മാര്‍ഗ്ഗംകളിക്രിസ്ത്യാനികളുടെ ഇടയില്‍ പ്രചാരമുള്ള കലാരൂപമാണ് മാര്‍ഗ്ഗംകളി. ഏകദേശം നാനൂറിലധികം വര്‍ഷത്തെ പഴക്കം ഈ  കലാരൂപത്തിനുണ്ടെന്ന് കരുതപ്പെടുന്നു. ക്രിസ്തുവര്‍ഷം 1600നും 1700നും ഇടയിലാണ് മാര്‍ഗ്ഗംകളി രൂപം കൊണ്ടതെന്നു വിശ്വസിക്കുന്നു.  വിവാഹ ആഘോഷവേളകളിലും പെരുന്നാളുകളിലും ഒഴിച്ചുകൂടാനാവാത്ത ഒരു വിനോദരൂപമായി മാര്‍ഗ്ഗംകളി മാറി. ക്നാനായ ക്രിസ്ത്യാനികള്‍ക്കിടയിലാണ് മാര്‍ഗ്ഗംകളിക്ക് കൂടുതല്‍ പ്രചാരം. സുറിയാനി ക്രിസ്ത്യാനികളുടെ വിശേഷാവസരങ്ങളിലും മാര്‍ഗ്ഗംകളി നിര്‍ബന്ധമായിരുന്നു. ക്രിസ്തീയ ആചാരങ്ങളുടേയും കേരളീയ സംസ്കാരത്തിന്‍റേയും സമന്വയ കലാരൂപമാണ് മാര്‍ഗ്ഗംകളി എന്നു പറയാം. 

എഴുപേരോ പന്ത്രണ്ടുപേരോ ഉള്ള സംഘങ്ങളാണ് കളിയില്‍ പങ്കെടുക്കുന്നത്. ലാസ്യത്തിലധിഷ്ഠിതമായ ആട്ടവും ചുവടുകളും കളിയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തി. താളത്തിലുള്ള ചലനങ്ങളും ഇമ്പമുള്ള പാട്ടുകളുമാണ് ഇതിന്റെ പ്രധാന ആകര്‍ഷണം. ക്രിസ്ത്യാനി സ്ത്രീകളുടെ പരമ്പരാഗത വേഷമായ ചട്ടയും മുണ്ടുമാണ് വേഷം. ചടുലമായ ചലനങ്ങളുള്ള ഈ കലാരൂപത്തില്‍ പ്രാവീണ്യം നേടാന്‍ ദീര്‍ഘ നാളത്തെ പരിശീലനം ആവശ്യമാണ്. ഇതില്‍ ഉപയോഗിക്കുന്ന ഗാനങ്ങള്‍ ക്രിസ്തീയ ഭക്തിഗാനങ്ങളോ ക്രിസ്തുമത ചരിത്രം വിവരിക്കുന്നവയോ ആണ്. 

മുന്‍കാലത്ത് പുരുഷന്മാര്‍ മാത്രമാണ് കളി അവതരിപ്പിച്ചിരുന്നത്. അന്ന് പാട്ട് പാടിക്കൊണ്ടുള്ള സമൂഹനൃത്തമായിരുന്നു കളിയുടെ ഒന്നാം ഭാഗമായി അവതരിപ്പിച്ചിരുന്നത്. തുടര്‍ന്നുള്ള ഭാഗം വാളും പരിചയും എടുത്തു കൊണ്ടുള്ള പരിചമുട്ടുകളിയായിരുന്നു.  ക്രമേണ സ്ത്രീകളും അവതരിപ്പിച്ചു തുടങ്ങി. 

യുവജനോത്സവങ്ങളുടെ ആവിര്‍ഭാവത്തോടെ കളിക്ക് കൂടുതല്‍ പ്രചാരം ലഭിച്ചു.