കുറുംകുഴല്‍

കേരളീയ സുഷിര വാദ്യോപകരണമാണ് കുറുംകുഴല്‍. മുഖവീണ എന്നും പേരുണ്ട്. നാഗസ്വരത്തിന് സമാനമാണ് കുറുംകുഴല്‍. നീളത്തില്‍ മാത്രമേ വ്യത്യാസമുളളു. നാഗസ്വരത്തിന് നീളം  കൂടുതലാണ്. അതിനാല്‍ നാഗസ്വരത്തെ നെടുംകുഴല്‍ എന്നും പറയുന്നു.ചില പ്രത്യേകയിനം മരങ്ങളുടെ തടി കടഞ്ഞെടുത്താണ് ഈ വാദ്യോപകരണം ഉണ്ടാക്കുന്നത്. കുറുംകുഴിലെ  ശ്രുതിക്കുഴലില്‍ സുഷിരം കാണില്ല. ഊതുന്ന മുരടും കാളവും വെങ്കലത്തില്‍ കെട്ടിച്ചിരിക്കും. ഒരു തരം പുല്ലാണ് മുരടില്‍ ഊതാന്‍ വേണ്ടി ഉപയോഗിക്കുന്നത്.

നാഗസ്വരം ഒരു ഗാനവാദ്യമായി ഉപയോഗിക്കുമെങ്കിലും ധ്വനിമാധുര്യം  കുറയുമെന്നതിനാല്‍ കുറുംകുഴല്‍ ഗാനവാദ്യമായി ഉപയോഗിക്കാറില്ല. അതൊരു താളവാദ്യമാണ്. പാണ്ടി, പഞ്ചാരി തുടങ്ങിയ ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം, കൂടിയാട്ടം  എന്നിവയില്‍ കുറുംകുഴല്‍ ഉപയോഗിക്കുന്നു. പറയജാതിക്കാര്‍ പൂതംകെട്ടി കളിക്കുമ്പോഴും കുറുംകുഴല്‍ ഉപയോഗിക്കുന്നു. ചെണ്ടമേളങ്ങളില്‍ ഓരോ ചെണ്ടക്കാരനും അഭിമുഖമായി നിന്നാണ് കുറുംകുഴലുകാരന്‍ പ്രകടനം നടത്തുന്നത്. ഉത്തരേന്ത്യന്‍വാദ്യമായ ഷഹണായിക്ക് കുറുംകുഴലിനോട് സാമ്യമുണ്ട്.

പൂജാവേളയില്‍ നാലമ്പലത്തിന് പുറത്തുനിന്നു മാത്രമേ കുറുംകുഴല്‍ ഊതാന്‍ പാടുളളൂ. കുഴലൂതുമ്പോള്‍ ഉമിനീര്‍ ഇറ്റു വീഴുന്നതിനാലാണ് ഈ നിരോധനം.