കേരള ലളിതകലാ അക്കാദമി


സഞ്ചരിക്കുന്ന ചിത്രശാല, കേരള ലളിതകലാ അക്കാദമികേരളത്തിന്റെ കലാ ചരിത്രത്തില്‍ സമാനതകളില്ലാത്ത സംരംഭമാണ് കേരള ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാല. ആര്‍ട്ട് ഗ്യാലറികള്‍ ഇല്ലാത്ത ഇടങ്ങളില്‍ ചിത്രകലാപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ചിത്രകലയെ കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടിയാണ് നവീനമായ ഈ സംരംഭം.

വലിയ വാഹനത്തില്‍ നൂതനമായ വെളിച്ച വിതാനവും, ഡിസ്പ്ലെ സംവിധാനവും ശീതീകരിച്ച വായു സംവിധാനവും ഒരുക്കിക്കൊണ്ടാണ് സഞ്ചരിക്കുന്ന ചിത്രശാല നിര്‍മ്മിച്ചിട്ടുള്ളത്. ചിത്രങ്ങളും ശില്പങ്ങളും പുസ്തകങ്ങളും പ്രദര്‍ശിപ്പിക്കുവാനുള്ള വിപുലമായ സൗകര്യങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. കലാ ആസ്വാദകര്‍ക്ക് ഇത് നവ്യാനുഭവമായി മാറും.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പര്യടനം നടത്തിയ ചിത്രശാലയില്‍ കേരളത്തിന്റെ കലാചരിത്രമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. കേരളീയ ചിത്രകലയുടെ വളര്‍ച്ചയും പരിണാമവും ദൃശ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. ഗുഹാചിത്രങ്ങളും പുരാതന ചിത്ര-ശില്പ മാതൃകകളും ചുമര്‍ചിത്രങ്ങളും മുതല്‍ രാജാരവിവര്‍മ്മയും കെ.സി.എസ്. പണിക്കരും പത്മിനിയും എം.വി. ദേവനും ഉള്‍പ്പടെയുള്ള മണ്‍മറഞ്ഞ ചിത്രകാരന്മാരുടെ ചിത്രങ്ങളും ഈ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ഇന്ന് ചിത്രകലാ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന പ്രഗത്ഭ കലാകാരന്മാരുടെ തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും  ആദ്യ പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു.  ചിത്രകലാ സംബന്ധിയായ ഡോക്യുമെന്റെറി സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള  സൗകര്യം ഈ ചിത്രശാലയില്‍ ഒരുക്കിയിട്ടുണ്ട്. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ വിഖ്യാതരായ കലാകാരന്മാരെയും കലയെക്കുറിച്ചുമുള്ള ഡോക്യുമെന്റെറികളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഈ പ്രദര്‍ശനം നാസിക്കില്‍ സംഘടിപ്പിക്കപ്പെട്ടു. നാസിക്കിലെ സഹൃദയരായ മലയാളികളുടെയും ഇതര സമൂഹങ്ങളുടെയും പ്രശംസയ്ക്കും ഈ പ്രദര്‍ശനം പാത്രീഭവിച്ചിട്ടുണ്ട്. ആദ്യഘട്ട പ്രയാണത്തിനുശേഷം സമകാലീന കലാരംഗത്ത് സജീവ സാന്നിദ്ധ്യങ്ങളായ കലാകാരന്മാരുടെ തെരഞ്ഞെടുക്കപ്പെട്ട കലാസൃഷ്ടികളുടെ പ്രദര്‍ശനമായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ദേശങ്ങളില്‍ സഞ്ചരിക്കുന്ന ചിത്രശാലയിലൂടെ ഒരുക്കിയത്.

കലാകാരന്മാര്‍ക്ക് സ്വതന്ത്രമായി പ്രദര്‍ശനം ഒരുക്കുന്നതിനും സഞ്ചരിക്കുന്ന ചിത്രശാലയെ ഉപയോഗിക്കുവാന്‍ കഴിയും. 'ചുമരില്‍ ഒരു ചിത്രം' എന്ന സന്ദേശം കൂടി ഈ പ്രദര്‍ശനങ്ങളിലൂടെ ലക്ഷ്യമാക്കുന്നു. ചിത്രങ്ങള്‍ വാങ്ങുവാന്‍ വിമുഖത കാട്ടുന്ന മലയാളികളുടെ കാഴ്ചശീലത്തില്‍ ചിത്രകലയുടെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തുകയും കേരളത്തില്‍ ചിത്രങ്ങള്‍ക്ക് വിപണി സൃഷ്ടിക്കുകയുമാണ് 'ചുമരില്‍ ഒരു ചിത്രം' എന്ന സന്ദേശത്തിലൂടെ ലക്ഷ്യമിടുന്നത്. ചിത്രകലയെ ഗൗരവമായി സ്വീകരിച്ചിരിക്കുന്ന കലാകാരന്മാര്‍ക്ക് കേരളത്തില്‍ ചിത്രരചനയിലൂടെ ജീവിക്കുവാനുള്ള സാഹചര്യമൊരുക്കുവാന്‍ ചിത്രവിപണനം പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശവും സഞ്ചരിക്കുന്ന ചിത്രശാല ജനങ്ങളിലെത്തിക്കും. കലാപ്രദര്‍ശനങ്ങള്‍ തേടി ഗ്യാലറികളിലേക്ക് എത്തുന്നതിനപ്പുറം കല ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇതിലൂടെ സാധ്യമാകുന്നത്. ചിത്രകലാ കാഴ്ചകള്‍ക്ക് വിപുലമായ അവസരം ഒരുക്കുന്നതിലൂടെ മാത്രമെ ചിത്രകലയുടെ സമഗ്രമായ പുരോഗതി സാധ്യമാകൂ. മലയാളിയുടെ ചിത്രകലാ കാഴ്ചയെ വിപുലീകരിക്കാന്‍ സഞ്ചരിക്കുന്ന ചിത്രശാലക്ക് കഴിയും.

സഞ്ചരിക്കുന്ന ചിത്രശാലക്ക് വിവിധ സാധ്യതകളാണുള്ളത്. പൊതുസമൂഹത്തില്‍ കാഴ്ചയുടെ പാഠങ്ങള്‍ സൃഷ്ടിക്കാന്‍ ഏറ്റവും ഉത്തമ മാതൃകയാണ് ഈ ചിത്രശാല. ചരിത്രാതീത കാലം മുതലുള്ള കലയുടെ ചരിത്രം ഗുണമേന്മയുള്ള ക്യാന്‍വാസ് വര്‍ണ്ണപകര്‍പ്പുകളിലൂടെ വിവരണങ്ങള്‍ സഹിതം ഘട്ടങ്ങളായി ജനങ്ങളിലെത്തിക്കുക, കലാപ്രദര്‍ശനങ്ങളിലൂടെയും, ഡോക്യുമെന്റെറി പ്രദര്‍ശനങ്ങളിലൂടെയും അനുക്രമമായി വിവിധ ജനസമൂഹങ്ങളില്‍ കലാസ്വാദന അഭിരുചി വളര്‍ത്തുക. ഗ്രാമാന്തരങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക എന്നിവയെല്ലാം സഞ്ചരിക്കുന്ന ചിത്രശാല വഴി സാധ്യമാണ്.

ഇന്ത്യയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സഞ്ചരിക്കുന്ന ചിത്രശാല സജ്ജീകരിച്ചിട്ടുള്ളത്. കേരള ലളിതകലാ അക്കാദമിയുടെ ഈ സംരംഭം 2016 ജനുവരി 20-ാം തീയതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.