മാര്‍ഗിയും ദേശിയുമായ സംഗീതരീതികള്‍ അടങ്ങുന്നതാണ് കേരളത്തിന്റെ സംഗീതപാരമ്പര്യം. നിശ്ചിതമായ ചിട്ടകളെയും തത്ത്വങ്ങളെയും ആധാരമാക്കുന്ന ക്ലാസിക്കല്‍ പാരമ്പര്യമാണ് മാര്‍ഗി സംഗീതം. പ്രാദേശിക സംഗീത രീതികളില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതും ചിട്ടകളില്‍ അയവുള്ളതുമായ പാരമ്പര്യമാണ് ദേശി സംഗീതം. ഗാനാലാപനത്തിലും വാദ്യമേളങ്ങളിലും വൈവിധ്യമാര്‍ന്ന സംഗീതപാരമ്പര്യം കേരളത്തിനുണ്ട്. ഭിന്നമതവിഭാഗങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്രങ്ങളിലെയും കാവുകളിലെയും അനുഷ്ഠാന കലകളും കഥകളി പോലുള്ള കലാരൂപങ്ങളും നാടന്‍ പാട്ടുരീതികളും ചേര്‍ന്നുള്ള സമഗ്രതയാണ് കേരളസംഗീതം. ആധുനിക കാലത്തെ ജനപ്രിയ സംഗീത രീതികളിലെല്ലാം ഈ പാരമ്പര്യങ്ങളുടെ സ്വാധീനതയുണ്ട്. സമകാലിക ജനപ്രിയസംഗീതത്തില്‍ പാശ്ചാത്യസംഗീതധാരകളുടെ സ്വാധീനവും കാണാം. കേരളത്തിന്റെ തനതായ സംഗീതരീതിയെന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്നതാണ് സോപാനസംഗീതം. ഇതിന്റെ സ്വാധീനം വ്യക്തമായി അനുഭവപ്പെടുന്നതാണ് കഥകളിസംഗീതം. കഥകളി സംഗീതം കേരളീയ സംഗീതത്തിലെ പ്രധാനപ്പെട്ട ഒരു ശാഖയാണ്.
ഭാരതീയ മാര്‍ഗി സംഗീതപാരമ്പര്യത്തിന്റെ രണ്ടു ധാരകളായ കര്‍ണാടക സംഗീതത്തിനും ഹിന്ദുസ്ഥാനിസംഗീതത്തിനും കേരളം വലിയ സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാള്‍, ഇരയിമ്മന്‍തമ്പി, കുട്ടിക്കുഞ്ഞുതങ്കച്ചി, ഷഡ് കാല ഗോവിന്ദമാരാര്‍ തുടങ്ങിയവര്‍തൊട്ട് സമകാലികര്‍ വരെ നീളുന്ന പാരമ്പര്യമാണത്.
നാടോടിസംഗീതത്തിന്റെയും ലളിതസംഗീതത്തിന്റെയും കാര്യത്തിലും കേരളം സമ്പന്നമാണ്. വീരനായകന്‍മാരുടെ ധീരകൃത്യങ്ങള്‍ വര്‍ണിക്കുന്ന വടക്കന്‍പാട്ടുകളും തെക്കന്‍ പാട്ടുകളുമാണ് നാടോടി ഗാനങ്ങളില്‍ പ്രധാനം. സാധാരണ സംസാര ഭാഷയില്‍ ലളിതമായ സംഗീതം നല്‍കി ആലപിക്കുന്ന മാപ്പിളപ്പാട്ടുകള്‍ കേരളത്തിന്റെ ഗാനസാഹിത്യസംസ്കാരത്തിന് മലബാറിന്റെ സംഭാവനയാണ്. മധ്യതിരുവിതാംകൂര്‍ ഭാഗത്ത് ജന്മംകൊണ്ട വഞ്ചിപ്പാട്ടിന് മലയാളസാഹിത്യത്തിലും പ്രമുഖമായൊരു സ്ഥാനമുണ്ട്. ഭദ്രകാളി, അയ്യപ്പന്‍, നാഗരാജാവ് തുടങ്ങിയ ദേവതകളുടെ ആരാധനയ്ക്ക് പാടുന്ന പാട്ടുകള്‍ (ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, പടയണിപ്പാട്ട്, അയ്യപ്പന്‍പാട്ട്, കളമെഴുത്ത്പാട്ട്), തിരുവാതിരക്കളി, കുമ്മി, കോലാട്ടം മുതലായ വിനോദങ്ങള്‍ക്കായുള്ള പുരാണകഥാപരമായ പാട്ടുകള്‍, ഓണം, പൂരം തുടങ്ങിയ ഉത്സവവേളകളില്‍ ആലപിക്കപ്പെടുന്ന പാട്ടുകള്‍... എന്നിങ്ങനെ വൈവിധ്യമാര്‍ന്നതാണ് കേരളത്തിന്റെ ജനകീയഗാനസംസ്ക്കാരം.
കേരളത്തിന്റെ സംഗീതത്തിന്റെ ഏറ്റവും വലിയ സവിശേഷതയാണ് തനത് താളപദ്ധതി. ഗാനാലാപനത്തിന് അകമ്പടിയൊരുക്കുന്ന ഘടകം എന്ന നിലയ്ക്കാണ് ഭാരതത്തില്‍ പൊതുവെ താളസമ്പ്രദായത്തെ കണക്കാക്കുന്നതെങ്കിലും കേരളം ഇക്കാര്യത്തില്‍ വിഭിന്നമായി ചിന്തിച്ചു.
കേരളത്തില്‍ ജന്മം കൊണ്ടതും പലയിടങ്ങളില്‍ നിന്നെത്തി നമ്മുടെ ഗാനസമ്പ്രദായത്തിന് അകമ്പടിയേറ്റിവന്നതുമായ താളവാദ്യങ്ങളെ ശാസ്ത്രീയമായി ഉപയോഗിച്ച് കേരളം സവിശേഷമായ താളവാദ്യകലാരൂപങ്ങള്‍ ആവിഷ്ക്കരിച്ചു. ചെണ്ട, തിമില, കുറുംകുഴല്‍, ഇടയ്ക്ക, മദ്ദളം, കൊമ്പ്, ഇലത്താളം, ചേങ്ങില ഇവയൊക്കെ അവയില്‍ ചിലതാണ്. ഘടനയിലും കര്‍മ്മത്തിലും പ്രവര്‍ത്തനതത്ത്വങ്ങളിലും അമ്പേ വ്യത്യസ്തമായ വാദ്യങ്ങളെ സമന്വയിപ്പിച്ചാണ് അസാധാരണാംവിധം ഗാംഭീര്യമാര്‍ന്ന താളവാദ്യകലാരൂപങ്ങള്‍ കേരളം സൃഷ്ടിച്ചത്. പാണ്ടി, പഞ്ചാരി, തായമ്പക തുടങ്ങിയ ചെണ്ടമേളങ്ങള്‍, പഞ്ചവാദ്യം എന്നിവയാണ് ലോകപ്രശസ്തമായ കേരളത്തിന്റെ താളവാദ്യ കലാരൂപങ്ങള്‍. കൂടിയാട്ടം, കൂത്ത്, കഥകളി, തുള്ളല്‍, മുടിയേറ്റ്, കേളി പാനകൊട്ട് മറ്റു പല നാടന്‍കലകള്‍ ഇവയിലെല്ലാം പ്രയോഗത്തിലുള്ളത് കേരളീയതാളങ്ങളാണ്. കാലത്തിന്റെ ചെറിയ അംശമായ അക്ഷരകാലത്തെ അടിസ്ഥാനമാക്കിയാണ് ഈ കേരളീയ താളവ്യവസ്ഥയും. ചെമ്പട, ത്രിപുട, അടന്ത, ചമ്പ (ഝംപ), പഞ്ചാരി, ഏകതാളം എന്നിവയാണ് ഇങ്ങനെ രൂപപ്പെട്ടിട്ടുള്ള കേരളീയതാളങ്ങളില്‍ പ്രധാനപ്പെട്ടവ.
കേരളത്തിന്റെ സംഗീതമണ്ഡലത്തില്‍ ഏറ്റവുമേറെ ജനകീയം സിനിമാഗാനശാഖയാണെന്നതില്‍ സംശയമില്ല. ആദ്യകാലത്ത് തമിഴ് ബാലെ ഗാനങ്ങളെ അനുകരിച്ചും ഹിന്ദി ഈണങ്ങള്‍ അപ്പാടെ പകര്‍ത്തിയുമായിരുന്നു മലയാള സിനിമാഗാനങ്ങള്‍ സംവിധാനം ചെയ്തിരുന്നത്. 1954-ല്‍ പുറത്തിറങ്ങിയ 'നീലക്കുയില്‍' എന്ന ചിത്രം ഈ രീതിയെ മാറ്റി മറിച്ചു. പി. ഭാസ്ക്കരന്‍ എഴുതി കെ. രാഘവന്‍ സംഗീതം നല്‍കിയ നീലക്കുയിലിലെ ഗാനങ്ങളെ മലയാളികള്‍ നെഞ്ചേറ്റി. ആദ്യകാലത്ത് രംഗത്തെത്തിയ ഏറെക്കുറെ എല്ലാ സംഗീത സംവിധായകരും നാടകരംഗത്ത് പയറ്റിത്തെളിഞ്ഞവരായിരുന്നു. അവര്‍ക്ക് പ്രതിഭ തെളിയിക്കാന്‍ പറ്റിയ വരികള്‍ ഗാനരചയിതാക്കള്‍ നിര്‍ലോഭം നല്‍കി. നാടന്‍പാട്ടുകള്‍, മാപ്പിളപ്പാട്ട്, വടക്കന്‍പാട്ട്, ഭജനപ്പാട്ട്, സോപാനസംഗീതം, കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം എന്നിവയില്‍ നിന്നെല്ലാം രാഗാംശങ്ങള്‍ സ്വാംശീകരിച്ച് ദേശീയ ശ്രദ്ധയിലേയ്ക്കുയര്‍ത്തി. പി.ഭാസ്ക്കരന്‍, വയലാര്‍ രാമവര്‍മ്മ, ഒ.എന്‍..വി.കുറുപ്പ്, ശ്രീകുമാരന്‍തമ്പി തുടങ്ങിയ കവികള്‍ സിനിമാഗാനങ്ങള്‍ക്ക് സാഹിത്യഭംഗി നല്‍കി. ജി. ദേവരാജന്‍, ജോബ്, കെ.രാഘവന്‍, കെ.ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, എം. ബി. ശ്രീനിവാസന്‍, ചിദംബരനാഥ് തുടങ്ങിയ സംഗീതസംവിധായകര്‍ മലയാളസിനിമയെ ഗാനവസന്തത്തിലാറാടിച്ചു. അവര്‍ക്കോരോരുത്തര്‍ക്കും തികച്ചും വ്യത്യസ്തമായ സംഗീതശൈലികളുമുണ്ടായിരുന്നു. കോഴിക്കോട് അബ്ദുള്‍ ഖാദര്‍, ഉദയഭാനു, കമുകറ പുരുഷോത്തമന്‍, യേശുദാസ്, ജയചന്ദ്രന്‍, പി.ലീല, സുശീല, എസ്. ജാനകി, മാധുരി തുടങ്ങിയ അനുഗൃഹീത ഗായകര്‍ ആ ഈണങ്ങളില്‍ സ്വയമലിഞ്ഞു പാടി.