ശാസനങ്ങള്‍


മാമ്പള്ളിശാസനം

ലഭ്യമായ ശാസനങ്ങളില്‍ കൊല്ലവര്‍ഷം (149) ആദ്യമായി ഉപയോഗിച്ചിട്ടുള്ള രേഖ ആറ്റിങ്ങലിനടുത്ത് കീഴാറ്റിങ്ങലിലുള്ള മാമ്പള്ളിമഠത്തില്‍നിന്നു ലഭിച്ചതുകൊണ്ടാണ് ഈ താമ്രശാസനത്തിന് ഈ പേരു ലഭിച്ചത്. വേണാട്ടുരാജാക്കന്മാരുടെ പനങ്കാവില്‍ കൊട്ടാരത്തെപ്പറ്റി പരാമര്‍ശിക്കുന്ന പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന, ആദ്യരേഖയാണിത്. തരിസ്സാപ്പള്ളി ശാസനത്തില്‍ പ്രത്യക്ഷപ്പെടുന്ന അയ്യനടികള്‍ തിരുവടികള്‍ കഴിഞ്ഞാല്‍ ശാസനങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന വേണാട് രാജാവ് ഈ പട്ടയത്തിലെ ശ്രീവല്ലഭന്‍ കോതയാണ്.

വേണാട്ടുരാജാവായ ശ്രീവല്ലഭന്‍കോതയും തിരുക്കലയപുരത്ത് ആതിച്ചന്‍ ഉമയമ്മയും ചെങ്ങന്നൂര്‍ ക്ഷേത്രഭരണസമിതിയിലെ പൊതുവാള്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളും കൊല്ലത്തെ പനമ്മാവില്‍ കൊട്ടാരത്തിലെ ഉയര്‍ന്ന കൊട്ടിലില്‍ ഒന്നിച്ചു കൂടി, അയിരൂര്‍ ക്ഷേത്രത്തിന്റെയും ചിറ്റൂര്‍ നടയുടെയും ഭരണത്തിന് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതാണ് ശാസനത്തിലെ പ്രധാനപരാമര്‍ശം. ഒരു വ്യക്തി ചെങ്ങന്നൂര്‍ ക്ഷേത്രത്തിലേക്ക് ഭൂമി ദാനം ചെയ്യുന്നതും പരാമര്‍ശിക്കുന്നുണ്ട്. എ.ഡി.974-ലെ ഈ ശാസനം അക്കാലത്തെ ചരിത്രസംഭവങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഭാസ്കര രവി, ഇന്ദുക്കോതവര്‍മ്മ തുടങ്ങിയ കുലശേഖരപ്പെരുമാക്കന്മാരുടെ കാലം കണ്ടെത്താന്‍ മാമ്പള്ളി ശാസനം സഹായകമായി.

ശാസനത്തിലെ ഭാഷ തമിഴാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും അത് ശരിയല്ല. വെച്ചു, രക്ഷിച്ചു, പടുവിതു, ഇരുന്നരുളിയെടത്ത്, അട്ടിയെടുത്തു തുടങ്ങിയ പ്രയോഗങ്ങള്‍ തമിഴില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. കേരളപാണിനി പറഞ്ഞിട്ടുള്ള നയങ്ങളില്‍ പുരുഷഭേദനിരാസം ഒഴികെ മറ്റു മിക്കതിന്റെയും പ്രവര്‍ത്തനം മാമ്പള്ളി ശാസനത്തിനു മുമ്പേ ആരംഭിച്ചു കഴിഞ്ഞുവെന്ന് ഇളംകുളം അഭിപ്രായപ്പെട്ടിട്ടുണ്ട്.