ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍


മച്ചാട്ടു മാമാങ്കംമച്ചാട്ടു തിരുവാണിക്കാവ് ഭഗവതീ ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടക്കുന്ന ആഘോഷ പെരുമയുടെ പേരാണ് മച്ചാട്ടു മാമാങ്കം. പാരമ്പര്യത്തിന്റെയും ആധുനികതയുടെയും വിഭിന്ന സംസ്കാരങ്ങള്‍ സമഞ്ജസമായി സമ്മേളിക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍ക്കാണ്, ഈ അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം സാക്ഷ്യം വഹിക്കുന്നത്. തങ്ങളുടെ ജീവിതത്തിലെ എല്ലാ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും കാരണക്കാരിയായ കാവിലമ്മയെ എഴുന്നള്ളിക്കുന്ന ഈ ഉത്സവകാലം ഭക്തജനങ്ങള്‍ക്ക് ആഹ്ലാദത്തിന്റെ ദിനരാത്രങ്ങളാണ് പ്രദാനം ചെയ്യുന്നത്.

ഉത്സവത്തിന്റെ പ്രധാനയിനം അവസാന ദിവസത്തെ ഘോഷയാത്രയാണ്. ഭക്തജനങ്ങള്‍ ക്ഷേത്രത്തിനു കാഴ്ച വെയ്ക്കുന്ന അലങ്കരിക്കപ്പെട്ട കുതിരക്കോലങ്ങളാണ് ഇതിലെ ആകര്‍ഷകയിനം. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്ര ക്ഷേത്രവളപ്പിലവസാനിപ്പിക്കുമ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമായിത്തീരും.