മാപ്പിളപ്പാട്ട്

മാപ്പിളമാരുടെ അഥവാ മുസ്ലിംങ്ങളുടെ ഇടയില്‍ പ്രചാരമുള്ള പാട്ടുകളാണ് മാപ്പിളപ്പാട്ടുകള്‍. മലബാര്‍ മുസ്ലിംങ്ങളുടെ തനതു ഭാഷയായ 'അറബി-മലയാള'ത്തിന് അതിന്റേതായ ഒരു സാഹിത്യശാഖയുണ്ട്, ആ സാഹിത്യത്തിലെ പദ്യവിഭാഗമാണ് മാപ്പിളപ്പാട്ട്. 

മാപ്പിളമാരുടെ ജീവിതത്തേയും സംസ്കാരത്തേയും ആചാര സവിശേഷതകളും പ്രതിഫലിപ്പിക്കുന്നവയാണ് മാപ്പിളപ്പാട്ടുകള്‍. കേരളത്തിലെ നാടന്‍പാട്ടുകളുടേയും അറബിഗാനശൈലിയുടേയും സങ്കലനം ഈ കലാശാഖയില്‍ കാണാം. നാടന്‍ഗാനങ്ങളുടെ സ്വഭാവസവിശേഷതകള്‍ ഈ ഗാനശാഖയില്‍ ഒത്തിണങ്ങിയിട്ടുണ്ട്. വാമൊഴിപാരമ്പര്യത്തിന്റേയും വരമൊഴി പാട്ടുകളുടെയും മിശ്രിതമാണ് ഈ  ഗാനശാഖ. മലയാള ഭാഷയില്‍ പാട്ടുപ്രസ്ഥാനം മണിപ്രവാളപ്രസ്ഥാനത്തെ ഉള്‍ക്കൊണ്ട് വളര്‍ന്ന കാലത്താണ് മാപ്പിളപ്പാട്ടുകളുടെ ഉത്ഭവം. മാപ്പിളപ്പാട്ടുകളില്‍ ഒട്ടേറെ വിഭാഗങ്ങളുണ്ട്. പുണ്യപുരുഷന്മാരെ പ്രകീര്‍ത്തിക്കുന്ന മാലപ്പാട്ടുകള്‍, യുദ്ധവിവരണം നടത്തുന്ന ഉറുദികള്‍, സ്തുതികളായ വിരുത്തങ്ങള്‍, കഥാപ്രധാനങ്ങളായ കിസുകള്‍, പ്രേമകാവ്യങ്ങളായ കെസുകള്‍, കല്ല്യാണ പാട്ടുകള്‍, കത്തുരൂപത്തിലുള്ള പാട്ടുകള്‍ എന്നിവ അവയില്‍ ചിലതാണ്. 

ശൃംഗാരരസമാണ് മാപ്പിളപ്പാട്ടിലെ മറ്റൊരു പ്രത്യേകത. താളപ്രധാനവും പ്രാസനിബദ്ധവുമാണ് മാപ്പിളപ്പാട്ടുകളേറെയും. മാപ്പിളപ്പാട്ടിന്റെ ജനനം അറബിവൃത്തങ്ങളും കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഗാനരീതികളും അനുകരിച്ചുകൊണ്ടായിരുന്നു. ദ്രാവിഡവൃത്തങ്ങളുടെ സ്വാധീനവും സംസ്കൃത പദസ്വീകരണവും പിന്നീടുണ്ടായി. നാടന്‍ ശീലുകളം പദപ്രയോഗങ്ങളുമാണ് മാപ്പിളപ്പാട്ടുകളുടെ മറ്റൊരു സവിശേഷത.മാപ്പിളപ്പാട്ടിലെ വൃത്തങ്ങളാണ് ഇശലുകള്‍. ഒരു കാവ്യത്തില്‍ തന്നെ പല ഇശലുകള്‍ മാപ്പിളപ്പാട്ടുകളുടെ പ്രത്യേകതയാണ്. കാവ്യഗതിക്കനുസൃതമായി ഇശലുകള്‍തീര്‍ക്കുന്നതില്‍ മാപ്പിളപ്പാട്ടുകവികള്‍ വൈദഗ്ദ്ധ്യം കാട്ടി. ഒരേ വൃത്തത്തില്‍ തന്നെ പുതിയ ചരണങ്ങളും തുണ്ടുകളും ചേര്‍ത്താണ് പുതിയവ ഉണ്ടാക്കിയത്.

കോഴിക്കോട്ടുകാരനായിരുന്ന ഖാസി മുഹമ്മദ് എഴുതിയ 'മുഹ്യുദ്ദീന്‍മാല'യാണ് മാപ്പിളപ്പാട്ടുകളിലെ ആദ്യകാല കൃതികളില്‍ പ്രധാനം. അറേബ്യയിലെ പുണ്യപുരുഷനായ മുഹ്യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജിലാനിയെക്കുറിച്ചുള്ള വര്‍ണ്ണനകളാണിതില്‍. 1607-ലാണ് ഈ  കൃതി എഴുതിയത് എന്നു കരുതപ്പെടുന്നു. തലശ്ശേരിക്കാരനായ കുഞ്ഞായിന്‍ മുസ്ല്യാര്‍ എഴുതിയ 'നൂല്‍മാല' എന്ന കൃതിയാണ് മറ്റൊന്ന്. മുഹമ്മദു്നബിയെ പ്രകീര്‍ത്തിക്കുന്നതാണ് ഈ രചന. കണ്ണൂര്‍ ജില്ലയിലെ കോട്ടയം കോവിലകത്തെ പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ഇദ്ദേഹം. ആദ്യമായി അച്ചടിച്ചു പ്രസിദ്ധീകരിച്ച മാപ്പിളപ്പാട്ടാണ് 'കപ്പപ്പാട്ട്'. കുഞ്ഞായിന്‍ മുസ്ല്യാരുടേത് തന്നെയാണ് ഈ കൃതിയും. മനുഷ്യശരീരത്തെ പായകപ്പലിനോട് ഉപമിച്ച് എഴുതിയതാണ് ഈ  പുസ്തകം.

'അറബി-മലയാള' സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കവി മോയിന്‍കുട്ടി വൈദ്യരാണ്. അറബി-മലയാളം, തമിഴ്, സംസ്കൃതം എന്നീ ഭാഷകള്‍ വൈദ്യര്‍ക്ക് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുമായിരുന്നു. കൊല്ലവര്‍ഷം 1051-ല്‍ (ഹിജ്റ 1293) വൈദ്യര്‍ രചിച്ച അതിബൃഹത്തായ കാവ്യമാണ് ബദര്‍ പടപ്പാട്ട്. എണ്‍പത്തിയെട്ടില്‍പ്പരം ഇശലുകള്‍ ഇതിലുണ്ട്. മാപ്പിളമാര്‍ക്കിടയില്‍ ദേശാഭിമാനബോധം വളര്‍ത്തുന്നതിന് ഈ  കൃതി വളരെ സഹായിച്ചു. ആദ്ധ്യാത്മികപ്രഭാവത്തില്‍ ഊന്നല്‍ നല്‍കി എഴുതിയിരുന്ന മാപ്പിളപ്പാട്ടുകളില്‍ നിന്നും വ്യത്യസ്തമായി പ്രേമത്തിന്‍റേയും ശൃംഗാരത്തിന്‍റേയും അംശം കലര്‍ന്ന കൃതികള്‍ രചിച്ചവരില്‍ പ്രധാനിയാണ് മോയിന്‍കുട്ടി വൈദ്യര്‍. അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കൃതിയായ 'ബദറുല്‍ മുനീര്‍'ഒരു പ്രേമകാവ്യമാണ്. ഹുസനുല്‍ ജമാല്‍, ഉഹുദ്പട, മലപ്പുറംപാട്ട്, ജിന്‍പട, കിഴത്തിമാല, എലിപ്പട, ഹിജ്റപ്പാട്ട് തുടങ്ങിയവയാണ് വൈദ്യരുടെ മറ്റു പ്രധാന കൃതികള്‍.

ചേറ്റുവ പരീക്കുട്ടി, ചാക്കീരി മൊയതീന്‍കുട്ടി, പുലിക്കോട്ടില്‍ ഹൈദര്‍, നല്ലളം ബീരാന്‍, ടി. ഉബൈദ് തുടങ്ങിയവര്‍ മാപ്പിളപ്പാട്ട് സാഹിത്യത്തിന് കാര്യമായ സംഭാവനകള്‍ നല്‍കിയപ്രമുഖരാണ്. പി.കെ. ഹലീമ, വി. ആയിശക്കുട്ടി, കുണ്ടില്‍ കുഞ്ഞാമിന തുടങ്ങിയ വനിതകളും പാട്ടുകള്‍ എഴുതി പ്രസിദ്ധരായവരാണ്.

താളാത്മകമായ പദമേളനവും ആപാദമധുരമായ ഗാനരീതിയുമുള്ള മാപ്പിളപ്പാട്ട് മലയാള സിനിമാഗാനശാഖക്കും കാര്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.