സാംസ്‌കാരിക സ്ഥാപനങ്ങള്‍


മലയാളം മിഷന്‍

കേരളം ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുള്ള ഒരു ദേശമാണ്. സാമൂഹികവും രാഷ്ട്രീയവും മതപരവും ആയ മേഖലകളില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കേരള സമൂഹത്തില്‍ പണ്ടു മുതല്‍ക്കേ കാണുവാന്‍ കഴിയും. എന്നാല്‍ ഈ വൈവിദ്ധ്യങ്ങളുടെ അടിത്തട്ടില്‍ തികച്ചും സ്വതന്ത്രമായ ഒരു സംസ്കാരം നിലനിന്നു പോരുന്നു എന്നുള്ളതും ചരിത്ര സത്യമാണ്. അതാണ് ഈ നാടിന്റെ തനതു സംസ്കാരം. ആ സംസ്കാരത്തിന്റെ ശക്തമായ പ്രതിഫലനം ഈ ദേശത്തിന്റെ ഭാഷയായ മലയാളത്തിലും കാണാവുന്നതാണ്.

ദ്രാവിഡ ഗോത്രത്തില്‍പ്പെടുന്ന മലയാള ഭാഷയ്ക്ക് 2013-ല്‍ ശ്രഷ്ഠ പദവി ലഭിച്ചു. ഈ മലയാള ഭാഷയും സംസ്കാരവും ആഗോളതലത്തില്‍ പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍ കീഴില്‍ ആരംഭിച്ച സംരംഭമാണ് മലയാളം മിഷന്‍.

പ്രവാസി മലയാളികള്‍ക്ക് ഭാഷാ പഠനം സാധ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നേരത്തെ തുടങ്ങിയിരുന്നെങ്കിലും 2009 ഒക്ടോബര്‍ 22-നാണ് ഔപചാരികമായി മലയാളം മിഷന്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. തിരുവനന്തപുരം ആസ്ഥാനമായ മിഷന്റെ മേഖലാ ഓഫീസുകള്‍ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലുണ്ട്. കൂടാതെ നൂറു കണക്കിന് പഠന കേന്ദ്രങ്ങള്‍ ഇന്ത്യയ്ക്കകത്തും ലോകത്തിന്റെ പലഭാഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്.

2011 ജൂലായില്‍ ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസില്‍ മലയാളം മിഷന്റെ ഒരു ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. 'പൂക്കാലം' എന്നൊരു വെബ് മാസികയും ഇതോടൊപ്പം ആരംഭിച്ചു. പ്രവാസി മലയാളികളുടെ കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുന്നതോടൊപ്പം ഭാഷാ പ്രേമവും ദേശസ്‌നേഹവും അവരില്‍ വളര്‍ത്തിയെടുക്കുക എന്നതും മിഷന്റെ ലക്ഷ്യങ്ങളാണ്. ഇതിനായി സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമാ, ഹയര്‍ ഡിപ്ലോമാ, സീനിയര്‍ ഹയര്‍ ഡിപ്ലോമാ തുടങ്ങിയ വിവിധ കോഴ്‌സുകളും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ സാംസ്കാരികമോ ചരിത്രപരമോ ആയ പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പഠന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് അവസരമൊരുക്കുന്നതും മലയാളം മിഷന്റെ പദ്ധതികളില്‍ ഉള്‍പ്പെട്ടതാണ്.

മലയാളം മിഷനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.