മിഴാവ്



കൂത്തിന്റെയും കൂടിയാട്ടാത്തിന്റെയും പ്രധാനപക്കവാദ്യമാണ് മിഴാവ്. ഒരു വലിയ ഭരണിയുടെയോ ചെപ്പുകുടത്തിന്റെയോ പ്രതീതിയാണ് ഈ അവനദ്ധവാദ്യത്തിന്. പണ്ട് കളിമണ്ണിലാണ് മിഴാവു നിര്‍മ്മിച്ചിരുന്നത്. ഇപ്പോള്‍ സാധാരണയായി ചെമ്പുകൊണ്ടാണ്  മിഴാവു നിര്‍മ്മിക്കുന്നത്. വലിപ്പത്തിലെ ചെറിയ വ്യത്യാസമുണ്ട്. നനഞ്ഞ തോല്‍കൊണ്ട് 'കുട'ത്തിന്റെ വായ മൂടിക്കെട്ടിയാണ്‌ മിഴാവു വായിക്കുന്നത്.  തോല്‍ ഉണങ്ങും തോറും ശബ്ദത്തിന്റെ സ്ഥായി വര്‍ദ്ധിക്കുന്നു. കൈപ്പത്തിയും വിരലുകളും ഉപയോഗിച്ചാണ് മിഴാവ് വായിക്കുന്നത്. തോലാണ് മിഴാവില്‍ ഉപയോഗിക്കുന്നത്. ചിലപ്പതികാരത്തില്‍ മിഴാവിനെക്കുറിച്ച് പരാമര്‍ശമുണ്ട്.

കൂത്തമ്പലത്തിലെ പ്രതിഷ്ഠാമൂര്‍ത്തിയായിട്ടാണ് മിഴാവിനെ സങ്കല്‍പ്പിച്ചിരിക്കുന്നത്. അഴികളടച്ച ഒരു മരക്കൂട്ടില്‍ (മിഴാവണ) തറയില്‍ തട്ടാത്തവിധമാണ് മിഴാവ് അരങ്ങില്‍ വയ്ക്കുന്നത്. ഉപയോഗശൂന്യമായാല്‍ മിഴാവിനെ ക്ഷേത്രാങ്കണത്തില്‍ 'സംസ്കരിക്കണം' എന്നാണ് വിധി.