മാരിത്തെയ്യം

സംഗീതപാരമ്പര്യവും സാംസ്കാരികത്തനിമയും ഉള്ള കൂട്ടായ്മയാണ് കോലത്തുനാട്ടിലെ പുലയര്‍. പുലയരുടെയിടയില്‍ പ്രചാരത്തിലുള്ള ആകര്‍ഷകമായ തെയ്യക്കോലമാണ് മാരിത്തെയ്യം.  കണ്ണൂര്‍ ജില്ലയിലെ മാടായിക്കാവിന്റെ പരിസരപ്രദേശങ്ങളിലാണ് ഇതിന് പ്രചാരം. കര്‍ക്കിടകം പതിനാറാം നാളിലാണ് മാരിത്തെയ്യം പുറപ്പെടുന്നത്. കോലത്തുനാട്ടിലെ പ്രധാന ആരാധനാകേന്ദ്രമായ മാടായിക്കാവുമായി മാരിത്തെയ്യത്തിന് ബന്ധമുണ്ട്. കാവില്‍ നിന്ന് ഏതാനും വാര അകലെയായി ഒരു പ്രത്യേക സ്ഥാനത്തുനിന്നാണ് വിപുലമായ ചടങ്ങുകളോടെ മാരിക്കോലങ്ങള്‍ പുറപ്പെടുന്നത്. 

മാരിത്തെയ്യത്തിന്റെ പുരാവൃത്തം ഇങ്ങനെയാണ്. ആര്യര് നാട്ടില്‍ നിന്നാണ് മാരിയമ്മ കോലത്തുനാട്ടിലേക്കു വന്നത്. ഒപ്പം ഏഴു ദേവതമാരും കൂടെ വന്നു. കോലത്തുനാട്ടിലെത്തിയ ഇവര്‍ നാട്ടില്‍ രോഗവും അശാന്തിയും വിതച്ചു. മാരിയേയും, മാമായിയേയും ശാന്തമാക്കാന്‍ രാജാവ് വട്ട്യന്‍ പൊള്ളയെയാണ് നിയോഗിക്കുന്നത്. പുലയ സമുദായത്തിലെ പ്രധാനിയാണ് പൊള്ള. 101 ശനിയെ ഒഴിവാക്കാന്‍ ആറോളം തെയ്യക്കോലങ്ങള്‍ കെട്ടിയാടിക്കാനായിരുന്നു കല്പന. മാരിക്കലുവന്‍, മാമായക്കലുവന്‍, മാരിക്കലിച്ചി, മാമായക്കലിച്ചി, മാരിക്കുളിയന്‍, മാമായക്കുളിയന്‍ എന്നിവയാണ് ഈ ആറു തെയ്യങ്ങള്‍. 

കുരുത്തോലയാണ് തെയ്യച്ചമയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. മാരിക്കുളിയന് മരംമൂടി അഥവാ മുഖംമൂടിയുണ്ട്. പൊയ്മുഖമില്ലാത്ത കലിയനും കലിയിച്ചിയും മുഖത്ത് ലളിതമായ തേപ്പുണ്ട്. ചടുലമായ രീതിയില്‍ പാട്ടുപാടിക്കൊണ്ടാണ് മാരിത്തെയ്യങ്ങള്‍ നൃത്തം ചെയ്യുന്നത്. തുടിയും ചേങ്ങിലയുമാണ് വാദ്യോപകരണങ്ങളായി ഉപയോഗിക്കുന്നത്. പ്രത്യേക താളത്തില്‍ കൊട്ടിപ്പാടിക്കൊണ്ടാണ് മാരിയാട്ടം നടത്തുന്നത്. വീടുകള്‍തോറും കയറിയിറങ്ങുന്ന മാരിത്തെയ്യങ്ങളെ ഭക്തിപൂര്‍വ്വം സ്വീകരിക്കും. 

വാമൊഴിയായി തലമുറകളിലേക്ക് പകര്‍ന്ന ഗാനശാഖയാണിത്. മനസില്‍ ഉറപ്പിച്ചെടുക്കുന്ന ഈണത്തിനും താളത്തിനുമനുസൃതമായി വാക്കുകള്‍ ഉതിര്‍ന്നുവീഴുന്നതുപോലെ തോന്നും പാട്ടുസംഘം പാടുന്നതു കണ്ടാല്‍. പതിഞ്ഞ താളത്തിലാണ് പാട്ടുകള്‍ പൊതുവെ പാടുന്നതെങ്കിലും ആവേശമുയരുന്നതിനുനുസരിച്ച് ചടുലമായ രീതിയിലേക്ക് ആലാപനരീതി മാറുന്നതായി കാണാം.