വയനാട്ടിലും കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും നിലമ്പൂര്‍ ഭാഗത്തും താമസിക്കുന്ന ആദിവാസി വിഭാഗമാണ് നായ്ക്കര്‍. നായ്ക്കരുടെ ഇടയില്‍ പ്രചാരമുള്ള അനുഷ്ഠാന കലാരൂപമാണ് നായ്ക്കര്‍കളി. കുലദൈവങ്ങളുടെ ആരാധനയോടനുബന്ധിച്ചാണ് നായ്ക്കര്‍കളി നടത്താറുള്ളത്. ഇതിന് പുറമെ കല്ല്യാണമടക്കമുള്ള സാമൂഹ്യാഘോഷങ്ങള്‍ക്കും നായ്ക്കര്‍കളി അവതരിപ്പിക്കാറുണ്ട്.
പതിനഞ്ചിലധികം പേര്‍ കളിയില്‍ പങ്കെടുക്കും. തപ്പു കൊട്ടി കുഴല്‍ വിളിച്ചാണ് കളി ആരംഭിക്കുന്നത്. കാലില്‍ ചിലങ്ക അണിയും. തപ്പിന്റെ താളത്തിനൊത്ത് ചുറ്റിത്തിരിഞ്ഞ് ചുവടുവെച്ച് കൊണ്ടാണ് കളിക്കുന്നത്. കളിക്കാര്‍ ഇടക്കിടെ 'ഹോയ് ഹോയ്'വിളിച്ചു കൊണ്ടിരിക്കും. രാത്രിയില്‍ ആരംഭിക്കുന്ന കളി പുലരുന്നതുവരെ നീണ്ടു നില്‍ക്കും. വലിയ കരയുള്ള മുണ്ടും തലയില്‍ കെട്ടുമാണ് തനതു വേഷം. നിറപ്പകിട്ടാര്‍ന്ന കുപ്പായവും ധരിക്കാറുണ്ട്.