ഇടുക്കി ജില്ലയില്‍ താമസിക്കുന്ന ആദിവാസി സമൂഹമാണ് മലപ്പുലയര്‍. പാലക്കാട് ജില്ലയിലും ഇവരുണ്ട്. തമിഴ്നാട്ടില്‍ നിന്നും കുടിയേറി വന്നവരാണ് ഇവര്‍. മാരിയമ്മന്‍, കാളിയമ്മന്‍, മീനാക്ഷി തുടങ്ങിയ ദേവതകളാണ് ഇവരുടെ ആരാധനാ മൂര്‍ത്തികള്‍. മലപ്പുലയര്‍ ആഘോഷങ്ങളോടനുബന്ധിച്ചു നടത്തുന്ന ആകര്‍ഷകമായ നൃത്തരൂപമാണ് മലപ്പുലയാട്ടം.
ചിക്കുവാദ്യം, ഉറുമി (തുടി പോലുള്ള വാദ്യം), കിടിമുട്ടി, കുഴല്‍, കട്ടവാദ്യം തുടങ്ങിയ ഉപകരണങ്ങളാണ് വാദ്യത്തിന് ഉപയോഗിക്കുന്നത്.
ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. കുഴല്‍ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയില്‍ നിന്ന് കൈകൊട്ടിയും ശരീരം പ്രത്യേക രീതിയില്‍ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്. സന്ധ്യക്ക് തുടങ്ങുന്ന കലാപ്രകടനം പുലരുന്നതു വരെ നീണ്ട് നില്ക്കും. നൃത്തത്തിന് പാട്ട് പാടാറില്ല. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടും. ഇടക്ക് കോല് കൊണ്ടുള്ള കളിയും ഉണ്ട്.
അത്യധികം ശാരീരികാധ്വാനമുള്ള കളിയാണ് മലപ്പുലയാട്ടം. മുറുകിയ താളത്തില്‍ ദൃശ്യരൂപങ്ങളുടെ നൈരന്തര്യം തീര്‍ത്തു കൊണ്ട് ആടിത്തിമര്‍ക്കുന്ന മലപ്പുലയാട്ടം ചാരുതയാര്‍ന്ന ഗോത്രനൃത്തമാണ്.