നാടന്‍ പാട്ടുകള്‍

കേരളത്തിന്റെ ഓരോ പ്രദേശത്തിന്റെയും കഥ പറയുന്ന വായ്‌മൊഴിയായുള്ള പാട്ടുകളാണ് നാടന്‍ പാട്ടുകള്‍. പാട്ടുകാരുടെ താത്പര്യത്തിനനുസരിച്ചുള്ള ശീലുകളില്‍ പാടുന്ന നാടന്‍ പാട്ടിന്റെ വരികള്‍ വരും തലമുറകളിലേക്കു കൈമാറിയത് വായ്‌മൊഴിയിലൂടെ മാത്രമായിരുന്നു. ആളുകളുടെ തൊഴിലിനെ ആസ്പദമാക്കിയാണ് നാടന്‍ പാട്ടുകള്‍ ഉത്ഭവിച്ചത്. ഓരോ തൊഴിലിനും യോജിച്ച ഈണത്തില്‍ വളരെ സാധാരണമായ നാടന്‍ വാക്കുകള്‍ കൊണ്ടാണ് ഈ പാട്ടുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. തങ്ങളുടെ ജോലിയുടെ ആയാസം കുറച്ച് അതു കൂടുതല്‍ രസകരമാക്കാന്‍ മാത്രമല്ല തങ്ങളുടെ തൊഴില്‍ എങ്ങിനെ ചെയ്യണമെന്നും എന്തിനു ചെയ്യുന്നു എന്നും, അതിന്റെ ഫലവുമെല്ലാം പാട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ സ്ഥലത്തിനും, അതിനനുസരിച്ച ജോലിയും, ജോലിക്കു ചേര്‍ന്ന നാടന്‍ പാട്ടുകളും ഉള്ളതിനാല്‍ ഓരോ പ്രദേശത്തെയും നാടന്‍ പാട്ടുകളും വ്യത്യസ്തമായിരിക്കും. കൂടാതെ ദൈവത്തെ പ്രാര്‍ത്ഥിക്കുവാനും പ്രകൃതിയെ ആരാധിയ്ക്കുവാനും (മഴ, വെയില്‍, ഇടി, മിന്നല്‍) ഒക്കെ തനതായ നാടന്‍ പാട്ടുകള്‍ ഉണ്ട്.

ഓരോ ജോലിയ്ക്കും ഓരോ പാട്ടാണെന്നു പറഞ്ഞല്ലോ. നിലമുഴുന്ന പുരുഷന്മാര്‍ പാടുന്ന പാട്ടല്ല വിതയ്ക്കുന്ന സമയത്തു പാടുക. ഞാറുനടുമ്പോള്‍ പാടുന്നതല്ല വിളവെടുപ്പുകാലത്ത് പാടുക. ഓരോ പാട്ടും വ്യത്യസ്തകഥകള്‍ പറയുന്നവയാണ്. ഒന്നു ശ്രദ്ധിച്ചാല്‍ കാര്‍ഷികവൃത്തി എങ്ങിനെ വേണമെന്ന് ഈ പാട്ടുകളിലൂടെ മനസ്സിലാക്കാം.

അതു പോലെ മത്സ്യത്തൊഴിലാളികള്‍, വഞ്ചിക്കാര്‍, ഇവര്‍ക്കെല്ലാം അവരുടേതായ പാട്ടുകളുണ്ട്. ഇന്നും നിലനില്‍ക്കുന്ന ചില നാടന്‍ പാട്ടുകളാണ് വില്‍പ്പാട്ട്, മാപ്പിളപ്പാട്ട്, വടക്കന്‍പാട്ട് എന്നിവ. വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ പാടുന്ന ഈ നാടന്‍ പാട്ടുകള്‍ ഏറെ ആസ്വാദ്യമാണെന്നതില്‍ തര്‍ക്കമില്ല. ചിലപ്പോള്‍ ചില നാടന്‍ പാട്ടുകളില്‍ ഒന്നോ രണ്ടോ നാടന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാറുമുണ്ട്.