ആധുനികതയിലേക്ക്

സ്വാതന്ത്ര്യം കിട്ടിയശേഷമുള്ള 10 വര്‍ഷം നോവലെഴുത്തുകാരിലെ പ്രത്യാശാശൂന്യതയാണ് വെളിവാക്കിയത്. പുതിയൊരു വീക്ഷണ ശൈലിയും, അന്തര്‍മുഖത്വവും, വിഷാദവും അവരുടെ നോവലുകളില്‍ കാണാന്‍ തുടങ്ങി. ഇതിനു തുടക്കം കുറിച്ചത് എം.ടി. വാസുദേവന്‍നായരുടെ നാലുകെട്ട് (1958) ആണെന്നു പറയാം. ദീര്‍ഘമായ സാഹിത്യചര്യയില്‍ എം. ടി. സൃഷ്ടിച്ച നോവലുകള്‍ വലിയ ജനപ്രീതിയും നിരൂപകപ്രശംസയും നേടിയെടുത്തു.

അസുരവിത്ത്, കാലം, മഞ്ഞ്, രണ്ടാമൂഴം, വാരണാസി എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റുപ്രശസ്തകൃതികള്‍. 1960 മുതല്‍ എഴുതിത്തുടങ്ങിയവരെന്നു പറയാവുന്ന മറ്റ് പ്രശസ്തരായ എഴുത്തുകാരാണ് ഒ.വി. വിജയന്‍, കാക്കനാടന്‍, മുകുന്ദന്‍, വി.കെ.എന്‍. ആനന്ദ്, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, പി. പത്മരാജന്‍, രാജലക്ഷ്മി, എന്‍.പി. മുഹമ്മദ്, വിലാസിനി (ശരിയായ പേര് എം.കെ. മേനോന്‍), സി രാധാകൃഷ്ണന്‍, പി. കെ. ബാലകൃഷ്ണന്‍, ലളിതാംബിക അന്തര്‍ജ്ജനം, ഇ. വാസു, മലയാറ്റൂര്‍ രാമകൃഷ്ണന്‍, വി.റ്റി. നന്ദകുമാര്‍, പെരുമ്പവടം ശ്രീധരന്‍, പുതൂര്‍ ഉണ്ണികൃഷ്ണന്‍, പി. വത്സല, ജോര്‍ജ് ഓണക്കൂര്‍, യു.എ. ഖാദര്‍, വി.എ. അസീസ്, സാറാ തോമസ്, പി.ആര്‍. ശ്യാമള, റ്റി.വി. വര്‍ക്കി, പി.ആര്‍. നാഥന്‍ തുടങ്ങിയവര്‍.

ശിഥിലമായ സമൂഹത്തില്‍ ആധികാരികമൂല്യങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണവും വ്യക്തിയുടെ അസ്തിത്വത്തെക്കുറിച്ചുള്ള സംഘര്‍ഷങ്ങളും സ്വത്വപ്രതിസന്ധിയും നിഷേധാത്മകതയും ആധുനികതയുടെ മുഖമുദ്രയായിരുന്നു. ഇത്തരത്തിലുള്ള ആധുനിക നോവലുകളില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസമാണ്.

ഒ. വി. വിജയന്റെ നോവലുകള്‍ : ഖസാക്കിന്റെ ഇതിഹാസം, ധര്‍മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍.

കാക്കനാടന്റെ നോവലുകള്‍ : അജ്ഞതയുടെ താഴ്‌വര, പറങ്കിമല, ഏഴാംമുദ്ര, ഉഷ്ണ മേഖല, സാക്ഷി, ആരുടെയോ ഒരു നഗരം, ഒറോത.

എം. മുകുന്ദന്റെ നോവലുകള്‍ : ദല്‍ഹി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, സീത, ആവിലായിലെ സൂര്യോദയം, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു, ഈലോകം അതിലൊരു മനുഷ്യന്‍, ദൈവത്തിന്റെ വികൃതികള്‍, നൃത്തം, കേശവന്റെ വിലാപങ്ങള്‍, പുലയപ്പാട്ട്.

വി. കെ. എന്നിന്റെ നോവലുകള്‍ : ആരോഹണം, പിതാമഹന്‍, ജനറല്‍ ചാത്തന്‍സ്, നാണ്വാര്, കാവി, കുടിനീര്, അധികാരം, അനന്തരം.

ആനന്ദിന്റെ നോവലുകള്‍ : ആള്‍ക്കൂട്ടം, മരണസര്‍ട്ടിഫിക്കറ്റ്, അഭയാര്‍ത്ഥികള്‍, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്റെ യാത്രകള്‍, വ്യാസനും വിഘ്‌നേശ്വരനും, അപഹരിക്കപ്പെട്ട ദൈവങ്ങള്‍, വിഭജനങ്ങള്‍.

സേതുവിന്റെ നോവലുകള്‍ : പാണ്ഡവപുരം, നിയോഗം, വിളയാട്ടം, കൈമുദ്രകള്‍, നനഞ്ഞമണ്ണ്, താളിയോല.

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നോവലുകള്‍ : അലിഗഡിലെ തടവുകാരന്‍, തെറ്റുകള്‍, സൂര്യന്‍, സ്മാരകശിലകള്‍, കലീഫ, മരുന്ന്, കന്യാവനങ്ങള്‍, പരലോകം.