മൃദംഗം

കര്‍ണാടകപദ്ധതിയിലെ താളവാദ്യങ്ങളില്‍ അതിപ്രധാനമാണ് മൃദംഗം. കൃത്യതയോടെ താളഭാഷ ആവിഷ്കരിക്കാന്‍ മൃദംഗത്തോളം പോന്ന മറ്റൊരു വാദ്യോപകരണം അത്യപൂര്‍വ്വം തന്നെ. അതീവ ഹൃദ്യമായ ധ്വനിവൈവിധ്യവും നാദം പ്രവഹിക്കുന്നതിന്റെ തുടര്‍ച്ചയും മൃദംഗത്തിന് വാദ്യോപകരണങ്ങളില്‍ സവിശേഷ സ്ഥാനം നല്‍കുന്നു. കര്‍ണാടകസംഗീത കച്ചേരി, ഓട്ടന്‍ തുള്ളല്‍, ഭജന, ഹരികഥ, വിവിധ നൃത്തരൂപങ്ങള്‍ എന്നിവയ്ക്ക് അകമ്പടി വാദ്യമായി മൃദംഗം ഉപയോഗിക്കുന്നു.  ക്ഷേത്രാടിയന്തിരങ്ങള്‍ക്കും ഉപയോഗിക്കാറുണ്ട്. ഒറ്റയായിത്തന്നെ നാദപ്രപഞ്ച സൃഷ്ടിക്കാന്‍ മൃദംഗത്തിനു കഴിയും. അതുകൊണ്ടുതന്നെ സംഗീതസദസ്സുകളില്‍ മൃദംഗത്തിന്റെ തനിയാവര്‍ത്തനം എപ്പോഴുമുണ്ടാകും.

പ്ലാവിന്റെയോ തേക്കിന്റെയോ തടിയിലാണ് മൃദംഗം നിര്‍മ്മിക്കുന്നത്. രണ്ടടിയിലധികം നീളമുണ്ടാകും. മുഖങ്ങളില്‍ സവിശേഷരീതിയിലുള്ള തോല്‍കൊണ്ട് പൊതിയുന്നു. 

പ്രതിഭാശാലികളായ മൃദംഗവാദകരുടെ വലിയൊരു നിര തന്നെ കേരളത്തില്‍ ഉണ്ട്.  പ്രശസ്തനായ മൃദംഗവിദ്വാന്‍ പാലക്കാട് മണി അയ്യര്‍ തന്നെയാണ്  ഇവരിലെ പ്രധാനി.