ചരിത്രപ്രസിദ്ധമായ മലനട പൊരുവഴി അമ്പലത്തില്‍ മറ്റു ക്ഷേത്രത്തില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അവിടുത്തെ ആരാധനാ മൂര്‍ത്തിതന്നെയാണ്. ഭാരത ഇതിഹാസമായ മഹാഭാരതത്തിലെ പ്രതിനായക കഥാപാത്രമായ ദുര്യോധനനെയാണിവിടെ ആരാധിച്ചു പോരുന്നത്. ക്ഷേത്രത്തില്‍ പ്രത്യേകമായൊരു പ്രതിഷ്ഠയോ ശ്രീകോവിലോ ഇല്ല എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. മാര്ച്ചുമാസത്തിലരങ്ങേറുന്ന എട്ടു ദിവസത്തെ `മലക്കുട' ഉത്സവത്തിനോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചയാണ് പ്രധാന ആകര്‍ഷണം. തിളക്കവും മിനുക്കുമുള്ള വര്‍ണ്ണാഭമായ കെട്ടുകാഴ്ച പരമ്പരാഗത വാദ്യോപകരങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്ര ആയിരങ്ങളെ അതിശയിപ്പിക്കുന്ന അവിസ്മരണീയതയാണ്. ആവേശത്തോടെ ഗ്രാമവാസികള്‍ പടുത്തുയുര്ത്തുന്ന 70 മുതല്‍ 80 വരെ അടി ഉയരംവരുന്ന ഈ കെട്ടുകാഴ്ചകള്‍ രഥത്തിന്റെ സഹായത്തോടെയോ ആളുകള്‍ തോളിലേറ്റിയോ ആണ് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്.