വിവിധഘട്ടങ്ങളില്‍ അച്ചടിക്കുവേണ്ടി പലര്‍ നടത്തിയ രൂപകല്പനകളിലൂടെയാണ് ആധുനിക മലയാള ലിപികള്‍ക്ക് ഇന്നത്തെ ആകൃതി കൈവന്നത്. അച്ചുകള്‍ വാര്‍ത്തെടുക്കാന്‍ ശ്രമിച്ചവരാണ് ഈ മഹായത്‌നത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത്. ചതുരവടിവിലായിരുന്ന ലിപികള്‍ വട്ടവടിവിലേക്കു പരിണമിച്ച കഥയാണു മലയാളലിപികളുടെ രൂപകല്പനയുടേത്.
ആദ്യമായി മലയാളലിപികള്‍ മുദ്രണം ചെയ്യപ്പെട്ടതു ഹോര്‍ത്തൂസ് മലബാറിക്കൂസിലാണ്. ചെമ്പുതകിടില്‍ കൈകൊണ്ടു കൊത്തിയുണ്ടാക്കിയ ബ്ലോക്കുകള്‍ ഉപയോഗിച്ചാണ് ഈ ലാറ്റിന്‍ പുസ്തകത്തില്‍ മലയാളലിപികള്‍ മുദ്രണം ചെയ്തത്. റോമില്‍ മുദ്രണം ചെയ്തതും മലയാളത്തിലെ ആദ്യത്തെ അച്ചടിച്ച കൃതിയുമായ സംക്ഷേപവേദാര്‍ത്ഥ (1772) ത്തിനുവേണ്ടി ക്ലെമന്റ് പീയാനിയൂസ് പാതിരിയുടെ നേതൃത്തില്‍ അച്ചുകള്‍ നിര്‍മ്മിച്ചു. ഗ്രന്ഥലിപിയാണ് മലയാളം അക്ഷരങ്ങള്‍ക്കായി അദ്ദേഹം തെരഞ്ഞെടുത്തത്. തുഞ്ചത്തെഴുത്തച്ഛന്റെ കാലം മുതല്‍ വ്യാപകമായ ഗ്രന്ഥലിപി അങ്ങനെ അച്ചടിയിലെത്തിയതോടെ മാനകലിപിയായി. റോമില്‍ അച്ചടിച്ച ആല്‍ഫബെത്തും ഗ്രാന്‍ഡോനിക്കോ മലബാറിക്കും എന്ന കൃതിക്കുവേണ്ടി 1128 മലയാള അച്ചുകളാണ് കൊത്തിയുണ്ടാക്കിയത്. മലയാളം ടൈപ്പോഗ്രഫിയുടെ പിതാവ് എന്ന ബഹുമതി ക്ലെമന്റ് പാതിരിക്കാണു നല്‍കേണ്ടതെന്ന് കെ.എം. ഗോപി അഭിപ്രായപ്പെടുന്നു. (ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും, 1998).
മുംബൈയിലെ കൂറിയര്‍ പ്രസ് 18-ാം നൂറ്റാണ്ടിന്റെ ഒടുവില്‍ മലയാള മുദ്രണം തുടങ്ങിയപ്പോള്‍ അച്ചുകള്‍ കൊത്തിയുണ്ടാക്കിയത് ബെഹ്‌റാംജി ജീജിഭായ് (ജീജാഭായ് ചാപ്ഘര്‍) എന്ന പാഴ്‌സി ടൈപ്പോഗ്രഫറായിരുന്നു. മലബാര്‍ അച്ചുകള്‍ എന്നു പേരിട്ട ആ ടൈപ്പുകളുടെ പരസ്യത്തിനായി എ സ്‌പെസിമിന്‍ ഓപ് മലബാര്‍ ടൈപ്‌സ് എന്ന പേരിട്ട ഒരു വശത്തുമാത്രം അച്ചടിയുള്ള ബ്രോഡ്ഷീറ്റും ജീജിഭായ് അച്ചടിച്ചു. റോമിലെ മലയാള അച്ചുകള്‍ക്കു സമാനമാണ് കൂറിയര്‍ അച്ചുകളും. ഇവ ഉപയോഗിച്ചാണു റോബര്‍ട്ട് ഡ്രമണ്ടിന്റെ മലയാളവ്യാകരണവും (ഗ്രാമര്‍ ഓഫ് ദ മലബാര്‍ ലാങ്‌ഗ്വേജ്) പുതിയ നിയമവും (1811) അച്ചടിച്ചത്.
കേരളത്തില്‍ മലയാളം അച്ചടി ആരംഭിച്ച ബെഞ്ചമിന്‍ ബെയ്‌ലിയാണ് മലയാളലിപികളുടെ മുദ്രണരൂപത്തിന് ഇന്നത്തെ രൂപം നല്‍കിയത്. കൂറിയര്‍ അച്ചുകളിലെയും മറ്റും ചതുരവടിവു മാറ്റി വട്ടവടിവിലുള്ള (ഉരുണ്ട) അക്ഷരങ്ങളാണു ബെയ്‌ലി ഉപയോഗിച്ചത്. വട്ടത്തിലേക്കുള്ള ഈ മാറ്റം മലയാളലിപികളുടെ ചരിത്രത്തിലെ വലിയ ചുവടുവയ്പായിരുന്നു. അച്ചു നിര്‍മ്മാണത്തിന്റെ സാങ്കേതികവശങ്ങള്‍ അറിയാത്ത ബെയ്‌ലി മലയാളികളായ ഒരു മരപ്പണിക്കാരന്റെയും രണ്ടു ലോഹപ്പണിക്കാരന്റെയും സഹായത്തോടെയാണ് മലയാളം അച്ചുകള്‍ രൂപകല്പന ചെയ്തത്. ബെയ്‌ലിയുടെ പരിഷ്കാര ശ്രമങ്ങള്‍ മലയാള ലിപിയുടെ രൂപമാറ്റത്തിനു വഴി തെളിച്ചു. റോം, ബോംബെ എന്നിവിടങ്ങളില്‍ കൊത്തിയുണ്ടാക്കിയ ചതുരവടിവിലുള്ള പുതിയ ഉരുണ്ടവടിവിലുള്ള ടൈപ്പുകള്‍ക്കു വഴി മാറിക്കൊടുത്തു. വട്ടവടിവെന്നും നൂതനരൂപത്തെ വിശേഷിപ്പിക്കാം. അങ്ങനെ 1824-നോടടുത്ത് ബെയ്‌ലി മലയാളത്തിനു പുതിയ ഒരു നിര അച്ചുകള്‍ സമ്മാനിച്ചു. ഏതാനും പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി മലയാള അച്ചുകള്‍ക്ക് 1829-ല്‍ അദ്ദേഹം അന്തിമരൂപം നല്‍കി. ബെയ്‌ലി നിര്‍ധാരണം ചെയ്ത അച്ചുകള്‍ വലിയ മാറ്റങ്ങളില്ലാതെ ഈ നൂറ്റാണ്ടിലെ അറുപതുകള്‍ വരെ നാം ഉപയോഗിക്കുകയും ചെയ്തു.