മന്നാന്‍ കൂത്ത്

ഇടുക്കി ജില്ലയിലെ വനമേഖലയില്‍ ജീവിക്കുന്ന ആദിവാസി വിഭാഗമാണ് മന്നാന്‍. മധുരമീനാക്ഷിയാണ് ഇവരുടെ ആരാധനാമൂര്‍ത്തി. വ്യവസ്ഥാപിതമായ ഭരണക്രമമുള്ള അപൂര്‍വം ആദിവാസി വിഭാഗങ്ങളില്‍ ഒന്നാണിത്. രാജാവാണ് ഗോത്രത്തലവന്‍. മന്നാന്‍മാര്‍ക്ക് ഇപ്പോഴും രാജാവുണ്ട്. ഭരണത്തിന്റെ ആസ്ഥാനം ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ പഞ്ചായത്തിലെ കോവില്‍ മലയാണ്. രാജാവിന്റെ ആസ്ഥാനമായ കാഞ്ചിയാര്‍ മലയിലാണ് 'കാലവൂട്ട്' ഉത്സവം നടക്കുന്നത, വിളവെടുപ്പുത്സവമാണിത്. 

മന്നാന്മാരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് മന്നാന്‍കൂത്ത്. കോവിലന്റേയും കണ്ണകിയുടെയും കഥയാണ് കൂത്തിലെ പ്രമേയം. 

കൂത്ത് ആരംഭിക്കുന്നതിന് മുന്നോടിയായി കഥകളിയിലെപ്പോലെ കേളി കൊട്ടി അറിയിക്കുന്ന സമ്പ്രദായമുണ്ട്. ഇലത്താളത്തിന്റെ രൂപത്തിലുള്ള ചാരല്, തുകല് കൊണ്ടുള്ള 'മത്താളം' എന്നീ ഉപകരണങ്ങളാണ് വാദ്യത്തിനായി ഉപയോഗിക്കുന്നത്. ദേവതാവന്ദനത്തോടെയാണ് കളി ആരംഭിക്കുന്നത്.

കൂത്ത് ആടുന്നവര്‍ എന്ന് അര്‍ത്ഥമുള്ള കൂത്താടികളാണ് കളിയിലെ വേഷക്കാര്‍. പെണ്‍ത്താടികളും ആണ്‍ത്താടികളും രംഗത്ത് വരും. ആണുങ്ങള്‍ തന്നെയാണ് സ്ത്രീകളുടെ വേഷവും ചെയ്യുന്നത്. അരിപ്പൊടിയും വെളിച്ചെണ്ണയും ചേര്‍ന്ന കൂട്ടാണ് മുഖത്ത് തേക്കുന്നത്. കൈയില്‍ വളയും കാലില്‍ ചിലങ്കയും അണിയും. ആണുങ്ങള്‍ മുണ്ട് തറ്റുടുത്ത് തോര്‍ത്ത് തലയില്‍ കെട്ടും. ഒരോ പുതിയ കഥാപാത്രം രംഗത്ത് വരുന്നതിന് മുന്നോടിയായി തിരശ്ശീല ഉയര്‍ത്തി പിടിക്കുകയും ആചാരപ്പാട്ട് പാടുകയും ചെയ്യും. കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ളതാണ് ആചാരപ്പാട്ട്. തുടര്‍ന്നാണ് കോവിലന്‍പാട്ട് തുടങ്ങുന്നത്.

കേരളത്തിലെ കലാരൂപങ്ങളില്‍ കണ്ടുവരുന്ന പൊറാട്ടുവേഷങ്ങള്‍ക്ക് സമാനമായ 'കോമാളി' മന്നാന്‍ കൂത്തിലുണ്ട്. കോമാളി ചെയ്യുന്ന ആളിന് ഇഷ്ടമുളള വേഷം അവതരിപ്പിക്കാം. കഥാപാത്രത്തിന് ചേര്‍ന്ന സാധാരണവേഷത്തിലാണ് കോമാളി വേദിയിലെത്തുന്നത്. മുഖംമൂടിയും ഉപയോഗിക്കും.

കൂത്തിനിടയില്‍ നടത്തുന്ന സവിശേഷമായ നൃത്തമാണ് 'കന്നിയാട്ടം'. സ്ത്രീകളാണ് കന്നിയാട്ടം നടത്തുന്നത്. കൂത്ത് അനുഷ്ഠാനനിഷ്ഠയോടു കൂടി നടത്തുമ്പോള്‍ മാത്രമേ കന്നിയാട്ടം നടത്താറുള്ളൂ. കണ്ണകിയുടെ കഥ ആവേശകരമായ മുഹൂര്‍ത്തങ്ങളിലെത്തുന്ന സന്ദര്‍ഭങ്ങളിലാണ് കന്നിയാട്ടാക്കാരിറങ്ങുന്നത്. അതോടെ വാദ്യം മുറുകുകയും പാട്ടും തുള്ളലും ദ്രുതഗതിയിലാകുകയും ചെയ്യും. 

വനാന്തര്‍ഭാഗത്ത് കഴിയുന്ന ഗോത്രവര്‍ഗ്ഗക്കാരുടേതായ മന്നാന്‍ കൂത്തിലെ പല അംശങ്ങള്‍ക്കും കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ പ്രചാരമുള്ള നാടന്‍ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്.