നന്തുണിപ്പാട്ട്

തനി കേരളീയമായ വാദ്യോപകരണമാണ് നന്തുണി. നന്തുര്‍ണ്ണിയെന്നും നംധ്വനിയെന്നും വിളിക്കാറുണ്ട്. വീണപോലുള്ള തന്ത്രി വാദ്യമായ നന്തുണി രണ്ടു തന്ത്രിയുള്ള വാദ്യമാണ്. ഒരേ ഉപകരണത്തില്‍ ശ്രുതിയും താളവും മേളിക്കുന്നു എന്ന സവിശേഷത നന്തുണിക്കുണ്ട്.

നന്തുണി ഉപയോഗിച്ചുള്ള പാട്ടാണ് നന്തുണിപ്പാട്ട്. നന്തുണിപ്പാട്ടിന്  വ്യാഴംപാട്ട് എന്നും പറയും. ഭദ്രകാളീക്ഷേത്രങ്ങളിലാണ് നന്തുണി പ്രധാനമായും ഉപയോഗിക്കുന്നത്. കളമെഴുത്തു പാട്ടിന് കുറുപ്പന്മാരും തെയ്യമ്പാടികളും നന്തുണി ഉപയോഗിക്കാറുണ്ട്. മദ്ധ്യകേരളത്തിലെ മണ്ണാന്‍ ഭഗവതിക്കളമെഴുത്തിനും തോറ്റത്തിനും നന്തുണിയാണ് ഉപയോഗിക്കുന്നത്. ദക്ഷിണ കേരളത്തിലെ ദേവീക്ഷേത്രങ്ങളില്‍ കളമെഴുത്തുപാട്ട് അഥവാ കളമ്പാട്ട് നടത്തുമ്പോഴും ദേവീസ്തുതീപരമായ പാട്ടുകള്‍ പാടുന്ന അവസരങ്ങളിലും ശ്രുതി വാദ്യമായി ഉപയോഗിച്ചിരുന്നതും നന്തുണിയാണ്. തെക്കന്‍ കേരളത്തിലെ തമ്പുരാന്‍പാട്ടിനും നന്തുണി ഉപയോഗിക്കും. ഈ പ്രദേശങ്ങളില്‍ സര്‍പ്പക്കാവുകളില്‍ ഊട്ടുംപാട്ട് നടത്തുമ്പോള്‍ ഗണിയാര്‍ നന്തുണിയാണ് ഉപയോഗിക്കുന്നത്. കാളിത്തോറ്റത്തിനും തമ്പുരാന്‍പാട്ടിനും നന്തുണിയാണ് വാദ്യം.

നന്തുണിപ്പാട്ടിന് നാല് ശീലുകള്‍ ഉപയോഗിച്ചു വരുന്നുണ്ട്. നാലാംശീല്, ഏറുശീല്, ആനത്തൂക്കം, അമ്മിണിച്ചായ എന്നിവയാണിവ. അനുഷ്ഠാനപരമായ സംഗീതത്തിന് യോജിച്ച നാദത്തോടു കൂടിയ നന്തുണി കേരളത്തിലെ ഗ്രാമീണ സംഗീതപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നു.