ആധുനികനാടകവേദിഎഴുപതുകള്‍ നാടകക്കളരി പ്രസ്ഥാനത്തിന്റെയും ഉത്ഭവത്തിനു സാക്ഷിയായി. നാടകകലാകാരന്മാര്‍ക്ക് വ്യക്തമായൊരു ദിശാബോധം പ്രദാനം ചെയ്യുന്നതിന് സൈദ്ധാന്തികവും പ്രായോഗികവുമായ ക്ലാസ്സുകള്‍ നല്‍കുകയായിരുന്നു പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ആധുനിക നാടകവേദിയുടെ പ്രയോക്താക്കളില്‍ മുന്‍പന്തിയില്‍ നിന്ന ജി. ശങ്കരപിള്ള, എസ്. രാമാനുജം, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍, പി. കെ. വേണുക്കുട്ടന്‍ നായര്‍, ജി. അരവിന്ദന്‍, അയ്യപ്പപ്പണിക്കര്‍, എം. വി. ദേവന്‍ തുടങ്ങിയവരായിരുന്നു ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. ജി. ശങ്കരപ്പിള്ളയുടെ 'പൊയ് മുഖങ്ങള്‍', 'ഓലപ്പാമ്പ്', 'കഴുകന്മാര്‍' തുടങ്ങിയ നാടകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെടുന്നതും ഈ കാലഘട്ടത്തിലാണ്.

അറുപതുകളുടെ അവസാനത്തോടെ നാമ്പിട്ടതും എഴുപതുകളില്‍ രംഗത്ത് എത്തിയതുമാണ് തനതു നാടകവേദി. പാശ്ചാത്യ നാടക സമ്പ്രദായത്തില്‍ നിന്ന് വ്യതിചലിച്ച് നമ്മുടെ പാരമ്പര്യ സാംസ്കാരിക മൂല്യങ്ങളെ സ്വാംശീകരിച്ചു കൊണ്ടുള്ള പരീക്ഷണങ്ങളാണ് തനതു നാടകങ്ങളില്‍ അവതരിക്കപ്പെട്ടത്.

സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ നാടകത്രയത്തിലെ രണ്ടും മൂന്നും നാടകങ്ങളായ 'സാകേതം', 'ലങ്കാലക്ഷ്മി', ജി. ശങ്കരപ്പിളളയുടെ 'ഭരതവാക്യം', 'ബന്ദി', 'കറുത്ത ദൈവത്തെതേടി', 'കിരാതം', ആര്‍. നരേന്ദ്രപ്രസാദിന്റെ 'സൗപര്‍ണിക', 'വെള്ളിയാഴ്ച', 'പടിപ്പുര', കാവാലം നാരായണപ്പണിക്കരുടെ 'അവനവന്‍ കടമ്പ', 'ദൈവത്താര്‍', 'സാക്ഷി', ടി. പി. സുകുമാരന്റെ 'ദക്ഷിണായനം', വയലാ വാസുദേവന്‍ പിള്ളയുടെ 'അഗ്നി', 'കുചേലഗാഥ', 'വരവേല്പ്', പി. ബാലചന്ദ്രന്റെ 'പാവം ഉസ്മാന്‍', പി. എം. താജിന്റെ 'കടുക്ക' തുടങ്ങി അനേകം അവിസ്മരണീയ നാടകങ്ങള്‍ ഇക്കാലത്ത് രചിക്കപ്പെട്ടു.

എഴുപതുകള്‍വരെ സമ്പന്നമായിരുന്ന നാടകവേദി പില്ക്കാലത്ത് ചെറുതായി മങ്ങലേറ്റതു പോലെയാണ് സ്ഥിതി വിവരക്കണക്കുകള്‍. എന്നാല്‍ തന്നെയും എണ്‍പതുകളും തൊണ്ണൂറുകളും ആധുനിക നാടകത്തിന് പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കാന്‍ തയ്യാറായി വന്നവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായിത്തീര്‍ന്നു. രാമചന്ദ്രന്‍ മൊകേരി, ഡോക്ടര്‍. എസ്. ജനാര്‍ദ്ദനന്‍, പി. ബാലചന്ദ്രന്‍, സുധീര്‍ പരമേശ്വരന്‍, സിവിക് ചന്ദ്രന്‍, കെ. വി. ശ്രീജ, എം. സജിത, ജയപ്രകാശ് കുളൂര് തുടങ്ങിയവര്‍ ഇക്കൂട്ടത്തില്‍ പെടും. നോവല്‍, ചെറുകഥ തുടങ്ങിയ ഇതര സാഹിത്യ രംഗവുമായി താരതമ്യം ചെയ്താല്‍ വളരെക്കുറച്ചു നാടകങ്ങള്‍ മാത്രമേ പ്രസിദ്ധീകൃതമാവുന്നുള്ളു.