ക്ഷേത്രങ്ങളിലെ പൂജാകര്‍മ്മങ്ങള്‍ക്കും വിവാഹം പോലുളള മംഗളകര്‍മ്മങ്ങള്‍ക്കും സംഗീതപശ്ചാത്തലമൊരുക്കുന്ന വാദ്യോപകരണമാണ് നാഗസ്വരം. നാദസ്വരം, നാകസ്വരം എന്നൊക്കെ അറിയപ്പെടുന്നുണ്ടെങ്കിലും നാഗസ്വരം ആണ് ശരിയെന്ന് പറയപ്പെടുന്നു. നാഗാസുരന് പരമശിവന് സമ്മാനിച്ച വാദ്യമാണ് നാഗസ്വരം എന്നാണ് ഐതിഹ്യം. നാഗന്മാര് ഉപയോഗിച്ചിരുന്നതിനാലാണ് ഈ പേര് വന്നതെന്നും അതല്ല നാഗത്തിന്റെ ആകൃതിയുളളതിനാലാണ് ഈ പേര് ലഭിച്ചതെന്നും അഭിപ്രായമുണ്ട്. നാഗസ്വരത്തിനും കേരളീയവാദ്യമായ കുറുംകുഴലിനും ഒരേ രൂപവും ഘടനയുമാണ്. നാഗസ്വരത്തിന് നീളം കൂടുതലുണ്ട്. കുറുംകുഴല്‍ താളവാദ്യമായി മാത്രമേ ഉപയോഗിക്കാനാവു. എന്നാല്‍ നാഗസ്വരത്തിന് ഈ പരിമിതിയില്ല. നാഗസ്വരം ഒരു ഗാനവാദ്യമായി ഉപയോഗിക്കുന്നു.
തടി കടഞ്ഞെടുത്താണ് നാഗസ്വരം നിര്‍മ്മിക്കുന്നത്. തഞ്ചാവൂരാണ് പ്രധാന നാഗസ്വര നിര്‍മ്മാണസ്ഥലം. നാഗസ്വരത്തിന്റെ കുഴല്പോലെയുളള ഭാഗത്തിന് 'ഒളവ്' എന്നു കോളാമ്പി പോലുളള ഭാഗത്തിന് 'അണശ്' എന്നും പറയുന്നു. കുഴലിന്റെ ഒരറ്റത്ത് ജീവാളി വയ്ക്കുന്നു. മറ്റേ അറ്റത്താണ് കോളാമ്പി. നാണപ്പുല് പോലുളള ഒരു തൃണത്തിന്റെ തണ്ട് തൃകോണകൃതിയില് വെട്ടിയെടുത്ത് നെടുകെ ദ്വാരമിട്ടതാണ് ജീവാളി. ജീവാളിയാണ് ഈ വാദ്യത്തിന്റെ മുഖരന്ധ്രം. ഇതില്‍ക്കൂടെയാണ് ഉച്ഛ്വാസവായു കടത്തിവിടുന്നത്. മറ്റേ അറ്റത്തെ കോളാമ്പിയിലൂടെ മധുരശബ്ദമായി ഇതു പുറത്തു വരുന്നു. കുഴലിന്റെ മുകള്‍വശത്ത് ഏഴു ചെറിയ ദ്വാരങ്ങളും അടിയില്‍ അഞ്ചു ദ്വാരങ്ങളുമുണ്ട്. വായനക്കാരന് സുഷിരങ്ങളില്‍ നടത്തുന്ന അംഗുലീവ്യന്യാസങ്ങളിലൂടെ കുഴലിന്റെ മേല്വശത്തുളള ദ്വാരങ്ങളില്‍ കൂടിയാണ് സ്വരങ്ങള്‍ പുറത്തു വരുന്നത്.
ക്ഷേത്രങ്ങളിലെ സേവ, പളളിവേട്ട, ആറാട്ട് തുടങ്ങിയ ചടങ്ങുകളില്‍ നാഗസ്വരത്തിന്റെ 'മല്ലാരി' വായിക്കുന്നു. സ്വരങ്ങള്‍ ചേര്‍ത്തുളള ചൊല്ക്കെട്ടാണ് മല്ലാരി. നാഗസ്വരമേളത്തിന് ശ്രുതിയ്ക്കായി കുഴലും (കുറുംകുഴല്‍) താളത്തിനായി തവിലും ഇലത്താളവും അകമ്പടിയായി ഉപയോഗിക്കുന്നു. വിവാഹത്തിന് നാഗസ്വരത്തില്‍ 'ഗട്ടിമേളം' വായിച്ചിരുന്നു. ഇപ്പോള്‍ സിനിമാഗാനങ്ങളോ ഭക്തിഗാനങ്ങളോ നാഗസ്വരത്തില്‍ വായിക്കുകയാണ് പതിവ്.