മലയാളലിപി

ആധുനിക മലയാളലിപി രൂപപ്പെട്ടത് ഗ്രന്ഥലിപിയില്‍ നിന്നാണെന്നു കരുതുന്നു. ആര്യ എഴുത്ത് എന്നും ഗ്രന്ഥലിപിക്ക് പേരുണ്ട്. ഗ്രന്ഥലിപി പ്രാധാന്യം നേടുന്നതിന് മുമ്പ് മലയാളമെഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപി വട്ടെഴുത്തായിരുന്നു. കോലെഴുത്ത്, മലയാണ്‍മ എന്നീ ലിപികളും പ്രചാരത്തിലുണ്ടായിരുന്നു.

എ. ഡി. ഏഴാം നൂറ്റാണ്ടുമുതല്‍ ദക്ഷിണേന്ത്യയില്‍ സംസ്കൃതം എഴുതാന്‍ ഉപയോഗിച്ചിരുന്ന ലിപിയാണ് ഗ്രന്ഥലിപി അഥവാ ഗ്രന്ഥാക്ഷരം. കാഞ്ചീപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന പല്ലവരാണ് സംസ്കൃതമെഴുതാനുള്ള അക്ഷരങ്ങള്‍ തമിഴില്‍ ഇല്ലായിരുന്നതുകൊണ്ട് ഗ്രന്ഥലിപി പ്രചാരത്തിലാക്കിയത്. അത് കേരളത്തിലേക്കും വ്യാപിച്ചു. പാണ്ഡ്യ, വിജയനഗര സാമ്രാജ്യങ്ങളുടെ കാലത്ത് തമിഴ്‌നാട്ടില്‍ പൂര്‍വ്വ ഗ്രന്ഥലിപിയും മലബാറില്‍ പശ്ചിമ ഗ്രന്ഥലിപിയും വെവ്വേറെ വളര്‍ന്നു വികസിച്ചു. പശ്ചിമ ഗ്രന്ഥലിപി വളര്‍ന്നു വികസിച്ച് തുളു, മലയാളം ഭാഷകള്‍ എഴുതാന്‍ ഉപയോഗിച്ചു.

സംസ്കൃതഗ്രന്ഥങ്ങള്‍ പകര്‍ത്താന്‍ വര്‍ഗാക്ഷരങ്ങള്‍ ഇല്ലാത്ത വട്ടെഴുത്തുകൊണ്ട് പ്രയോജനമില്ലാതായപ്പോഴാണ് വര്‍ഗാക്ഷരങ്ങളുള്ള ഗ്രന്ഥലിപി സ്വീകാര്യമായത്. വട്ടെഴുത്തിന്റെ ഈ ന്യൂനത പരിഹരിക്കാന്‍ വേണ്ടിയാണ് എഴുത്തച്ഛന്‍ ഗ്രന്ഥാക്ഷരങ്ങളെ തലയും വാലും മുറിച്ച് മേനിയാക്കി മലയാളത്തില്‍ ഇപ്പോള്‍ നടപ്പുള്ള അക്ഷരമാല തീര്‍ത്തത്. എന്നാല്‍ 'മലയാളാക്ഷരമാല എഴുത്തച്ഛന്‍ നിര്‍മ്മിച്ചു' എന്നു പറയാന്‍ തരമില്ല. തുളുക്കാരും ഈ അക്ഷരമാല തന്നെ ഉപയോഗിച്ചിരുന്നു. അതുകൊണ്ട് 'തുളു മലയാളം അക്ഷരമാല' എന്നും നമ്മുടെ അക്ഷരമാലയ്ക്കു പേരുണ്ടായിരുന്നുവെന്ന് എ. ആര്‍. രാജ രാജവര്‍മ അഭിപ്രായപ്പെട്ടിട്ടുണ്ട്.

പ്രാചീന ഭാരതീയ ലിപിയായ ബ്രാഹ്മിയില്‍ നിന്നാണ് ഗ്രന്ഥലിപിയും രൂപപ്പെട്ടത്. “ലിപിയുടെ ഘടനയിലും ലിപിമാലയുടെ പൂര്‍ണ്ണതയിലും ആധുനിക മലയാള ലിപിക്കുള്ള കടപ്പാട് ഗ്രന്ഥലിപിയോടാണ്. കാരണം ഗ്രന്ഥലിപിയില്‍ എല്ലാ വര്‍ഗാക്ഷരങ്ങളുമുണ്ട്. വട്ടെഴുത്തിലും കോലെഴുത്തിലും മലയാണ്‍മയിലും വര്‍ഗാക്ഷരങ്ങളില്ലാത്തതിനാലും മലയാളഭാഷയ്ക്ക് ഈ അക്ഷരങ്ങള്‍ ആവശ്യമുള്ളതുകൊണ്ടുമാണ് മലയാളമെഴുതാന്‍ ഗ്രന്ഥലിപിമാല കടമെടുക്കേണ്ടി വന്നത്. പശ്ചിമ ഗ്രന്ഥലിപിക്ക് തുളു - മലയാളമെന്നും (തുളുവും മലയാളവും എഴുതാന്‍ ഉപയോഗിച്ചിരുന്നതു കൊണ്ട്) ആര്യ എഴുത്ത് (ആര്യഭാഷയായ സംസ്കൃതമെഴുതാന്‍ ഉപയോഗിച്ചിരുന്നതുകൊണ്ട്) എന്നും പേരുകള്‍ ഉണ്ടായിരുന്നു”. വട്ടെഴുത്തിലും കോലെഴുത്തിലുമുള്ള ലിഖിതങ്ങളില്‍ സംസ്കൃതപദങ്ങള്‍ എഴുതിയിരുന്നത് ഗ്രന്ഥലിപി ഉപയോഗിച്ചായിരുന്നുതാനും. ഇതെല്ലാം സൂചിപ്പിക്കുന്നത് ഗ്രന്ഥലിപിയില്‍ നിന്നാണ് ആധുനിക മലയാളലിപി രൂപപ്പെട്ടതെന്നാണ്.