സാഹിത്യവുമായി ഇഴപിരിയാത്ത കാലഘട്ടം (1950-1970)കുഞ്ചാക്കോ ആലപ്പുഴയില്‍ സ്ഥാപിച്ച ഉദയാ സ്റ്റുഡിയോ, സുബ്രഹ്മണ്യം തിരുവനന്തപുരത്ത് നേമത്ത് സ്ഥാപിച്ച മെരിലാന്‍ഡ് എന്നിവ സജീവമായതോടെ വര്‍ഷം ഒരു സിനിമ എന്നപതിവ് മാറി. 1950-ല്‍ ആറ് സിനിമകള്‍ പുറത്തുവന്നു. ആദ്യ ശബ്ദചിത്രമായ ബാലന്റെ ഇതിവൃത്തമായ രണ്ടാനമ്മയുടെ ക്രൂരതകള്‍ തന്നെയായിരുന്നു മിക്ക സിനിമകളും ആവര്‍ത്തിച്ചത്. തമിഴില്‍ വിജയംവരിച്ച സിനിമകള്‍ അപ്പടി പകര്‍ത്താനും പുരാണകഥകള്‍ സിനിമയാക്കാനും ശ്രമം നടന്നു. തമിഴില്‍നിന്ന് സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും മലയാളസിനിമയിലേക്ക് ധാരാളമായെത്തി. 1951-ല്‍ 'ജീവിതനൗക' എന്ന സിനിമ പുറത്തുവന്നു.

ബാലന്റെ കഥാകൃത്ത് മുതുകുളം രാഘവന്‍പിള്ള രചിച്ച് കെ. വേമ്പു സംവിധാനം ചെയ്ത ജീവിതനൗകയില്‍ തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു നായകന്‍. നെടുങ്കന്‍ സംഭാഷണങ്ങളും അതിവൈകാരികത നിറഞ്ഞ കഥാസന്ദര്‍ഭങ്ങളും ജനത്തിന് ബോധിച്ചതോടെ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സിനിമയായി ജീവിതനൗക. മലയാളസിനിമയ്ക്ക് വാണിജ്യാടിത്തറ നല്‍കിയ സിനിമയെന്ന പ്രത്യേകതയും ജീവിതനൗകയ്ക്കുണ്ട്.

അമ്പതുകളില്‍ മലയാളസാഹിത്യരംഗത്തുണ്ടായ ഉണര്‍വ് സിനിമയിലും പ്രതിഫലിച്ചു. ചെറുപ്പക്കാരും പ്രതിഭാശാലികളുമായ നിരവധി എഴുത്തുകാര്‍ സിനിമയുമായി സഹകരിച്ചു. ചന്ദ്രതാരാ പ്രൊഡക്ഷന്‍സ് എന്ന പ്രശസ്ത നിര്‍മ്മാണ കമ്പനിയുടെ സാരഥി ടി. കെ. പരീക്കുട്ടി ഒരു സംഘം പ്രതിഭാശാലികളെ ഒന്നിപ്പിച്ച് സിനിമയില്‍ സഹകരിപ്പിച്ചു. മലയാളത്തിന്റെ മണ്ണിനോട് ബന്ധമുള്ള ആദ്യചിത്രമായ 'നീലക്കുയില്‍' (1954) പുറത്തു വന്നത് അങ്ങനെയാണ്. ഉറൂബിന്റെ കഥയെ അവലംബിച്ച് രാമുകാര്യാട്ടും പി. ഭാസ്കരനും ചേര്‍ന്ന് സംവിധാനം ചെയ്ത നീലക്കുയിലാണ് മലയാളത്തിലെ ആദ്യത്തെ യാഥാര്‍ത്ഥ്യബോധമുള്ള സിനിമ. രാഷ്ട്രപതിയുടെ വെള്ളി മെഡല്‍നേടിയ ആദ്യസിനിമയെന്ന ഖ്യാതിയും ദേശീയതലത്തില്‍ മലയാളത്തിന് മേല്‍വിലാസമുണ്ടാക്കിയ ചിത്രമെന്ന ഖ്യാതിയും നീലക്കുയിലിനുണ്ട്. ഇതൊടെ സാഹിത്യകൃതികള്‍ സിനിമയാക്കുന്ന പ്രവണത വര്‍ധിച്ചു. പാടാത്തപൈങ്കിളി (1957), രണ്ടിടങ്ങഴി (1958), മുടിയനായ പുത്രന്‍ (1961), പുതിയ ആകാശം, പുതിയ ഭൂമി (1963), ഓടയില്‍നിന്ന് (1965) തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ സാഹിത്യവും സിനിമയും കൈകോര്‍ത്തു.

റിലീസ് ചെയ്ത സമയത്ത് ഒട്ടും ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ പില്‍ക്കാലത്ത്, മലയാളാത്തിലെ ആദ്യത്തെ റിയലിസ്റ്റിക് സിനിമയെന്ന് വാഴ്ത്തപ്പെട്ട 'ന്യൂസ് പേപ്പര്‍ ബോയ്' (1955) പോലുള്ള സംരംഭങ്ങളും സമാന്തരമായുണ്ടായി.

അമ്പതുകളുടെ തുടക്കത്തോടെതന്നെ ഒരു സംഘം ചെറുപ്പക്കാര്‍ സിനിമാഭിനയ രംഗത്ത് എത്തിയിരുന്നു. സത്യന്‍, പ്രേം നസീര്‍ എന്നീ നിത്യഹരിത നായകന്‍മാര്‍  രംഗം കീഴടക്കിത്തുടങ്ങി. അമ്പതുകളുടെ അവസാനത്തോടെ സത്യന്‍, നസീര്‍, ഷീല, ശാരദ, ഉമ്മര്‍, പി. ജെ. ആന്‍റണി, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, അടൂര്‍ ഭാസി, ബഹദൂര്‍ തുടങ്ങി ഒരു വലിയ സംഘം മലയാളസിനിമയില്‍ നിര്‍ണ്ണായകമായി. 1961-ല്‍ ആദ്യ കളര്‍ സിനിമയായ 'കണ്ടംബച്ച കോട്ട്' റീലിസ് ചെയ്തു.

മലയാളസിനിമയില്‍ അണിയറയില്‍ താരോദയമുണ്ടായ കാലഘട്ടം കൂടിയാണിത്. വയലാര്‍ - ദേവരാജന്‍ സഖ്യം, ബാബുരാജ്, കെ. രാഘവന്‍, എം.ടി. വാസുദേവന്‍ നായര്‍ (മുറപ്പെണ്ണ്, 1965), യേശുദാസ് (കാല്‍പ്പാടുകള്‍, 1961), ഒ.എന്‍.വി. കുറുപ്പ് (കാലം മാറുന്നു, 1955) തുടങ്ങി ഒട്ടേറെ പ്രതിഭാധനന്‍മാര്‍ മലയാളസിനിമയെ ധന്യമാക്കി. പി. ഭാസ്കരന്‍, രാമു കാര്യാട്ട്, എ. വിന്‍സന്‍റ് തുടങ്ങിയവര്‍ ഭേദപ്പെട്ട ചിത്രങ്ങള്‍ അണിയിച്ചൊരുക്കി. കെ. സേതുമാധവന്‍, ശശികുമാര്‍, എം. കൃഷ്ണന്‍ നായര്‍, പി. സുബ്രഹ്മണ്യം, കുഞ്ചാക്കോ തുടങ്ങിയവര്‍ വാണിജ്യസിനിമയുടെ നെടുംതൂണുകളായി.

1965-ല്‍ ദക്ഷിണേന്ത്യയ്ക്കൊന്നാകെ ഹരം പകര്‍ന്നുകൊണ്ട് രാമുകാര്യാട്ട് സംവിധാനം ചെയ്ത 'ചെമ്മീന്‍' പുറത്തുവന്നു. ദേശീയതലത്തില്‍ മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രം എന്ന ഖ്യാതി നേടിയ ചെമ്മീന്‍, മലയാളസിനിമയ്ക്ക് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തു. ഫ്രഞ്ച് ഛായാഗ്രാഹകന്‍ മാര്‍ക്കസ് ബര്‍ട്ട്‌ ലി, ഇന്ത്യയിലെ മികച്ച സാങ്കേതികവിദഗ്ധര്‍, ഗായകര്‍, എഡിറ്റര്‍ എന്നിങ്ങനെ അങ്ങേയറ്റം പ്രൊഫഷണലുകളായ ഒരു വന്‍ സംഘത്തെ അണിനിരത്തിയാണ് കാര്യാട്ട് ചെമ്മീന്‍ ഒരുക്കിയത്. ചെമ്മീന്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു സംഭവമായി.

1969 മുതല്‍ കേരളസര്‍ക്കാര്‍ മലയാളസിനിമയ്ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്തി. 'കുമാരസംഭവം' ആദ്യത്തെ മികച്ചചിത്രമായി, വിന്‍സന്‍റ് (നദി) സംവിധായകനും, സത്യന്‍ (കടല്‍പ്പാലം), ഷീല (കള്ളിച്ചെല്ലമ്മ) എന്നിവര്‍ മികച്ച അഭിനേതാക്കളായി.