സന്ദേശം

ശ്രീ.എ.കെ.ബാലൻ,സാംസ്കാരികവകുപ്പ് മന്ത്രി

നമ്മുടെ നാടിന്റെ സാംസ്കാരിക സത്തയുടെ ഊടും പാവും മാത്രമല്ല, വര്‍ണ്ണ വൈവിദ്ധ്യവും തിരച്ചറിഞ്ഞ് അതിനെ സംരക്ഷിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതില്‍ കേരളസംസ്ഥാന സാംസ്കാരികവകുപ്പ് സുപ്രധാന പങ്കാണ് നിര്‍വ്വഹിക്കുന്നത്. നാടിന്റെ സാംസ്കാരികസ്പന്ദനങ്ങള്‍ സജീവമായും വശ്യതമങ്ങാതെയും നിലനിര്‍ത്തുവാന്‍ വകുപ്പ് എക്കാലവും മുന്‍ നിരയില്‍ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ശാശ്വത സ്വഭാവമുള്ള സാംസ്കാരികമുദ്രകള്‍ സൃഷ്ടിക്കുവാന്‍ നവീനചിന്താധാരകള്‍ തന്നെ രൂപപ്പെടുത്തേണ്ടതുണ്ട്. അതിനുള്ള സാധ്യത ആരായുന്നതിലേക്ക് ജീവിതത്തിന്റെ നാനാമേഖലയിലുള്ളവര്‍ കൈകോര്‍ക്കുകയും വേണം. അതിന് അവസരമൊരുക്കുക എന്നതും ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടുന്നു. ധന്യമായ ഒരു സംസ്കാരത്തെ ഉദ്ഘോഷിക്കുന്ന പാരമ്പര്യകലകള്‍ മുതല്‍ പുതിയ കാലഘട്ടത്തിലെ ബിനാലെ വരെ സന്ദര്‍ശകര്‍ക്കു സമര്‍പ്പിക്കുന്ന കേരളം ഇന്ന് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കിടയില്‍ അനുപമമായ ഒരു സ്ഥാനം കൈവരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികമികവുള്ളതും ഉപയോക്താവുമായി പരസ്പരാശയ വിനിമയത്തിന് ഏറെ സാദ്ധ്യതയുള്ളതുമായ ഒരു വെബ്സൈറ്റ് നമ്മുടെ സാംസ്കാരികവകുപ്പിനു സ്വന്തമായുണ്ടായാല്‍ സംസ്ഥാനത്തിന്റെ നാനാവിധത്തിലുള്ള സാംസ്കാരികസവിശേഷതകളെ ലോകസമക്ഷം കൂടുതല്‍ വിശ്വാസ്യതയോടെയും സ്പടിക തുല്യമായ സ്പഷ്ടതയോടെയും അവതരിപ്പിക്കുവാന്‍ സാധിക്കുന്നതാണ്.

വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും അതിലൂടെ പുതിയ മാനം കൈവരിക്കുമെന്നതിലും എനിക്ക് സംശയമില്ല.