൃത്തം ചവിട്ടും. വെടിക്കെട്ടോടെ സമാപിക്കും.

ചെണ്ടയാണ് മുഖ്യവാദ്യം. തൃശ്ശൂരില്‍ നാഗസ്വരവും വില്ലും ഉപയോഗിക്കും. കമുകിന്‍പാള കൊണ്ടുള്ള മുഖമണിഞ്ഞ അനേകം വേഷങ്ങള്‍ ഉണ്ടാകും. ഇപ്പോള്‍ മുരിക്കാണ് ഉപയോഗിക്കുന്നത്. ചില കായകളുടെയും മരങ്ങളുടെയും കറയാണ് ചായമിടാന്‍ ഉപയോഗിച്ചിരുന്നത്. ശരീരം മുഴുവന്‍ പര്‍പ്പടകപ്പുല്ല് വച്ചുകെട്ടും. ഈ പുല്ലിന് കുമ്മാട്ടിപ്പുല്ല് എന്നും പേരുണ്ട്. വാഴയിലയും ഉപയോഗിക്കും. തള്ളക്കുമോട്ട, ശ്രീകൃഷ്ണന്‍, ദാരികന്‍, നാരദന്‍, മഹാബലി, മഹാവിഷ്ണു, ശിവഭൂതങ്ങളായ കുംഭന്‍, കുംഭോദരന്‍, പളുങ്കുവയറന്‍, ബാലി, സുഗ്രീവന്‍, ഹനുമാന്‍ തുടങ്ങിയ അനേകം വേഷങ്ങള്‍ തൃശ്ശൂരിലെ കുമ്മാട്ടിയിലുണ്ട്. സംഘത്തില്‍പ്പെട്ട മറ്റുള്ളവര്‍ പാടി വീടുകളില്‍ ചെന്നാണ് കുമ്മാട്ടികള്‍ കളിക്കുന്നത്.