മുടിയാട്ടം

കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അവതരിപ്പിച്ചുവരുന്ന സമൂഹനൃത്തമാണ് മുടിയാട്ടം. യുവതികളും ബാലികമാരുമാണ് ഈ കലാപ്രകടനത്തില്‍ പങ്കെടുക്കുന്നത്. 

മദ്ദളം, പറ, മരം, കരു, കൊക്കരോ തുടങ്ങിയ വാദ്യങ്ങളാണ് മുടിയാട്ടത്തിന് ഉപയോഗിക്കുന്നത്. ചില സ്ഥലങ്ങളില്‍ ചെണ്ട, തപ്പ്, ഉടുക്ക്, കടുന്തുടി, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിക്കാറുണ്ട്. വാദ്യങ്ങളുടെ അകമ്പടിയോടെ പാട്ടുപാടിത്തുടങ്ങുമ്പോള്‍ മുടിയാട്ടത്തില്‍ പങ്കെടുക്കുന്നവര്‍ താളത്തിനൊത്ത് നൃത്തംചെയ്തുതുടങ്ങുന്നു. മുടി ഇരുവശത്തേക്കും അഴിച്ചിട്ട് കഴുത്ത് പ്രത്യേകരീതിയില്‍ ചലിപ്പിച്ചുകൊണ്ടാണ് ആട്ടം. ആട്ടക്കാര്‍ കണ്ണെഴുതി കുറിയിട്ട് കുരുത്തോല ചുറ്റും. 

സ്തുതിപരമായ പാട്ടുകളാണ് മുടിയാട്ടത്തിനു പാടുന്നത്. വടക്കന്‍ കേരളത്തില്‍ നീലിയാട്ടമെന്ന പേരിലാണ് ഈ കലാരൂപം അറിയപ്പെടുന്നത്. വാദ്യങ്ങള്‍ വായിക്കുന്നതും, പാടുന്നതും പുരുഷന്മാരാണ്.