മടവൂര്പ്പാറ ഗുഹാ ക്ഷേത്രം

തിരുവനന്തപുരം ജില്ലയില്‍ ചെമ്പഴന്തിക്കടുത്ത് ചേങ്കോട്ടുകോണത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് മടവൂര്‍പ്പാറ ഗുഹാ ക്ഷേത്രമെന്നറിയപ്പെടുന്നത്. കേരളത്തില്‍ പൊതുവെ ഗുഹാ ക്ഷേത്രങ്ങള്‍ വിരളമാണ്. മടവൂര്‍പ്പാറയെ പ്രസിദ്ധമാക്കുന്നതും ഈ അപൂര്‍വ്വതയാണ്.

ചതുരാകൃതിയിലുള്ള ക്ഷേത്രത്തിലേക്ക് പ്രവേശിക്കുവാന്‍ ചെങ്കുത്തായ പതിമൂന്നു പടവുകളാണ് പാറയില്‍ കൊത്തിയെടുത്തിട്ടുള്ളത്. ക്ഷേത്രമെന്നത് ഇന്ന് ഇരുമ്പു കമ്പികളാല്‍ സംരക്ഷിക്കപ്പെട്ടിട്ടുള്ള പാറയിലെ ഗുഹതന്നെയാണ്. 8-ാം നൂറ്റാണ്ടില്‍ ഒരു ബുദ്ധ സന്യാസി നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാല്‍ ജൈനന്മാരാണ് ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലെന്നു വിശ്വസിക്കുന്നവരുമുണ്ട്. കേരള വാസ്തു ശില്പകലയില്‍ ഗുഹാക്ഷേത്രനിര്‍മ്മാണം പുരാതന കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നു. പുരാതന വട്ടെഴുത്തു ലിപിയിലുള്ള ഒരു ശിലാശാസനം മാത്രമാണ് ഇവിടെ നിലവിലുള്ള ചരിത്രത്തിലേക്കു വിരല്‍ ചൂണ്ടുന്ന ഏക തെളിവ്.

1960-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ക്കിയോളജി വകുപ്പ് ഏറ്റെടുത്ത് സംരക്ഷിത സ്മാരകമാക്കുന്നതു വരെ ഈ ക്ഷേത്രം ചേങ്കോട്ടുകോണം ആശ്രമത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ഇന്നിവിടം സഞ്ചാരികള്‍ക്കുള്ള ഒരു വിനോദ കേന്ദ്രം കൂടിയായി വികസിക്കപ്പെട്ടിട്ടുണ്ട്. മലകയറ്റവും, പാറയുടെ മുകള്‍ പരപ്പിലെത്തുവാന്‍ മുള കൊണ്ടുള്ള പാലത്തിലൂടെയുള്ള നടത്തവും ഇന്ന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു. പാറയുടെ ചുവട്ടില്‍ കുട്ടികള്‍ക്കുള്ള ഉദ്യാനവും സന്ദര്‍ശകര്‍ക്കു താമസിക്കുവാന്‍ കുടിലുകളും ഇന്ന് നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.