അത്യുത്തരകേരളത്തില്‍ ചില സമുദായക്കാരുടെ മംഗള കര്‍മ്മങ്ങള്‍ക്ക് മങ്ങലം എന്നു പറയാറുണ്ടായിരുന്നു. മുന്‍പ് കാലത്ത് മങ്ങലത്തിന് ഇത്തരം സമുദായക്കാര്‍ക്കിടയില്‍ പാട്ടും കളിയും ഉണ്ടായിരുന്നു. മങ്ങലത്തിന് പാടുന്ന പാട്ടിന് മങ്ങലംപാട്ട് എന്നും കളിക്ക് മങ്ങലംകളി എന്നും പറയും. പുലയര്‍, കുറവര്‍, മലയര്‍, തീയ്യര്‍ എന്നീ സമുദായക്കാര്‍ അപൂര്‍വമായി ഇന്നും മങ്ങലംകളിയും മങ്ങലംപാട്ടും നടത്താറുണ്ട്.
പ്രധാനമായും മാവിലര്‍ സമുദായക്കാര്‍ക്കിടയില്‍ മങ്ങലംകളിക്കു ഇപ്പോഴും പ്രചാരമുണ്ട്. താലികെട്ടു മങ്ങലം, തിരണ്ടു മങ്ങലം, കാതുകുത്തു മങ്ങലം -ഇതിനൊക്കെ വേറെ വേറെ പാട്ടുകളുണ്ട്. വ്യത്യസ്ത സമുദായക്കാര്‍ക്കിടയില്‍ വ്യത്യസ്ത രീതിയിലാണ് കളി. പുലയരുടെ മങ്ങലംകളിക്കു പറ, കന്നുപറ എന്നീ വാദ്യങ്ങള്‍ ഉപയോഗിക്കും.
പൊതുവെ പതിഞ്ഞ താളത്തിലും അതിനു ചേര്‍ന്ന ഈണത്തിലുമാണ് പാട്ട്. തുടി തന്നെയാണ് വാദ്യോപകരണം. ഏഴോളം തുടികള്‍ ഉപയോഗിച്ചുകൊണ്ടാണ് മാവിലര്‍ അവരുടെ മങ്ങലംകളി അവതരിപ്പിക്കുന്നത്. മുപ്പതോളം പേര്‍ കളിസംഘത്തിലുണ്ടാവും.
വൃത്താകൃതിയില്‍ നിന്നാണ് കളിക്കുന്നത്. വാദ്യക്കൊഴുപ്പില്‍ ചടുലമായി ചുവടുകള്‍വെച്ചും വട്ടംകറങ്ങിയും കളിക്കും. പുരുഷന്മാരും സ്ത്രീകളും ഇതില്‍ പങ്കെടുക്കും.
സാംസ്കാരിക സദസുകളിലും അടുത്ത കാലത്തായി മങ്ങലംകളി അവതരിപ്പിച്ചു വരുന്നുണ്ട്.