മലയാണ്‍മ (ലിപി)

പ്രാചീനകാലത്ത് മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്ന ഒരു ലിപിയാണ് മലയാണ്‍മ. എല്‍. എ. രവിവര്‍മയാണ് ഈ ലിപിയെപ്പറ്റി വിശദമായ സൂചന നല്‍കിയത്. വട്ടെഴുത്തിന്റയും കോലെഴുത്തിന്റെയും സമ്മിശ്രരൂപങ്ങളില്‍ നിന്നു വികസിച്ചതാണ് മലയാണ്‍മയെന്നു കരുതുന്നു. ഗ്രന്ഥലിപിയോട് മലയാണ്‍മയ്ക്കു ബന്ധമില്ലെന്ന് പില്‍ക്കാല ഗവേഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത് എന്നിവയ്‌ക്കെന്നപോലെ മലയാണ്‍മയ്ക്കും വര്‍ഗാക്ഷരങ്ങള്‍ ഇല്ല എന്നു മാത്രമല്ല ദ്രാവിഡ ഭാഷകള്‍ക്കുമാത്രം ചേരുന്ന മറ്റു ചില അക്ഷരങ്ങള്‍ ഉണ്ടുതാനും. ആധുനിക മലയാളലിപിയുമായി വളരെയേറെ വ്യത്യസ്തമാണ് മലയാണ്‍മ. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ എന്നിവ മൂന്നും ഒരേ കുടുംബത്തില്‍ നിന്നു വികസിച്ച ലിപികളാണ് എന്നു കരുതുകയാണ് അഭികാമ്യം.

മലയാളനാട്ടിലെ ഭാഷ എന്ന അര്‍ത്ഥത്തില്‍ ഒരു കാലത്ത് മലയാണ്‍മ എന്ന പദം ഉപയോഗിച്ചിരുന്നുവെന്ന് 'കേരളപാണിനീയ'ത്തില്‍ എ.ആര്‍.രാജരാജവര്‍മ അഭിപ്രായപ്പെടുന്നു. മലയാളഭാഷയുടെ വികാസത്തിലെ മധ്യമഘട്ടമായ എ. ഡി. 1325 - 1625 കാലത്തെ 'മലയാണ്‍മക്കാലം' എന്നാണ് രാജരാജവര്‍മ വിളിക്കുന്നത്. മലയാണ്‍മ എന്ന കൗമാരദശ കഴിഞ്ഞാണ് മലയാളം എന്ന യൗവനദശയിലേക്ക് മലയാളഭാഷ എത്തിയതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കേരളത്തില്‍ സംസാരിച്ചിരുന്ന തമിഴിനെ 'മലയാം തമിഴ്' എന്നു വിളിച്ചിരുന്നിരിക്കാമെന്നും അത് ചുരുങ്ങി 'മലയാണ്‍മ' എന്നായതാവാമെന്നും രാജരാജവര്‍മ അഭ്യൂഹിക്കുന്നു.