മുനിയറകള്‍

കേരളത്തില്‍ ചെങ്കല്‍പാറപ്രദേശങ്ങളില്‍ പരക്കെ കാണപ്പെടുന്ന ഒരു മഹാശിലാസ്മാരകമാണ് മുനിയറ എന്നും മുനിമടകള്‍ എന്നും അറിയപ്പെടുന്ന ചെങ്കല്‍ ഗുഹകള്‍. തൃശ്ശൂര്‍ ജില്ലയിലെ കണ്ടാണശ്ശേരി, കാട്ടകാമ്പല്‍, ഇയ്യാല്‍, കോഴിക്കോടു ജില്ലയില്‍ ഫറോക്കിനടുത്തുള്ള ചാത്തംപറമ്പ് എന്നിവിടങ്ങളില്‍ ഒന്നിലധികം അറകളോടു കൂടിയ ഗുഹകളാണ് കണ്ടെത്തിയത്. ചാത്തം പറമ്പിലെ ഗുഹകളില്‍ നിന്ന് അര്‍ദ്ധമൂല്യക്കല്ലുകള്‍ കൊണ്ടുള്ള മുത്തുകള്‍ കണ്ടുകിട്ടി. ബുദ്ധസന്യാസിമാര്‍ നിര്‍വാണമടഞ്ഞ ഗുഹകളായിരിക്കണം ഇവയില്‍ പലതുമെന്ന് അഭിപ്രായമുണ്ട്. ബി.സി. രണ്ടോ മൂന്നോ നൂറ്റാണ്ടുകളായിരിക്കണം ഇവയുടെ കാലമെന്ന് കരുതുന്നു. ദക്ഷിണേന്ത്യയില്‍ കണ്ടെത്തിയിട്ടുള്ള ഇത്തരം പല ഗുഹകളും ബൗദ്ധ-ജൈന സന്യാസിമാരുടെ വാസസ്ഥലങ്ങളായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ സ്ഥാപിച്ചിട്ടുണ്ട്.