കോലത്തുനാട്ടിലെ അനുഷ്ഠാനമായ തെയ്യത്തിലെ സവിശേഷമായ ഏടാണ് മാപ്പിളതെയ്യങ്ങള്‍. കാവുകളിലും ക്ഷേത്രങ്ങളിലും ഭക്ത്യാദരപൂര്‍വ്വം നടത്തുന്ന തെയ്യക്കളിയാട്ടങ്ങളില് മാപ്പിളതെയ്യങ്ങള്‍ സംസ്കാരസമന്വയത്തിന്റെ പുതിയ പാഠം തീര്‍ക്കുന്നു. കാസര്‍കോട് ജില്ലയിലെ നിര്ക്കിലക്കാട്, കമ്പല്ലൂര്‍ കോട്ട നായര്‍ തറവാട്, കുമ്പള ആരിക്കാടി ഭഗവതി ക്ഷേത്രം, കാസര്‍കോട് പുലിക്കുന്ന ഐവര്‍ ഭഗവതി ക്ഷേത്രം, മൗവ്വേനി കോവിലകം ദേവീ ക്ഷേത്രം, മാലോത്ത് കൂലോം ഭഗവതി ക്ഷേത്രം, തൃക്കരിപ്പൂര്‍ പേക്കടം ക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ ചെറുകുന്ന് - പഴങ്ങോട് കൂരാങ്കുന്ന് ക്ഷേത്രം തുടങ്ങിയ തെയ്യസ്ഥാനങ്ങളിലാണ് മാപ്പിളതെയ്യം കെട്ടിയാടുന്നത്.
ആരാധനാലയങ്ങളില്‍ തെയ്യാനുഷ്ഠാനത്തിന്റെ ഭാഗമായാണ് മാപ്പിളതെയ്യങ്ങള്‍ കെട്ടിയാടുന്നത്. പ്രധാന മാപ്പിളതെയ്യങ്ങള്‍:
ആലിത്തെയ്യം
വണ്ണാന്മാരാണ് ആലിത്തെയ്യം കെട്ടുന്നത്. ഈ തെയ്യത്തിന് പല സ്ഥലങ്ങളിലായി വിവിധ ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. കുമ്പള നടുവിലാന് നായര്‍ തറവാടുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ് സന്തതികളില്ലാതെ കഴിഞ്ഞിരുന്ന തറവാട്ടിലെ നായര്‍ പ്രമാണിക്ക് ഏറെ നാളത്തെ പ്രാര്‍ഥനയുടെ ഫലമായി ഒരു പെണ്‍കുട്ടി പിറന്നു നങ്ങക്കുട്ടി. വിവാഹനിശ്ചയമടുത്ത ഒരുനാള്‍ അവള് തറവാട്ടുകുളത്തില്‍ കുളിക്കാനിറങ്ങി. ഈ സമയത്ത് അതുവഴി വന്ന ആലിമാപ്പിള കുളത്തിലിറങ്ങി അവളെ ഉപദ്രവിച്ചു. മാനം നഷ്ടപ്പെട്ട നങ്ങ കുളക്കരയില്‍ തിരിവെക്കുന്ന കുത്തുവിളക്ക് എടുത്ത് ആലിയുടെ നെഞ്ചില്‍ ആഞ്ഞുകുത്തി. അതേ കുത്തുവിളക്ക് നങ്ങയും സ്വന്തം ശരീരത്തിലേക്കു കുത്തിയിറ്കകി ആത്മാഹുതി ചെയ്തു.
തറവാട്ടിലുണ്ടായ ദുശ്ശകുനങ്ങളെതുടര്ന്ന് ആലിയെ ദുര്ദേവതയായ ആലിച്ചാമുണ്ഡിയായും നങ്ങക്കുട്ടിയെ മന്ത്രമൂര്‍ത്തി ഭഗവതിയായും തെയ്യക്കോലങ്ങളായി കെട്ടിയാടിച്ചു.
കലന്തന് മുക്രി
മാപ്പിളത്തെയ്യങ്ങളിലെ പ്രധാന കോലങ്ങളില്‍ ഒന്നാണ് കലന്തന് മുക്രി. മുക്രിപോക്കര്‍ എന്ന പേരിലും അറിയപ്പെടാറുണ്ട്. വെള്ളരിക്കുണ്ട് മാലോം കൂലോം ഭഗവതി ക്ഷേത്രം, കമ്പല്ലൂര്‍ കോട്ട നായര്‍ തറവാട്, മൗവ്വേനി കോവിലകം ദേവീ ക്ഷേത്രം തുടങ്ങിയ തെയ്യസ്ഥാനങ്ങളിലേക്ക് ഈ കോലം കെട്ടിയാടുന്നത്.
മാവിലാന്‍ സമുദായക്കാരാണ് ഈ തെയ്യക്കോലം കെട്ടുന്നത്. മുസ്ലീംങ്ങള്‍ കെട്ടുന്ന രീതിയില്‍ തലയില്‍ കെട്ട്, വട്ടത്താടി, ചുവന്ന പട്ടിന്റെ ഉടുപ്പ്, വെള്ളക്കുപ്പായം ഇതാണ് തെയ്യത്തിന്റെ വേഷം. നിസ്കാരച്ചടങ്ങോടെയാണ് തെയ്യത്തിന്റെ അനുഷ്ഠാനങ്ങള്‍ ആരംഭിക്കുന്നത്. ചടങ്ങിലുടനീളം മുസ്ലീംഭാഷയാണ് സംസാരിക്കുന്നത്.
ഉമ്മച്ചിത്തെയ്യം
അള്ളട രാജവംശത്തിന്റെ ദേവതയാണ് ഉമ്മച്ചിത്തെയ്യം.
എട്ടിക്കുളത്ത് നെയ്ത്തിയാര്‍
വണ്ണാന്മാര് കെട്ടിയാടുന്ന തെയ്യമാണ് നെയ്ത്തിയാര്‍. കണ്ണൂര്‍ ജില്ലയിലെ എട്ടിക്കുളത്താണ് ഈ തെയ്യം കെട്ടിയാടുന്നത്. വീട്ടില്‍ പാചകം ചെയ്യുന്നതിനായി ഉണങ്ങിയ ഇല അടിച്ചുവാരിക്കൊണ്ടുവരാന് പോയ മുസ്ലീം സ്ത്രീയെ ചാമുണ്ഡി ആക്രമിച്ചു കൊന്നു എന്നാണ് ഈ തെയ്യത്തിന്റെ പിന്നിലെ ഐതിഹ്യം.
ബീവിത്തെയ്യം
കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയിലാണ് ഈ തെയ്യം കെട്ടിയാടുന്നത്. ബീവി പ്രഗത്ഭയായ വിഷ ചികിത്സകയായിരുന്നുവത്രെ. പാമ്പുകടിയേറ്റ നിരവധിപേരെ അവര്‍ മരണത്തില്‍ നിന്നും രക്ഷിച്ചു. അവരുടെ മരണശേഷം നാട്ടുകാര്‍ അവരെ തെയ്യക്കോലമായി കെട്ടിയാടിച്ചുവരുന്നു.
ബപ്പൂരിയന്‍
ബപ്പൂരിയന്‍ എന്ന സങ്കല്പത്തിലുള്ള തെയ്യക്കോലങ്ങള്‍ നിരവധിയുണ്ട്. തുളുനാട്ടിലെ തെയ്യങ്ങളില്‍ നിന്ന് കോലത്തുനാട്ടിലേക്ക് കുടിയേറിയ തെയ്യമായാണ് ബപ്പൂരിയനെ കാണുന്നത്. കാവല്‍ ദൈവമായും, മുഖ്യദേവതയുടെ സഹായിയായും നിരവധി കോലങ്ങളുണ്ട്. ഇവയില്‍ ഒന്നാണ് മാപ്പിളതെയ്യമായ ബപ്പൂരിയന്‍.
വെള്ളാട്ടത്തിന്റെ മുടിയും കറുത്ത താടിയും ആകര്‍ഷകമായ മുഖത്തെഴുത്തും ഞൊറിയുടുപ്പും ബപ്പൂരിയനെ മാപ്പിള കോലങ്ങളില്‍ വ്യത്യസ്തമാക്കുന്നു. ബപ്പൂരിയന്‍ തെയ്യത്തിന്റെ കൂടെ രണ്ടു മാപ്പിള പൊറാട്ടുകളും ഉണ്ടാകാറുണ്ട്. പൊറാട്ടുകള്‍ മാപ്പിള വേഷത്തിലാണ്. മാപ്പിള ഭാഷയിലുള്ള പാട്ടും അഭിനയവും കാണികളെ ചിരിപ്പിക്കും.