സമകാലിക ലളിതസംഗീതം

മലയാളത്തിലെ ഏറ്റവും ജനകീയമായ കലാശാഖയാണ് ലളിതസംഗീതം. മലയാളികളുടെ നിത്യജീവിതത്തെ ഗാനങ്ങൾ സൗന്ദര്യാനുഭൂതികളിലേക്ക് വിളിച്ചുണർത്തുന്നു. മഞ്ഞുതുള്ളിയിൽ പ്രഭാതസൗന്ദര്യം എന്നതുപോലെ ഒരു പാട്ടിൽ ജീവിതത്തിന്റെ സർഗ്ഗചൈതന്യം മുഴുവനായി പ്രതിഫലിക്കുന്നു. പണ്ഡിതപാമരഭേദമില്ലാതെ ആസ്വദിക്കാൻ കഴിയുന്ന ലളിതസംഗീതം ശ്രോതാക്കളെ എളുപ്പത്തിൽ ആകർഷിക്കുന്നു. നൂറ്റാണ്ടുകളുടെ പൈതൃകമുള്ള സംഗീതവിഭാഗങ്ങൾ കേരളത്തിലുണ്ട്. ക്ലാസിക്-നാടൻകലകൾക്കെല്ലാം സംഗീതവുമായി ആത്മബന്ധമുണ്ട്.

നാടകഗാനങ്ങളും ചലച്ചിത്രഗാനങ്ങളും ഉൾപ്പെടുന്ന സംഗീതമേഖല ജനപ്രിയതയിൽ ഏറെ മുന്നിട്ടുനിൽക്കുന്നു. ആകാശവാണിയിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ലളിതഗാനങ്ങൾക്കും സ്വന്തമായ നിലനില്പുണ്ട്. ഏതു ജനതയുടെയും രക്തത്തിൽ ഉറഞ്ഞുകൂടിയ ആദിമതാളബോധത്തെ ഉണർത്തുക എന്നതാണ് ആ ജനസമൂഹത്തിലെ സംഗീതസമ്പ്രദായങ്ങളുടെ അടിസ്ഥാനം. മലയാളികൾ ഹൃദ്യവും ലളിതവും സാന്ദ്രവുമായ സംഗീതം കേൾക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അത്തരം ശൈലിയിലാണ് നാടക-ചലച്ചിത്രഗാനങ്ങൾ പിറന്നുവീണതും ഒരു വലിയ സംഗീതശാഖയായി വളർന്നുവലുതായതും. മലയാളികൾക്ക് പ്രേമിക്കാനും വിഷാദിക്കാനും കണ്ണീരുണങ്ങാനും ജീവിതത്തെപ്പറ്റി തത്ത്വചിന്തകൾ അവതരിപ്പിക്കാനും ഗാനങ്ങൾ വേണം. എല്ലാ ദിവസവും ഏതെങ്കിലും വിധത്തിൽ ഗാനങ്ങൾ മലയാളിമനസ്സിനെ തൊട്ടുണർത്താതിരിക്കുന്നില്ല.

നാടൻപാട്ടുകളുടെ ഒരു മഹാശേഖരം മലയാളസംസ്‌കൃതിയുടെ മടിത്തട്ടിലുണ്ട്. അവയുടെ സ്വാധീനത്തിൽനിന്നുമാണ് ആദ്യകാലനാടകഗാനങ്ങൾ പിറന്നത്. ചലച്ചിത്രഗാനത്തിലും നാടൻപാട്ടുകളുടെ സ്വാധീനം ആഴത്തിലുണ്ട്. ആദ്യകാലസിനിമകളിൽ തമിഴ്, ഹിന്ദി പാട്ടുകളുടെ ചുവടുപിടിച്ചാണ് പാട്ടുകൾ തയ്യാറാക്കപ്പെട്ടിരുന്നത്. മറ്റു ഭാഷകളിലെ പാട്ടുകൾ അതേ ഈണത്തിൽ, മലയാളവരികളിൽ എഴുതപ്പെട്ടു. ഈ കടമെടുക്കൽ നമ്മുടെതായ സംഗീതശാഖയെ മുരടിപ്പിക്കുന്ന ഒന്നായിരുന്നു. അധികം വൈകാതെത്തന്നെ ചലച്ചിത്രഗാനങ്ങൾക്ക് സ്വന്തമായ രൂപഭാവങ്ങൾ കൈവന്നു.

അഭയദേവിന്റെയും പി.ഭാസ്‌കരന്റെയും വയലാർ രാമവർമ്മയുടെയും ഒ.എൻ.വി.യുടെയും വരികൾ തലമുറകൾ നെഞ്ചേറ്റുവാങ്ങി. കവിതയെ ഗാനങ്ങളിൽ ഇഴചേർക്കുകയായിരുന്നു മലയാളത്തിലെ മികച്ച കവികൾ കൂടിയായ ഇവർ. ജി.ദേവരാജൻ, കെ.രാഘവൻ, വി.ദക്ഷിണാമൂർത്തി, എം.എസ്.ബാബുരാജ് തുടങ്ങിയ സംഗീതജ്ഞർ ചലച്ചിത്രസംഗീതത്തിൽ നവോത്ഥാനം സൃഷ്ടിച്ചവരാണ്. ക്ലാസിക്-നാടോടി സംഗീതധാരകളെ ചലച്ചിത്രസംഗീതത്തിൽ സർഗ്ഗാത്മകമായി സന്നിവേശിപ്പിച്ചതിലൂടെ മലയാളഗാനങ്ങൾക്ക് സവിശേഷവ്യക്തിത്വം പകർന്നുനൽകുകയായിരുന്നു ഇവർ. പിന്നീട്, ഇന്ത്യക്കകത്തും പുറത്തുമുള്ള എല്ലാ സംഗീതരീതികളുടെയും സമഞ്ജസമായ സമ്മേളനം ചലച്ചിത്രഗാനങ്ങളിൽ ഉണ്ടായി.

നാടകങ്ങളിലൂടെ പരിവർത്തനത്തിന്റെ ഒരു പടയോട്ടം തന്നെ കേരളസമൂഹത്തിൽ അരങ്ങേറി. അമ്പതുകളിലും അറുപതുകളിലും അവതരിപ്പിക്കപ്പെട്ട നാടകങ്ങൾ സഹൃദയപ്രശംസ നേടിയതും ശ്രദ്ധേയമായതും അവയിലെ അവിസ്മരണീയമായ ഗാനങ്ങൾ കൊണ്ടാണ്. സെമി ക്ലാസിക്കൽ സംഗീതത്തിൽ ആസകലം മുഴുകിനിന്ന നാടകലോകത്തിലേക്ക് നാടൻ ഈണങ്ങളും ദ്രാവിഡശീലുകളും കൊണ്ടുവന്നത് കെ.പി.എ.സി. ആണ്.  പാടി അഭിനയിക്കുക എന്നതാണ് അക്കാലത്തെ അരങ്ങിലെ രീതി. ഏറ്റവും പിറകിലിരിക്കുന്ന ആസ്വാദകർക്കുപോലും കേൾക്കാൻ പാകത്തിൽ, ആയിരക്കണക്കിനുവരുന്ന സദസ്സ് ആരുടെയും പ്രേരണയില്ലാതെത്തന്നെ നിശ്ശബ്ദമായി ഇരിക്കുമായിരുന്നു.

വെള്ളിത്തിരയിലെ വൈകാരികസന്ദർഭങ്ങൾക്കുവേണ്ടി തയ്യാറാക്കപ്പെടുന്നവയാണെങ്കിലും ചലച്ചിത്രഗാനങ്ങൾക്ക് സ്വതന്ത്രമായ നിലനില്പുണ്ട്. പ്രണയം, പ്രകൃതി പ്രതിഭാസങ്ങൾ, ഭൂമിയിലെ സൗന്ദര്യവിസ്മയങ്ങൾ, ജീവിതത്തെപ്പറ്റിയുടെ ദാർശനികവിചാരങ്ങൾ എന്നിവയെല്ലാം ചലച്ചിത്രഗാനങ്ങൾ വർണ്ണവൈവിധ്യത്തോടെ ആവിഷ്‌കരിക്കുന്നു. മുക്കാൽ നൂറ്റാണ്ടിനുമീതെ പ്രായമുള്ള ചലച്ചിത്രഗാനശാഖയെ നിരൂപണംചെയ്തുകൊണ്ട് ഗൗരവമേറിയ പ്രബന്ധങ്ങളും പുസ്തകങ്ങളും സമീപകാലത്ത് എഴുതപ്പെട്ടിട്ടുണ്ട്.  പഠനങ്ങൾ തയ്യാറാക്കുന്നതിനും ഗവേഷണങ്ങൾ നടത്തുന്നതിനും കഴിയുന്നവിധത്തിൽ ചലച്ചിത്രസംഗീതത്തിന് പക്വതയും ചരിത്രപ്രാധാന്യവും കൈവന്നിട്ടുണ്ട്.

മലയാളിയുടെ ആത്മാവിൽ തുളുമ്പിയ പാട്ടുകൾ എണ്ണമറ്റതാണ്. അവയിലൂടെ ഒരു ജനത കൂടുതൽ പ്രബുദ്ധരായി. കേരളീയതയുടെ നാട്ടുപച്ചപ്പുള്ള പാട്ടുകൾ മലയാളിയെ ഗൃഹാതുരതയിലേക്ക് ആനയിക്കുന്നു. നിത്യഹരിതമായി നിലകൊള്ളുന്ന ഒരുപാട് അതിമനോഹരമായ പാട്ടുകൾ മലയാളിയെ മാനവികതയിലേക്ക് നയിക്കുന്നു.