കുഞ്ഞാലി മരയ്ക്കാര്‍ സ്മാരകം, വടകര

പോര്‍ട്ടുഗീസുകാര്‍ ഇന്ത്യയിലെത്തിയ കാലഘട്ടത്തില്‍ കേരള തീരത്തെ നാവിക ശക്തിയായിരുന്നു സാമൂതിരിമാര്‍. സാമൂതിരിയുടെ നാവികസേനയുടെ നായകരായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ സ്മരണ നിലനിര്‍ത്തുന്നതിനായി കോഴിക്കോട് ജില്ലയിലെ വടകരയ്ക്കടുത്ത് കൊയിലാണ്ടി താലൂക്കിലെ ഇരിങ്ങലില്‍ സംസ്ഥാന പുരാവസ്തു വകുപ്പ് ഒരു സ്മാരകം സംരക്ഷിച്ചു പോരുന്നു. കുഞ്ഞാലി മരയ്ക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു പുരാതന ഭവനത്തിന്റെ ചെറിയ ഭാഗമാണിത്. ഒരു തളവും, മൂന്ന് മുറികളും, വരാന്തയും അടങ്ങുന്നതാണ് ഈ കെട്ടിടം. കുഞ്ഞാലിമരയ്ക്കാരുമായി ബന്ധപ്പെട്ടതായി അവശേഷിക്കുന്ന ഏക ഭവന ഭാഗമാണിത്.

സ്മാരകത്തോട് ചേര്‍ന്നാണ് മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. വാളുകള്‍, പീരങ്കി ഉണ്ടകള്‍, നന്നങ്ങാടികള്‍, നാണയങ്ങള്‍ തുടങ്ങി ഒട്ടേറെ പുരാവസ്തുക്കള്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിരിക്കുന്നു. കുഞ്ഞാലി സ്മാരകത്തിന് വിളിപ്പാടകലെയാണ് സംരക്ഷിത സ്മാരകമായ കോട്ടക്കല്‍ വലിയ ജുമാഅത്ത് പള്ളി. തനത് കേരളീയ വാസ്തുശില്‍പ ശൈലിയിലുള്ള കെട്ടിടമാണിത്. കുഞ്ഞാലി മരയ്ക്കാര്‍ പോര്‍ട്ടുഗീസുകാരില്‍നിന്നും പിടിച്ചെടുത്ത വാളും, സിംഹാസനത്തിന്റെ ഭാഗവും, പീരങ്കി ഉണ്ടകളുമെല്ലാം ഈ പള്ളിയില്‍ സൂക്ഷിച്ചിരിക്കുന്നു.