ഭദ്രകാളീ ക്ഷേത്രത്തില്‍ നടത്തുന്ന അനുഷ്ഠാനാത്മകമായ കലാരൂപമാണ് കുത്തിയോട്ടം. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് ഈ അനുഷ്ഠാനത്തിന് പ്രചാരം.
കുംഭ മാസക്കാലത്താണ് കുത്തിയോട്ടം നടത്തുന്നത്. ചില സ്ഥലങ്ങളില്‍ ഇത് സംബന്ധിച്ചുള്ള അനുഷ്ഠാനങ്ങള്‍ ഏഴുദിവസം മുന്‍പേ ആരംഭിക്കും. ആദ്യമായി പന്തലിട്ട് ദേവീസ്ഥാനം ഒരുക്കും. പന്തലില്‍ ആലില, മാവില, കവുങ്ങിന് പൂക്കുല, കുരുത്തോല എന്നിവ തൂക്കി അലങ്കരിക്കും. ഈ പന്തലില്‍ വച്ച് കുത്തിയോട്ടത്തിന് ഒരുങ്ങുന്ന കുട്ടികളെ നൃത്തച്ചുവടുകള്‍ അഭ്യസിപ്പിക്കും. ദേവീസ്ഥാത്തിന് മുന്നില്‍ തൂശനിലയില്‍ നിറപറയും നിറനാഴിയും നിരത്തും. തെങ്ങിന്ക്കുല, ഉടച്ച തേങ്ങ, കദളിപ്പഴം, മലര്, അവല്, ശര്‍ക്കര, കല്‍ക്കണ്ടം ഇവ നിവേദ്യങ്ങളായി ഒരുക്കും. ദേവീസ്ഥാനങ്ങളില് ദിവസേന ദീപാരാധനയും പാട്ടും സദ്യയും ഉണ്ടാകും.
വഴിപാടിനായുള്ള കുട്ടികളുടെ ഉദരപാര്ശ്വങ്ങളില് നൂല്‍കമ്പി വരിയുകയും, തുടര്‍ന്ന് ഈ കുട്ടികളെ കുത്തിയ സ്ഥലത്ത് നിന്ന് ക്ഷേത്ര സന്നിദ്ധിയിലേക്ക് നൃത്താത്മകമായി എത്തിക്കുകയും ചെയ്യും. ആലപ്പുഴ ജില്ലയിലാണ് ഇത്ര വിപുലമായ ഒരുക്കങ്ങളുള്ളത്. മറ്റുചില പ്രദേശങ്ങളില്‍ ചടങ്ങുകള്‍ ഒരു ദിവസം മാത്രമാണ്.
ചൂരല്കുത്തല് ചടങ്ങാണ് കുത്തിയോട്ടത്തില്‍ സുപ്രധാനം. കുത്തിയോട്ട ദിവസം ദേവിസ്ഥാനത്തിനു മുമ്പില്‍ വെച്ച് ചൂരല്കുത്തുന്നു. ഉദര ഭാഗത്ത് രണ്ട് പള്ളയിലും ഭസ്മമിട്ട് തിരുമ്മിയതിനു ശേഷം തൊലിക്കിടയിലൂടെയാണ് ചൂരല്‍ കോര്‍ക്കുന്നത്. പ്രത്യേകം പരിശീലനം നേടിയവര്‍ക്കേ ഇത് ചെയ്യാനാവൂ. ചൂരലിന്റെ സ്ഥാനത്ത് ഇക്കാലത്ത് സ്വര്‍ണ്ണമോ വെള്ളിയോ കൊണ്ടുണ്ടാക്കിയ നൂല്കമ്പിയാണ് ഉപയോഗിക്കുന്നത്. വാദ്യമേളങ്ങളും ആര്‍പ്പുവിളിയും കുരവയും നിറഞ്ഞ അന്തരീക്ഷത്തിലാണ് ചൂരല്‍ കുത്തുന്നത്. ചൂരല്‍ കുത്തിയ കുട്ടികളെ ഘോഷയാത്രയായി ഭദ്രകാളീക്ഷേത്രത്തിലേക്ക് കൊണ്ട് പോകും. വാദ്യങ്ങളുടെ അകമ്പടിയോടെ നൃത്തം ചെയ്തു കൊണ്ടാണ് കുട്ടികള്‍ ക്ഷേത്ര സന്നിധിയില്‍ എത്തുന്നത്. ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വെക്കും. തുടര്‍ന്ന് ദേവിയുടെ മുന്നില്‍ എത്തിയാല്‍ ചൂരല്‍ ഊരി സമര്‍പ്പിക്കുന്നു.
കുത്തിയോട്ടത്തിന് ഉപയോഗിക്കുന്ന പാട്ടുകളുടെ രീതിയും ശ്രദ്ധേയമാണ്. പാട്ടുകള്‍ പാടുന്നതിന് പ്രത്യേകം പാട്ടുകാരുണ്ട്.