സാംസ്‌കാരിക സ്ഥാപനങ്ങള്‍


മുല്ലൂര്‍ സ്‌മാരകം ഇലവുംതിട്ട

സരസ കവിയെന്നും മുല്ലൂര്‍ ആശാനെന്നും വിഖ്യാതനായിരുന്ന മുലൂര്‍ എസ്‌. പത്മനാഭപണിക്കരുടെ (1869 - 1931) ജന്മ ഗൃഹത്തെയാണ്‌ കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌ മുലൂര്‍ സ്‌മാരകമാക്കി നിലനിര്‍ത്തുന്നത്‌.

മുലൂര്‍ ശങ്കരന്‍ വൈദ്യരുടെയും വെളുത്ത കുഞ്ഞു അമ്മയുടെയും മകനായി 1869 -ല്‍ ജനിച്ച പത്മനാഭ പണിക്കര്‍ സംസ്‌കൃതവും കളരിയും, ആയുര്‍വേദവുമൊക്കെ നന്നെ ചെറുപ്പത്തില്‍ തന്നെ തന്റെ പിതാവില്‍ നിന്ന്‌ അഭ്യസിക്കുകയാണുണ്ടായത്‌. കവിയും, സാമൂഹ്യപ്രവര്‍ത്തകനും, മികച്ച പ്രാസംഗികനുമായിരുന്ന അദ്ദേഹത്തെ 1913-ല്‍ കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ 'സരസകവി' പട്ടം നല്‍കി ആദരിച്ചു. 'കിരാതം' എന്ന കാവ്യം രചിക്കുമ്പോള്‍ കവിക്ക്‌ പ്രായം വളരെ കുറവ്‌. 'നളചരിതം', 'കൃഷ്‌ണാര്‍ജ്ജനവിജയം', 'കുചേല വൃത്തം', 'നീതി സാര സമുച്ചയം', 'സന്മാര്‍ഗ്ഗ ചന്ദ്രിക' തുടങ്ങി ഒട്ടേറെ കൃതികള്‍ മുലൂര്‍ രചിച്ചിട്ടുണ്ട്‌. 'ആസന്നമരണചിന്താശതകം' ഭാഷാപോഷിണി സമ്മാനത്തിനര്‍ഹമായിട്ടുണ്ട്‌.

പത്തനംതിട്ട ടൗണില്‍ നിന്ന്‌ 12 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ്‌ ഇലവുംതിട്ട. സാഹിത്യ സാംസ്‌കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നവരെ മാത്രമല്ല ഇന്ന്‌ ഇലവും തിട്ടയിലെ മുലൂര്‍ സ്‌മാരകം ആകര്‍ഷിക്കുന്നത്‌. കേരളം സന്ദര്‍ശിക്കുന്ന ടൂറിസ്റ്റുകളും ഈ പ്രദേശത്തിന്റെ അനുപമ സൗന്ദര്യം ഇന്നു തിരിച്ചറിയുന്നുണ്ട്‌. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്‌ 16 കിലോമീറ്ററും തിരുവനന്തപുരം അന്തര്‍ദ്ദേശീയ വിമാനത്താവളത്തില്‍ നിന്ന്‌ 108 കിലോമീറ്ററുമാണ്‌ മുലൂര്‍ സ്‌മാരകത്തിലേക്കുള്ള ദൂരം.


സാംസ്‌കാരിക വാർത്തകൾ