ആധുനിക നാടക സങ്കല്പം മലയാളത്തില്‍

ഇബ്സന്‍ നാടകങ്ങളുടെ സ്വാധീനം മലയാള നാടകവേദിയില്‍ ആധുനികമാനങ്ങള്‍ സൃഷ്ടിച്ചെങ്കിലും, പാരമ്പര്യഘടകങ്ങള്‍ വിട്ടൊഴിഞ്ഞിരുന്നില്ല. 1944-ല്‍ അവതരിപ്പിക്കപ്പെട്ട സമത്വവാദിയില്‍ വിപ്ലവകരമായ അന്തരീക്ഷമുണ്ടായിരുന്നെങ്കിലും അന്ന്, അതിന്റെ സാംസ്കാരിക പ്രാധാന്യം അംഗീകരിക്കപ്പെട്ടില്ല. 1954-ല്‍ പുറത്തു വന്ന 1128-ല്‍ ക്രൈം 27 എന്ന നാടകം അസംബന്ധാത്മകമായ ജീവിതത്തിന്റെ ആധുനിക ദര്‍ശനം മലയാളത്തില്‍ അവതരിപ്പിക്കുകയുണ്ടായി. ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന പരിഹാസവും ഹാസ്യവുമെല്ലാം ആധുനിക ദര്‍ശനത്തിലുണ്ടായിരുന്നു. 1948-ല്‍ സി. ജെ. എഴുതിയ അവന്‍ വീണ്ടു വരുന്നു എന്ന നാടകം മനുഷ്യന്റെ കപടസദാചാരങ്ങളെയാണ് ചോദ്യം ചെയ്തത്. ട്രാജഡി, കോമഡി, ഫാഴ്സ്, ആന്‍റി - പ്ലേ എപ്പിക് തിയെറ്റര്‍, അബ്സേഡ് തിയെറ്റര്‍ തുടങ്ങിയ നാടകശൈലികളുടെ സ്വാധീനം ആധുനിക നാടകദര്‍ശനത്തിലുണ്ടായിരുന്നു. പരമ്പരാഗത മുല്യസങ്കല്പങ്ങളെയും ശില്പഭദ്രതയെയും വിചാരരീതികളെയും തിരസ്കരിക്കുന്ന ഈ നാടക സങ്കല്പമാണ് സി. ജെ. യെപ്പോലുളള ആധുനിക വക്താക്കളെ ആകര്‍ഷിച്ചത്. 

ഗ്രീക്കു നാടകങ്ങളുടെ ദുരന്തദര്‍ശനം, ആധുനിക മലയാള നാടകവേദിയെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. സോഫോക്ലിസ്, ഇബ്സന്‍ തുടങ്ങിയവര്‍ ആവിഷ്കരിച്ച ട്രാജഡികള്‍ മലയാള നാടകകൃത്തുക്കള്‍ക്ക് പുതിയ സൗന്ദര്യശിക്ഷണം നല്‍കി. ഏട്ടിലെ പശു, ആ കനി തിന്നരുത്, മാന്യതയുടെ മറ തുടങ്ങിയ റിയലിസ്റ്റിക് നാടകങ്ങള്‍ എഴുതിയിരുന്ന സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ ദുരന്തനാടക സങ്കല്പങ്ങളുടെ സ്വാധീനത്തില്‍  പുതിയ വഴിത്താര കണ്ടെത്തി. സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത എന്നീ നാടകങ്ങള്‍ നവീനമായ ആസ്വാദനാനുഭവമാണ് പകര്‍ന്നത്.

ആധുനിക പരീക്ഷണ നാടകങ്ങള്‍ അവതരിപ്പിക്കാനും പുതിയ നാടകസംസ്കാരം രൂപപ്പെടുത്താനുമായി കേരളത്തില്‍ നാടകക്കളരി ഉണ്ടായതോടെ ആധുനിക നാടക സങ്കല്പം കൂടുതല്‍ വികസിച്ചു. സി. ജെ. തോമസ്, എം. ഗോവിന്ദന്‍, അയ്യപ്പപണിക്കര്‍, ജി ശങ്കരപ്പിളള, കാവാലം, സി. എന്‍. ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ നാടകക്കളരിക്ക് നേതൃത്വം നല്‍കി. 

ആധുനികതയുടെ വേറിട്ട മുഖമാണ് ജി. ശങ്കരപ്പിളള ആവിഷ്ക്കരിച്ചത്. ഏകാങ്ക നാടകരംഗത്തും തനതു - തെരുവു നാടകവേദിക്കും അദ്ദേഹം ഒട്ടേറെ സംഭാവനകള്‍ നല്കി. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങള്‍ ആധുനിക നാടകവേദിയ്ക്ക് പരീക്ഷണാത്മകമായ  പരിവര്‍ത്തന ദശയാണ് സമ്മാനിച്ചത്.

കാവാലം നാരായണപ്പണിക്കര്‍ മലയാള നാടക വേദിക്ക് അമൂല്യസംഭാവനകള്‍ അര്‍പ്പിച്ച മഹാനാണ്. നാടോടി പാരമ്പര്യത്തെ ആധുനികതയിലേയ്ക്ക് ആവാഹിച്ച അദ്ദേഹത്തിന്റെ 'അവനവന്‍ കടമ്പ', 'ദൈവത്താര്‍' തുടങ്ങിയ നാടകങ്ങള്‍ പ്രസിദ്ധങ്ങളാണ്.

നാടകവേദിയിലെ പരീക്ഷണ സ്വഭാവങ്ങളെയും ഭാവുകത്വ സങ്കല്പങ്ങളെയും വിമര്‍ശന ബുദ്ധിയോടെ നേരിട്ട കലാകാരനായി  തനതു നാടകവേദിയും തെരുവുനാടക പ്രസ്ഥാനവും മലയാള നാടക കലയ്ക്കു നവീന ദിശാബോധം പകരുകയുണ്ടായി. നരേന്ദ്രപ്രസാദിന്റെ നാടകസംഭാവനകളും സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നു. സൗപര്‍ണിക, മൂന്നു പ്രഭുക്കന്മാര്‍, കുമാരന്‍ വരുന്നില്ല, ഇര വെളളിയാഴ്ച തുടങ്ങിയ നാടകങ്ങള്‍ നവീന നാടകസങ്കല്പത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. അസംബന്ധ ശൈലിയില്‍ ഗൗരവമായ നാടക വീക്ഷണം വച്ചു പുലര്‍ത്തിയിരുന്ന നാടകകൃത്താണ് ടി. എം. എബ്രഹാം. 'പ്രാവുകള്‍  ഇപ്പോള്‍ കരയുന്നില്ല' (1993) എന്ന നാടക സമാഹാരം എബ്രഹാമിന്റെ നൂതന കലാവീക്ഷണത്തിന് മികച്ച തെളിവുകള്‍ നല്‍കുന്നു. പി. എം. താജ്, അഹമ്മദ് മുസ്ലീം തുടങ്ങിയവരും ആധുനിക നാടകവേദിയുടെ ചലനാത്മകതയ്ക്ക് ഊര്‍ജം പകര്‍ന്നവരാണ്. അക്കൂട്ടത്തില്‍ താജിന്റെ കുടുക്ക, രാവുണ്ണി എന്നീ നാടകങ്ങളുടെ പങ്ക് വളരെ വലുതാണ്. 

ആധുനികോത്തര നാടകം മലയാളത്തില്‍
എണ്‍പതുകളുടെ തുടക്കത്തോടെ നാടകക്കളരികളും പുതിയ  നാടക പഠനപ്രസ്ഥാനങ്ങളും പുതുജീവന്‍ ആര്‍ജിക്കാന്‍ തുടങ്ങി. റിയലിസ്റ്റിക് മാതൃകകളെ ഉടച്ചു വാര്‍ത്തു കൊണ്ട് ബഹുലഭാവങ്ങളുടേതായ പുതിയൊരു രംഗഭാഷയാണ് ആധുനികോത്തര കലാചിന്തകന്മാര്‍ മുന്നോട്ടു വച്ചത്. ഇന്ത്യയിലും ലോകത്തെമ്പാടുമുളള സാമൂഹ്യ സാംസ്കാരിക സാമ്പത്തിക മാറ്റങ്ങളും മറ്റും കലാസൃഷ്ടികളെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് നാം അറിയാന്‍ തുടങ്ങി. ബ്രഹ്മത്തിന്റെ എപ്പിക് തിയെറ്ററും, സാമുവല്‍ ബക്കറ്റിന്റെ  അസംബന്ധ നാടകവേദിയും, ഐറിഷ് - സ്പാനിഷ് ആഫ്രിക്കന്‍ നാടകങ്ങളെക്കുറിച്ചുളള അറിവുകളും മറ്റും പുതിയ ചിന്താധാരയിലേയ്ക്ക് നീങ്ങാന്‍ രംഗകലയുടെ വക്താക്കളെ പ്രേരിപ്പിച്ചു. സമൂഹത്തിലെ വിഭിന്നങ്ങളായ കലാധാരകള്‍ നാടകാവിഷ്കാരത്തില്‍ പ്രകടമായി സ്വാധീനം ചെലുത്തുകയായിരുന്നു. പി. ബാലചന്ദ്രന്‍, എന്‍.പ്രഭാകരന്‍, ഡോ. ടി. പി. സുകുമാരന്‍, ജോയ്മാത്യു , എന്‍. ശശിധരന്‍, ഇ. പി. രാജഗോപാലന്‍, ജയപ്രകാശ് കുളൂര്‍, കെ. പ്രഭാകരന്‍, കെ. ജെ. ബേബി, പി. എം. ആന്‍റണി, ജനാര്‍ദനന്‍, ജോസ് ചിറമ്മേല്‍ എന്നിവര്‍ ആധുനിക നാടകസങ്കല്പത്തില്‍ ഒട്ടേറെ പൊളിച്ചെഴുത്തുകള്‍ നടത്തിയതാണ്.