കേരളത്തിലെ ഏറ്റവും പ്രാചീനരായ ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണ് ഊരാളികള്‍. ഇടുക്കി ജില്ലയാണ് ഇവരുടെ അധിവാസ കേന്ദ്രം. കൃഷിയാണ് ഇവരുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം. ഈറ്റകൊണ്ടുള്ള വീട്ടുപകരണങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നത് ഒരു ഉപതൊഴിലാണ്. മരത്തില്‍ കയറി തേനെടുക്കുന്നതില് ഊരാളികള്‍ വിദഗ്ധരാണ്. ഓണം, വിഷു, പുത്തരി തുടങ്ങിയ ആഘോഷങ്ങളെല്ലാം ഇവര്‍ കൊണ്ടാടാറുണ്ട്. വിവിധ ആഘോഷങ്ങളുടെ ഭാഗമായി ഊരാളികള്‍ പാട്ടും കളിയും അവതരിപ്പിക്കും.
ഊരാളികളുടെ ഇടയില്‍ പ്രചാരമുള്ള പ്രധാനകലാരൂപമാണ് മലങ്കൂത്ത്. വിവിധ ആചാരങ്ങളുടെ ഭാഗമായും ഉത്സവാഘോഷങ്ങളുടെ ഭാഗമായും മലങ്കൂത്ത് അവതരിപ്പിക്കാറുണ്ട്. സ്ത്രീകളും പുരുഷന്മാരും ഇതില്‍ പങ്കെടുക്കും. വൃത്താകൃതിയില്‍ നിന്നാണ് മലങ്കൂത്തിന്റെ തുടക്കം. വാദ്യമേളങ്ങളോടെ കൂത്ത് ആരംഭിക്കുന്നു. ഉടുക്ക്, കുഴല്‍, പറ തുടങ്ങിയ വാദ്യങ്ങളാണ് മലങ്കൂത്തിനുപയോഗിക്കുന്നത്. സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങളോ, കാരണവന്മാരോ ആണ് വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നത്. വാദ്യക്കാര്‍ പാടുന്ന പാട്ട് മറ്റു കളിക്കാരും ഏറ്റുപാടുന്നു. വാദ്യം മുറുകുന്നതോടെ വൃത്താകൃതിയില്‍ നിന്ന ആട്ടക്കാര്‍ വിവിധ രീതിയില്‍ നൃത്തച്ചുവട് അവതരിപ്പിക്കുകയും ശരീര ചലനത്തിന് വേഗത കൂടുകയും ചെയ്യും. ശരീരം അല്പം വളച്ച് മുന്നോട്ടും പിന്നോട്ടും നീങ്ങിക്കൊണ്ടുള്ള നൃത്തം ആകര്‍ഷകമാണ്. ആട്ടക്കാരും വാദ്യക്കാരും മാറിമാറി വരുന്നതായി കാണാം. നൃത്തം പുലര്‍ച്ചവരെ നീണ്ടു നില്ക്കും.