സംസ്കൃതവും മലയാളവും കോര്‍ത്തിണക്കിയുള്ള ഭാഷയില്‍ എഴുതുന്നതാണ് മണിപ്രവാളം. സുന്ദരികളായ ഗണികകളെ വര്‍ണ്ണിക്കുന്നതായിരുന്നു ആദ്യകാലത്തെ മിക്ക മണിപ്രവാളകാവ്യങ്ങളും. 9 - 10 നൂറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ചിരുന്നതായി കരുതുന്ന തോലന്‍ എന്ന കവി രചിച്ച ഒറ്റശ്ലോകങ്ങളാണ് ആദ്യത്തെ മണിപ്രവാളരചനകള്‍. കൂടിയാട്ടത്തിലെ വിദൂഷകനു ചൊല്ലാന്‍വേണ്ടി നിര്‍മിച്ചവയാണ് ആ ശ്ലോകങ്ങള്‍. ദേവദാസീപ്രകീര്‍ത്തനമായ 'വൈശിക തന്ത്രം', തേവന്‍ ചിരികുമാരന്‍ (ദേവന്‍ ശ്രീകുമാരന്‍) രചിച്ച ചമ്പുകാവ്യമായ 'ഉണ്ണിയച്ചീചരിതം' (പതിമൂന്നാം നൂറ്റാണ്ട്), മറ്റൊരു ചമ്പുവായ 'ഉണ്ണച്ചിരുതേവീ ചരിതം' (പതിമൂന്നാം നൂറ്റാണ്ട്), 'ഉണ്ണിയാടീചരിതം ചമ്പു' (പതിനാലാം നൂറ്റാണ്ട്), സന്ദേശകാവ്യങ്ങളായ 'ഉണ്ണുനീലി സന്ദേശം' (പതിനാലാം നൂറ്റാണ്ട്), 'കോകസന്ദേശം' (പതിനാലാം നൂറ്റാണ്ട്), തിരുവനന്തപുരം നഗരത്തെ വര്‍ണ്ണിക്കുന്ന 'അനന്തപുരവര്‍ണനം' (പതിനാലാം നൂറ്റാണ്ട്), 'ചന്ദ്രോത്സവം' (പതിനാലാം നൂറ്റാണ്ടിന്റെ തുടക്കം) തുടങ്ങിയവയാണ് ആദ്യകാല മണിപ്രവാളകാവ്യങ്ങളില്‍ പ്രമുഖം.
'വാസുദേവസ്തവം', 'അവതരണദശകം', 'ദശാവതാരചരിതം', 'ചെല്ലൂര്‍നാഥസ്തവം', 'രാമായണകീര്‍ത്തനം', 'ഭദ്രകാളീസ്തവം' തുടങ്ങിയ സ്‌തോത്രകൃതികളും 15-ാം നൂറ്റാണ്ടില്‍ ഉണ്ടായി.
പുനം നമ്പൂതിരിയുടേതെന്ന് പറയപ്പെടുന്ന 'രാമായണം ചമ്പു' (പതിനാറാം നൂറ്റാണ്ട്), മഴമംഗലം നാരായണന്‍ നമ്പൂതിരിയുടെ 'നൈഷധം ചമ്പു' (പതിനാറാം നൂറ്റാണ്ട്), ഗ്രന്ഥകര്‍ത്താക്കളാരെന്നു തീര്‍ച്ചയില്ലാത്ത 'രാജരത്‌നാവലീയം', 'കൊടിയ വിരഹം' എന്നീ ചമ്പുക്കള്‍ (പതിനാറാം നൂറ്റാണ്ട്), 'കാമദഹനം ചമ്പു' (പതിനാറാം നൂറ്റാണ്ട്), നീലകണ്ഠന്‍ നമ്പൂതിരിയുടെ 'ചെല്ലൂര്‍ നാഥോദയം', 'തെങ്കൈലനാഥോദയം', 'നാരായണീയം' എന്ന ചമ്പുക്കള്‍ (മൂന്നും പതിനേഴാം നൂറ്റാണ്ടിലേത്) തുടങ്ങിയവയാണ് മണിപ്രവാളത്തിലെ ഏറ്റവും മികച്ച പില്‍ക്കാലരചനകള്‍.