ചെറുകഥ: ഒന്നാംഘട്ടം

മലയാള ചെറുകഥാസാഹിത്യത്തിന്റെ തുടക്കം 1891-ല്‍ 'വിദ്യാവിനോദിനി' മാസികയില്‍ പ്രസിദ്ധപ്പെടുത്തിയ 'വാസനാ വികൃതി' എന്ന കഥയോടെയാണ് എന്ന കാര്യത്തില്‍ ഇന്ന് ഏകാഭിപ്രായമാണുള്ളത്. കഥാകൃത്തിന്റെ പേരു വെയ്ക്കാതെ പ്രസിദ്ധീകരിച്ച ഈ കഥ പത്രപ്രവര്‍ത്തകന്‍ കൂടിയായ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടേതാണ്.

പത്രപ്രവര്‍ത്തനമേഖലയ്ക്കു പെട്ടെന്ന് നല്ല പ്രചാരം സിദ്ധിച്ചത് ചെറുകഥയുടെ ഉദയത്തിനും കാരണമായി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ പത്രപ്രവര്‍ത്തനത്തിന്റെ ഒരു ഉപോല്‍പ്പന്നമായിരുന്നു ആദ്യകാലത്തെ ചെറുകഥകള്‍. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ശീവൊള്ളി നാരായണന്‍ നമ്പൂതിരി, പന്തളം കേരളവര്‍മ്മ, അപ്പന്‍ തമ്പുരാന്‍, സി. വി. കുഞ്ഞുരാമന്‍, സി. പി. അച്യുത മേനോന്‍, കാരാട്ട് അച്യുതമേനോന്‍, തേലപ്പുറത്തു നാരായണ നമ്പി, ചിത്രമെഴുത്തു കെ. എം. വര്‍ഗ്ഗീസ്, ഇ. ഐ. പെങ്ങിയച്ചന്‍, കണ്ണമ്പ്ര കുഞ്ഞുണ്ണി നായര്‍, എം. രത്‌നം, ഇവരെ തുടര്‍ന്ന് കെ. പി. കേശവ മേനോന്‍, കെ. എന്‍. എഴുത്തച്ഛന്‍, ചേലനാട്ട് അച്യുതമേനോന്‍, സി. എ. കിട്ടുണ്ണി, എസ്. രാമവാര്യര്‍, കെ. എസ്. മണി, വട്ടവിളാകത്തു ശങ്കരപ്പിള്ള, പാവുണ്ണി തൈക്കാട് എന്നിവര്‍ അക്കാലത്തെ എഴുത്തുകാരില്‍ പെടുന്നു.