മലയാള കാവ്യശില്പികള്‍

കണ്ണശ്ശന്മാര്‍
നിരണം കവികള്‍ എന്നറിയപ്പെടുന്ന മാധവപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍, രാമപ്പണിക്കര്‍ എന്നീ കവികളെ ചേര്‍ത്തു വ്യവഹരിക്കപ്പെടുന്ന പദം. പത്തനംതിട്ട ജില്ലയിലെ തിരുവല്ലാത്താലൂക്കില്‍ നിരണം എന്ന ദേശത്ത് എ. ഡി. 1350-നും 1450-നും ഇടയ്ക്ക് ഇവര്‍ ജീവിച്ചെന്നു സാഹിത്യചരിത്രകാരന്മാര്‍ കണക്കാക്കുന്നു. നിരണം എന്ന ദേശനാമത്തോടു ബന്ധപ്പെടുത്തി 'നിരണം കവികള്‍' എന്നു വിളിക്കാറുണ്ട്. നിരണത്തു ജീവിച്ചിരുന്ന കണ്ണപ്പപ്പണിക്കര്‍ എന്ന പണ്ഡിതന്റെ (ഇദ്ദേഹത്തെ കണ്ണശന്‍ എന്നു വിളിച്ചിരുന്നത്രേ) പുത്രന്മാരായ മാധവപ്പണിക്കരും ശങ്കരപ്പണിക്കരും അനന്തരവനായ രാമപ്പണിക്കരുമാണ് കണ്ണശ്ശന്മാര്‍  എന്ന പേരില്‍  പ്രസിദ്ധരായതെന്നു ചിലര്‍ പറയുന്നു. എന്നാല്‍ കണ്ണശ്ശന്മാര്‍  ഭിന്ന ദേശക്കാരാണെന്നാണ് ആധുനിക ഗവേഷകര്‍ പറയുന്നത്. ഭാഷാഭഗവദ്ഗീത രചിച്ച മാധവപ്പണിക്കര്‍  മലയിന്‍കീഴുകാരനും ഭാരതമാലയുടെ കര്‍ത്താവായ ശങ്കരപ്പണിക്കര്‍ വെളളാങ്ങല്ലൂര്‍ ദേശക്കാരനും  രാമായണം, ഭാഗവതം, ഭാരതം, ശിവരാത്രിമാഹാത്മ്യം എന്നിവയുടെ കര്‍ത്താവായ രാമപ്പണിക്കര്‍, നിരണം ദേശക്കാരനുമാണെന്നു പറയുന്നു.

എഴുത്തച്ഛനു മുമ്പ് ഈ കവികള്‍ക്കു വളരെ ഉന്നതമായ സ്ഥാനമാണു കേരളത്തിലുണ്ടായിരുന്നത്. കാവ്യ രചനയില്‍ എഴുത്തച്ഛന്‍ കണ്ണശ്ശന്മാരെ ഉപജീവിച്ചിട്ടുണ്ട്.

തിരുവല്ലയ്ക്കു സമീപമുളള 'കണ്ണശ്ശന്‍ പറമ്പ്'കണ്ണശ്ശന്റെ (രാമപ്പണിക്കര്‍) ജന്മ സ്ഥലമാണെന്നു വിശ്വസിക്കുന്നു.

എഴുത്തച്ഛന്‍, തുഞ്ചത്തു രാമാനുജന്‍
മലയാളത്തിലെ ആചാര്യസ്ഥാനീയനായ ഭക്തകവിയാണ് എഴുത്തച്ഛന്‍. ആധുനിക മലയാളഭാഷയുടെ പിതാവ് എന്ന നിലയിലും എഴുത്തച്ഛനെ ആദരിക്കുന്നു. മലയാളത്തിലെ പ്രാചീന കവിത്രയത്തില്‍ ഇദ്ദേഹത്തെ സാഹിത്യ ചരിത്രകാരന്മാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കിളിപ്പാട്ടു പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്റെ  മുഖ്യപ്രയോക്താക്കളില്‍ ഒരാള്‍ എന്ന നിലയിലും എഴുത്തച്ഛന്‍ അറിയപ്പെടുന്നുണ്ട്.

മലപ്പുറം ജില്ലയിലെ പൊന്നാനിത്താലൂക്കില്‍ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനടുത്ത് പൊന്നാനിപ്പുഴയുടെ തീരത്തുളള തുഞ്ചന്‍ പറമ്പിലാണ് എഴുത്തച്ഛന്റെ  ജന്മ ഗൃഹം സ്ഥിതിചെയ്തിരുന്നതെന്നു വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ ജനനകാലത്തെക്കുറിച്ചോ വ്യക്തമായ അറിവൊന്നുമില്ല. 16-ാം ശതകമാണു ജീവിതകാലം. എഴുത്തച്ഛന്റെ യഥാര്‍ത്ഥ പേര് എന്തെന്നും വ്യക്തമല്ല. രാമന്‍ എന്നൊരു ജ്യേഷ്ഠന്‍ അദ്ദേഹത്തിനുളളതായി കവി തന്നെ പറയുന്നു. ചിലര്‍ എഴുത്തച്ഛന്റെ യഥാര്‍ത്ഥനാമം കണ്ടു പിടിക്കാന്‍ ആശ്രയിച്ചത് ഈ പ്രസ്താവത്തെയാണ്. രാമന്‍ ജ്യേഷ്ഠനാണെങ്കില്‍ അനുജന്‍ രാമാനുജന്‍ ആകരുതോ എന്നാണ് അവരുടെ  യുക്തി.

എഴുത്തച്ഛന്റെ കൃതികള്‍: അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട്, ഇരുപത്തിനാലു വൃത്തം, ഹരിനാമ കീര്‍ത്തനം, ചിന്താരത്നം, ഉത്തര രാമായണം എന്നിവയാണ് എഴുത്തച്ഛന്റെ കൃതികളായി സാധാരണ ഗണിച്ചു പോരുന്നത്. ഇതില്‍ അധ്യാത്മരാമായണം കിളിപ്പാട്ടും മഹാഭാരതം കിളിപ്പാട്ടും മാത്രമേ എഴുത്തച്ഛന്റെ  കൃതികളായി സര്‍വ സമ്മതി ലഭിച്ചിട്ടുളളൂ. ഭാഗവതം കിളിപ്പാട്ട് എഴുത്തച്ഛന്റെ പേരിലാണ് അറിയപ്പെടുന്നതെങ്കിലും അത് അദ്ദേഹത്തിന്റെതല്ലെന്നു മിക്ക ഗവേഷകരും ഉറപ്പിച്ചു പറയുന്നു.

തുഞ്ചന്‍ ഗുരുമഠം: തുഞ്ചത്ത് എഴുത്തച്ഛന്റെ പേരില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരിലുളള ഒരു മഠം. എഴുത്തച്ഛന്‍ രണ്ടുപ്രാവശ്യം പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചുവെന്നും രണ്ടാമത്തെ സന്ദര്‍ശനത്തിനുശേഷമാണു ചിറ്റൂര്‍ ഗുരുമഠം സ്ഥാപിച്ചതെന്നും ഉളളൂര്‍ എസ്. പരമേശ്വരയ്യര്‍ പറഞ്ഞിരിക്കുന്നു. ഭാരതപ്പുഴയുടെ തീരത്താണു ഗുരുമഠം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ സ്ഥാപകന്‍ എഴുത്തച്ഛന്‍ തന്നെയാണെന്നതിനു തെളിവില്ല.  ഈ മഠത്തിന്റെ ആചാര്യ പരമ്പരയില്‍ ഗുരുമഠ സ്ഥാപകനുശേഷം കരുണാകരന്‍, സൂര്യനാരായണന്‍, ദേവന്‍ ഗോപാലന്‍ എന്നു മൂന്നു പേരുണ്ടായിരുന്നതായി പറയപ്പെടുന്നു.  ഇവരില്‍ ആരാണ് തുഞ്ചത്തെഴുത്തച്ഛന്‍ എന്നു വ്യക്തമല്ല. ഗുരുമഠസ്ഥാപനം നടത്തിയത് സൂര്യനാരായണനാണെന്ന് ഗുരുമഠം രേഖകള്‍  പരിശോധിച്ചവര്‍ പറയുന്നു. സൂര്യനാരായണന്‍  എന്ന ഗുരു സാംബമൂര്‍ത്തിയായ ശിവനെയും ശ്രീരാമനെയും  ബ്രാഹ്മണരെക്കൊണ്ട് ഗുരുമഠത്തില്‍ പ്രതിഷ്ഠിച്ചതായി ഐതിഹ്യമുണ്ട്. കൊ. വ. 729 (എ. ഡി. 1554) -ാം മാണ്ടിലാണ്  ഗുരുമഠം സ്ഥാപിച്ചതെന്നു ചിലര്‍ കണക്കാക്കുന്നു.

തൃക്കണ്ടിയൂരുളള  സ്വഭവനത്തില്‍ തന്നെയാണ് എഴുത്തച്ഛന്‍ അന്തരിച്ചതെന്നും എഴുത്തച്ഛന്റെ ആഗ്രഹപ്രകാരം സൂര്യനാരായണന്‍ എന്ന ശിഷ്യന്‍ ചിറ്റൂരില്‍ ഗുരുമഠം സ്ഥാപിക്കുകയാണുണ്ടായതെന്നും മറ്റൊരു കഥയുണ്ട്. എഴുത്തച്ഛന്റെ മകളില്‍ നിന്നോ മരുമകളില്‍ നിന്നോ  ആചാര്യന്റെ മെതിയടിയും ഭസ്മസഞ്ചിയും യോഗദണ്ഡും ഭാഗവതാദിഗ്രന്ഥങ്ങളും വാങ്ങി ഗുരുമഠത്തില്‍ വച്ചത് സൂര്യനാരായണനത്രേ. ലോഗന്റെ മലബാര്‍ മാന്വലില്‍ ഈ കഥ പറഞ്ഞു കാണുന്നു. 1868-ല്‍ ഗുരുമഠത്തിനുണ്ടായ അഗ്നിബാധയില്‍ ഗ്രന്ഥങ്ങളും മഠത്തിന്റെ കുറേ ഭാഗവും നശിച്ചു പോയെങ്കിലും മെതിയടിയും നാരായവും യോഗദണ്ഡും കേടുകൂടാതെ ലഭിച്ചു. 1893-ല്‍ ചിറ്റൂര്‍ ബീമത്തു ഗുരുദാസന്‍ കോപ്പുമേനോന്‍ ഗുരുമഠത്തിനു ജീര്‍ണോദ്ധാരണം നടത്തി. എഴുത്തച്ഛന്റെ സമാധി ദിനവും (ധനുവിലെ ഉത്രം നക്ഷത്രം) ശ്രാദ്ധവും 'രാമാനുജജയന്തി'യും ഗുരുമഠത്തില്‍ ആഘോഷിച്ചു വരുന്നു. ഇവിടത്തെ ശ്രീരാമക്ഷേത്രത്തില്‍ നവരാത്രി വിളക്കും മീനത്തില്‍ രഥോത്സവവും നടത്താറുണ്ട്. നവരാത്രിയുമായി  ബന്ധപ്പെട്ട് ആദ്യദിവസം നടത്തുന്ന വിളക്കിന് 'എഴുത്തച്ഛന്‍വിളക്കെ'ന്നാണു  പറയാറുളളത്.

ചെറുശ്ശേരി
മലയാള കവി. കൃഷ്ണഗാഥയുടെ കര്‍ത്താവ് . 15-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കോലത്തുനാട് ഉദയവര്‍മ രാജാവിന്റെ സദസ്യനായിക്കഴിഞ്ഞിരുന്ന ചെറുശ്ശേരിയുടെ യഥാര്‍ഥനാമമെന്തെന്നോ എത്രകാലം ജീവിച്ചിരുന്നെന്നോ വ്യക്തമല്ല. ഇന്നത്തെ വടകരയിലത്രേ ചെറുശ്ശേരി ഇല്ലം നിലനിന്നിരുന്നത്. കോലത്തുനാട് ഉദയവര്‍മരാജാവിന്റെ നിര്‍ദേശ പ്രകാരമാണു കൃഷ്ണഗാഥ രചിച്ചതെന്ന് ഐതിഹ്യം പറയുന്നു. മഞ്ജരി വ്യത്തത്തില്‍ രചിച്ച ഈ കൃതി മലയാള ഭാഷയിലെ ആദ്യകാല കൃതികളില്‍പ്പെടുന്നു. പ്രാചീന കവിത്രയത്തില്‍ ഒരാളായി ചെറുശ്ശേരിയെ കേരളീയര്‍ കണകാക്കുന്നു. കൃഷ്ണഗാഥയെ കൂടാതെ ചെറുശ്ശേരി ഭാരതം എന്നൊരു കൃതിയും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു. ഭാരതഗാഥ എന്നും അതിനു പേരുണ്ട്. കാവ്യഗുണമില്ലായ്മകൊണ്ടും രചനാദോഷങ്ങളുടെ വൈപുല്യം കൊണ്ടും ഈ കൃതി ചെറുശ്ശേരിയുടേതല്ലെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ ചെറുശ്ശേരിയുടെ ബാല്യകാലചരചനയാണതെന്ന് മറ്റൊരു കൂട്ടര്‍ കരുതുന്നു.  

പൂന്താനം നമ്പൂതിരി (16-ാം ശതകം)
ശ്രീകൃഷ്ണ ഭക്തനും കവിയുമായ ഒരു നമ്പൂതിരി മേല്‍പുത്തുര്‍ നാരായണ ഭട്ടതിരിയുടെ സമകാലികനാണ് ഇദ്ദേഹം. ജ്ഞാനപ്പാന എന്ന കൃതിയുടെ കര്‍ത്താവെന്ന നിലയിലാണ് പ്രസിദ്ധി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണത്താലൂക്കിലുളള നെന്മേനി അംശത്തിലാണ് പൂന്താനം ജനിച്ചതെന്നു കരുതുന്നു. യഥാര്‍ത്ഥനാമം എന്തെന്നു വ്യക്തമല്ല. പൂന്താനം എന്നത് ഇല്ലപ്പേരായിരിക്കണം. ജ്ഞാനപ്പാനയെ കൂടാതെ ഭാഷാകര്‍ണാമൃതം, സന്താനഗോപാലം പാന, പാര്‍ഥ സാരഥിസ്തവം, നാരായണ കീര്‍ത്തനങ്ങള്‍, ദ്വാദശാക്ഷര കീര്‍ത്തനങ്ങള്‍, ദശാവതാര സ്ത്രോത്രങ്ങള്‍, ഘനസംഘം തുടങ്ങി അനേകം കൃതികള്‍ പൂന്താനം രചിത്തിട്ടുളളതായി കരുതുന്നു. ഇദ്ദേഹത്തെയും മേല്‍പുത്തൂരിനെയും ബന്ധിപ്പിച്ചു കൊണ്ടു ചില ഐതിഹ്യങ്ങളും ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെടുത്തിക്കൊണ്ടുളള ചില ഐതിഹ്യങ്ങളും നിലവിലുണ്ടെങ്കിലും അതില്‍ ചരിത്രാംശം ഇല്ലെന്നു പണ്ഡിതന്മാര്‍ പറയുന്നു. 

കുഞ്ചന്‍  നമ്പ്യാര്‍ (1700-70)
കേരളീയ കവി. തുളളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായിട്ടാണു കുഞ്ചന്‍നമ്പ്യാരെ കണക്കാക്കുന്നത്. ജനകീയ കവി എന്നൊരു വിശേഷണം നല്കിക്കാണുന്നു. ഇദ്ദേഹത്തിന്റെ മാതാപിതാക്കളെ സംബന്ധിച്ചോ ജനിച്ച കാലത്തെക്കുറിച്ചോ വ്യക്തമായ അറിവു ലഭ്യമല്ല. പാലക്കാടു ജില്ലയിലെ കിളളിക്കുറിശ്ശി മംഗലത്തു കലക്കത്തു വീട്ടില്‍ ജനിച്ചു.  അച്ഛന്‍ കിടങ്ങൂര്‍ കല്ലമ്പളളി ഇല്ലത്തെ ഒരു നമ്പൂതിരിയും അമ്മ നങ്ങ്യാരുമാണെന്നു പറയപ്പെടുന്നു. കുഞ്ഞന്‍ എന്ന രൂപമത്രേ കുഞ്ചന്‍ ആയത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നമ്പ്യാര്‍ കിളളിക്കുറിശ്ശി മംഗലത്തു നിന്ന്  ചെമ്പകശ്ശേരിയിലെത്തുകയും (പിതാവിനൊപ്പമാകാം) അമ്പലപ്പുഴയില്‍ താമസമാക്കുകയും ചെയ്തുവെന്നും ഊഹിക്കുന്നു. അമ്പലപ്പുഴ രാജാവിന്റെ സേനാനായകനായിരുന്ന മാത്തൂര്‍ പണിക്കര്‍, ദ്രോണമ്പളളി നായ്ക്കര്‍, നന്ദിക്കാട് ഉണ്ണിരവിക്കുറുപ്പ് തുടങ്ങിയവരില്‍ നിന്ന് യഥാക്രമം കളരിവിദ്യ, സംസ്കൃതം എന്നിവ അഭ്യസിച്ചു വെന്നതിനു നമ്പ്യാരുടെ കൃതികള്‍ സാക്ഷ്യം വഹിക്കുന്നു, മറ്റു ചില ദേശങ്ങളിലും പോയി ജ്യോതിഷം, സാഹിത്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളും പഠിച്ചുവത്രേ. ചാക്യാന്മാരുടെ കൂത്തിനു മിഴാവു വായിക്കുന്ന തൊഴിലാണു നമ്പ്യാര്‍ ആദ്യകാലത്തു ചെയ്തതെന്നാണ് ഐതിഹ്യം. ഒരിക്കല്‍ ചാക്യാര്‍ കൂത്തിനു മിഴാവും വായിച്ചു കൊണ്ടിരിക്കെ ഉറങ്ങിപ്പോയ നമ്പ്യാരെ ചാക്യാര്‍ പരിഹസിച്ചു വെന്നും അതില്‍ വ്യഥിതനായ നമ്പ്യാര്‍ പിറ്റേന്നു തന്നെ തുളളല്‍ എന്ന പുതിയ കലാരൂപം അവതരിപ്പിച്ചുകൊണ്ട് ചാക്യാരെ എതിരിട്ടുവെന്നും ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തിനടുത്തുളള കളിത്തട്ടിലാണ് നമ്പ്യാര്‍ ആദ്യമായി തുളളല്‍ അവതരിപ്പിച്ചതെന്നാണ് ഐതിഹ്യം. ആദ്യം അമ്പലപ്പുഴ ദേവനാരായണന്മാരുടെ ആശ്രിതനായും പിന്നീടു തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ആശ്രിതനായും കഴിഞ്ഞ നമ്പ്യാര്‍ (17 വര്‍ഷം തിരുവനന്തപുരത്തു കഴിഞ്ഞുവെന്നു ഗവേഷകര്‍) പേപ്പട്ടി വിഷമേറ്റു മരണമടഞ്ഞുവെന്നും കഥയുണ്ട്. തിരുവനന്തപുരത്തു വച്ച് മഹാരാജാവ് നമ്പ്യാര്‍ക്കു  'വീരശൃംഖല'യും 'രണ്ടേകാലും കോപ്പും' (ദിവസവും ഭക്ഷണത്തിനായി രണ്ടേകാല്‍ ഇടങ്ങഴി അരിയും അതിനുവേണ്ട സാമഗ്രികളും) കല്പിച്ചു കൊടുത്തിരുന്നതായും കൊട്ടാരം രേഖകളില്‍ കാണുന്നു. ഭക്തിപ്രധാനമായ അനേകം തുളളല്‍ക്കഥകള്‍ നര്‍മരസത്തോടു കൂടി നമ്പ്യാര്‍ രചിച്ചിട്ടുണ്ട്. ഉണ്ണായിവാര്യര്‍, രാമപുരത്തു വാര്യര്‍ എന്നിവരുടെ സമകാലികനായ കുഞ്ചന്‍ നമ്പ്യാര്‍ തുളളല്‍ക്കഥകള്‍ക്കു പുറമേ ശ്രീകൃഷ്ണചരിതം മണിപ്രവാളം, പഞ്ചതന്ത്രം കിളിപ്പാട്ട്, നളചരിതം കിളിപ്പാട്ട്, ഭഗവദ്ദൂത്, ശിവപുരാണം കിളിപ്പാട്ട് എന്നീ കൃതികളും രചിച്ചു. 

രാമപുരത്തുവാര്യര്‍
കുചേലവൃത്തം വഞ്ചിപ്പാട്ട് എന്ന ഒറ്റക്കാവ്യം കൊണ്ട് മലയാള സാഹിത്യത്തില്‍ ശാശ്വതവും സമുന്നതവുമായ സ്ഥാനം നേടിയ കവിയാണ് രാമപുരത്തു വാരിയര്‍. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ആശ്രിതനായിരുന്നു അദ്ദേഹം. 

കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെട്ട  രാമപുരം എന്ന പ്രദേശത്താണ് വാരിയരുടെ ജനനം.  ശങ്കരന്‍ എന്നാണ് യഥാര്‍ത്ഥ  പേര് എന്നും കൊ.വ. 878 കുംഭം 2-ന് (ക്രി.വ.1703) ആണ് അദ്ദേഹം ജനിച്ചതെന്നും ഉള്ളൂര്‍  രേഖപ്പെടുത്തുന്നു.  അമ്മ പാര്‍വതി വാരസ്യാരും അച്ഛന്‍ അമനകര ഗ്രാമത്തിലെ പുനം എന്ന ഇല്ലത്തെ പദ്മനാഭന്‍ നമ്പൂതിരിയും ആയിരുന്നു.  അച്ഛനില്‍നിന്ന് പ്രാഥമികവിദ്യാഭ്യാനം നേടിയ ശേഷം ഇരിങ്ങാലക്കുട ചെന്ന് ഉണ്ണായിവാരിയരില്‍ നിന്ന് സംസ്കൃതം പഠിച്ചു. സാഹിത്യത്തിലും സംഗീതത്തിലും നല്ല വാസന അദ്ദേഹത്തിനുണ്ടായിരുന്നു.  ജോതിഷപണ്ഡിത നായിരുന്നുവെന്നും പറയുന്നു.  മാലകെട്ടില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വൈദഗ്ദ്ധ്യത്തെക്കുറിച്ച് ഐതിഹ്യങ്ങളുണ്ട്.  

മഹാദാരിദ്ര്യത്തിലായിരുന്നു വാരിയരുടെ കുടുംബം.  അക്കാലത്ത് വടക്കുംകൂര്‍ രാജാക്കന്മാരുടെ ഒരു ശാഖ വെള്ളാലപ്പള്ളിയില്‍ താമസിച്ചിരുന്നു. ആ ശാഖയില്‍പ്പെട്ട രവിവര്‍മ്മ രാജാവിന്റെ ആശ്രിതനായിരുന്നു വാരിയര്‍.  രാജാവിനൊപ്പം വൈക്കംക്ഷേത്രത്തില്‍ പോകുകയും വൈക്കത്തപ്പനെ ഭജിക്കുകയും ചെയ്തുവന്നു അദ്ദേഹം.  കൊ. വ. 925-ല്‍ (1750) വടക്കുംകൂര്‍ തിരുവാതാംകൂര്‍ അധീനത്തിലായ ശേഷം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് വൈക്കം ക്ഷേത്രത്തില്‍ കുറേ ദിവസം ഭജനത്തിനായി എഴുന്നള്ളിത്താമസിക്കെ രവിവര്‍മ്മ രാജാവിന്റെ സഹാവത്തോടെ വാരിയര്‍ അദ്ദേഹത്തെ മുഖംകാണിച്ച് ചില സംസ്കൃതശ്ലോകങ്ങള്‍ സമര്‍പ്പിച്ചു.  അവയിലൊന്ന് തന്നെ കുചേലനോടും മഹാരാജാവിനെ കൃഷ്ണനോടും ഉപമിച്ചുകൊണ്ടുള്ളതായിരുന്നു. തന്നെ സ്തുതുച്ചുകൊണ്ടുള്ള ശ്ലോകങ്ങളില്‍ സംപ്രീതനായ മഹാരാജാവ് കുചേലോപാഖ്യാനം വഞ്ചിപ്പാട്ടായി രചിക്കാന്‍ രാമപുരത്തു വാരിയരോട് ആവശ്യപ്പെട്ടു.  മടങ്ങുമ്പോള്‍ അദ്ദേഹം വാരിയരെയും പളളിയോടത്തില്‍ തിരുവനന്തപുര ത്തേക്ക് കൂട്ടിക്കൊണ്ടുപോയി.  അതില്‍വെച്ച് വാരിയര്‍ താന്‍ രചിച്ച കുചേല വൃത്തം വഞ്ചിപ്പാട്ട് പാടിക്കേള്‍പ്പിച്ചു എന്നു പറയപ്പെടുന്നു.

മാര്‍ത്താണ്ഡവര്‍മ്മ വാരിയരെ കുറച്ചു കാലം തിരുവനന്തപുരത്ത് താമസിപ്പിച്ചു.  അവിടെ വെച്ചാണ് രാജകല്പന പ്രകാരം ഗീതഗോവിന്ദം പരിഭാഷ ചെയ്യുന്നത്.  അതിനു മുന്‍പ് വൈക്കത്തിനു സമീപം വെച്ചൂര്‍ എന്ന സ്ഥലത്ത് മഹാരാജാവ് രാമപുരത്തു വാരിയര്‍ക്കുവേണ്ടി മനോഹരമായ ഗ്യഹവും വസ്തുവകകളും നല്‍കി.  വാരിയര്‍ തിരിച്ചുപോയി അവിടെയും രാമപുരത്തുമായി ശിഷ്ടകാലം കഴിച്ചു.  

കുചേലവൃത്തം വഞ്ചിപ്പാട്ടാണ് രാമപുരത്തു വാരിയര്‍ക്ക് പ്രശസ്തി നേടിക്കൊടുത്തത്.  ജയദേവകൃതിയായ ഗീതഗോവിന്ദത്തിന്റെ മലയാളം പരിഭാഷയായ ഭാഷാഷ്ടപദിയും രാമപുരത്തുവാര്യരുടെ കൃതിയാണ്.  രണ്ടും മഹാരാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് രചിക്കുന്നത്.  അമരകോശത്തിന് ലഘു ഭാഷ എന്ന സംസ്കൃതവ്യാഖ്യാനം, 'നൈഷധം' തിരുവാതിരപ്പാട്ട് എന്നിവയാണ് രാമപുത്തു വാരിയരുടെ മറ്റു കൃതികള്‍. 'ലഘുഭാഷ' വടക്കുംകൂര്‍ രവിവര്‍മ്മ രാജാവിന്റെ ആവശ്യപ്രകാരം രചിച്ചതാണെന്ന് ആമുഖശ്ലോകത്തില്‍ പറയുന്നു.

 കൊ.വ.928 - ല്‍ (ക്രി.വ.1753)-ല്‍ രാമപുത്തു വച്ചാണ് വാരിയരുടെ മരണം എന്നു കരുതപ്പെടുന്നു.