ഒരു സാഹിത്യകൃതിയുടെ ആന്തരിക-ബാഹ്യസവിശേഷതകളെ വിലയിരുത്തി മൂല്യനിര്‍ണ്ണയം ചെയ്യുന്ന ക്രിയാത്മകവും ഭൗതികവുമായ പ്രവൃത്തിയെയാണ് പൊതുവെ വിമര്‍ശനം എന്ന പദം കൊണ്ട് ലക്ഷ്യമാക്കുന്നത്. മലയാള സാഹിത്യവിമര്‍ശനത്തിന് കരുത്തുറ്റ പാരമ്പര്യം അവകാശപ്പെടാനുണ്ട്. പണ്ഡിതന്മാരും ധിഷ്ണാശാലികളും പ്രതിഭാധനന്മാരുമായ ഏറെ വ്യക്തിത്വങ്ങള്‍ കരുത്തു തെളിയിച്ച ഒരു സാഹിത്യശാഖയാണിത്.
മലയാളത്തില്‍ സാഹിത്യവിമര്‍ശനം ആരംഭിച്ചത് സംസ്കൃത സാഹിത്യ വിമര്‍ശനപദ്ധതി അവലംബിച്ചാണ്. എന്നാല്‍ പിന്നീട് അതിന് സമൂല പരിവര്‍ത്തനം വന്നതായി കാണാം. പാശ്ചാത്യവും പൗരസ്ത്യവും മറ്റുമായ സിദ്ധാന്തങ്ങളുടെയും ചിന്തകളുടെയും സ്വാധീനം അതില്‍ കാണാനാവും. മലയാളത്തില്‍ നിരുപണപ്രസ്ഥാനത്തിന് മാര്‍ഗ്ഗദര്‍ശകമായത് 'വിദ്യാവിനോദിനി' മാസികയും അതിന്റെ പത്രാധിപരായിരുന്ന സി.പി. അച്യുതമേനോനുമാണ് (1862-1937). 1890 മുതല്‍ 1895 വരെ അദ്ദേഹം പത്രാധിപരായിരുന്നു. അക്കാലയളവില്‍ നിരവധി കൃതികളെ അദ്ദേഹം വിലയിരുത്തി. മലയാളസാഹിത്യവിമര്‍ശനത്തിന്റെ ഉപജ്ഞാതാവായി ആദരിക്കുന്നത് അദ്ദേഹത്തെയാണ്. അതുപോലെ, വലിയ കോയിത്തമ്പുരാനും 'വിദ്യാവിനോദിനി'യില്‍ ധാരാളം എഴുതിയിരുന്നു. എ.ആര്‍. രാജരാജവര്‍മ്മ, സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള, സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള, സി. അന്തപ്പായി, മൂര്‍ക്കോത്തു കുമാരന്‍, വിദ്വാന്‍ സി.എസ്. നായര്‍, കെ.വി. എം., ചേലനാട് അച്യുതമേനോന്‍, സഞ്ജയന്‍, ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍ തുടങ്ങിയവരെല്ലാം ഈ ശാഖയില്‍ ആദ്യകാലത്ത് വ്യക്തിമുദ്രപതിപ്പിച്ച പണ്ഡിതന്മാരാണ്.
നവീന സരണിയില്‍ കേസരി ബാലകൃഷ്ണപിള്ള, എം.പി. പോള്‍, കുട്ടികൃഷ്ണമാരാര്‍, ജോസഫ് മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള, കെ.എന്‍. എഴുത്തച്ഛന്‍, എസ്. ഗുപ്തന്‍നായര്‍, സുകുമാര്‍ അഴീക്കോട്, എന്‍. കൃഷ്ണപിള്ള, എം.പി. ശങ്കുണ്ണിനായര്‍, എം. ലീലാവതി, എം.എന്‍. വിജയന്‍, കെ.എം. ജോര്‍ജ്ജ്, തായാട്ട് ശങ്കരന്‍, കെ.എം. തരകന്‍, കെ. രാഘവന്‍പിള്ള, എ.പി.പി. നമ്പൂതിരി, എം. അച്യുതന്‍, എന്‍.വി. കൃഷ്ണവാര്യര്‍. എം.എസ്. മേനോന്‍, എം. കൃഷ്ണന്‍നായര്‍, എം.കെ. സാനു. ശൂരനാട് കുഞ്ഞന്‍ പിള്ള, കൈനിക്കര കുമാരപിള്ള, കെ. ഭാസ്കരന്‍ നായര്‍, എ.ഡി. ഹരിശര്‍മ്മ, എസ്.കെ. നായര്‍, കെ.പി. നാരായണപിഷാരോടി, പി.സി. വാസുദേവന്‍ ഇളയത്, ആറ്റൂര്‍ കൃഷ്ണപിഷാരാടി, വടക്കുംകൂര്‍ രാജരാജവര്‍മ്മ, സര്‍ദാര്‍ കെ.എം. പണിക്കര്‍, ഐ.സി. ചാക്കോ, പി.കെ. ബാലകൃഷ്ണന്‍, സി.ജെ. തോമസ്, പി.ശങ്കരന്‍ നമ്പ്യാര്‍, പി.കെ. നാരായണപിള്ള, പി.കെ. പരമേശ്വരന്‍ നായര്‍ കൊടപ്പുന്ന, കെ.എസ്. നാരായണപിള്ള, കെ.പി. ശരത്ചന്ദ്രന്‍, പി.വി. വേലായുധന്‍ പിള്ള, കെ. അയ്യപ്പപ്പണിക്കര്‍, എം. ആര്‍. ചന്ദ്രശേഖരന്‍ തുടങ്ങി എത്രയോ പണ്ഡിതന്മാര്‍ തങ്ങളുടെ ധൈഷണികപ്രതിഭ തെളിയിച്ച മണ്ഡലമാണിത്. കരുത്തുറ്റ പാരമ്പര്യത്തെ ആവാഹിച്ച് ഇന്നും മലയാള സാഹിത്യനിരൂപണം അതിന്റെ കരുത്തും സൗന്ദര്യവും പ്രതിഫിലിപ്പിക്കുന്നു.